June 26, 2026 |
Share on

യാത്രകളിലെ രാഷ്ട്രീയം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 7

യാത്രകള്‍ക്ക് രാഷ്ട്രീയമുണ്ട്. ലോകചരിത്രത്തില്‍ എത്രയോ യാത്രകള്‍ ചരിത്രം മാറ്റി മറിച്ചതായി കാണാം. പദയാത്രകളും യാത്രകള്‍ തന്നെയാണ്. രാഷ്ട്ര സേവനത്തില്‍ എപ്പോഴും പദയാത്രകള്‍ക്ക് വലിയ പങ്കുണ്ട്. പദയാത്രകള്‍ ഒരു പരീക്ഷണമാണ്. ജനങ്ങളെ ഒന്നിപ്പിക്കുവാന്‍ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ദീര്‍ഘദൂര പദയാത്രകള്‍ എത്രയോ നടത്തിയിരിക്കുന്നു. ഈ പദയാത്രകള്‍ ഒക്കെ വന്‍വിജയം കണ്ടിട്ടുണ്ട് എന്നുള്ളതാണ് ചരിത്രം പറയുന്നത്. ദീര്‍ഘദൂര പദയാത്രകള്‍ ലോക ഭൂപടത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ടെന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. ദീര്‍ഘദൂര പദയാത്ര നയിച്ചവര്‍ രാഷ്ട്രീയ പ്രതാപത്തോടെ രാജ്യം ഭരിക്കുന്ന കാഴ്ചയും നാം കണ്ടതാണ്. രാജ്യത്തിനകത്തും പുറത്തും ദീര്‍ഘ ദൂരപദയാത്രകള്‍ തീര്‍ത്ത രാഷ്ട്രീയ വിജയങ്ങള്‍ ചരിത്രങ്ങളിലുണ്ട്.politics in travels 

1934 ഒക്ടോബര്‍ 16ന് 4000 മൈല്‍ ദൂരം താണ്ടിയ ലോങ്ങ് മാര്‍ച്ചില്‍ മാവോ സേ തൂങ്ങ് നേതൃനിരയിലെ ഒരംഗം മാത്രമായിരുന്നു. യുദ്ധചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നായിരുന്നു് ലോങ്ങ് മാര്‍ച്ച്. ചൈനീസ് കമ്മ്യൂണിസ്റ്റുകളുടെ അനിഷേധ്യ നേതാവായി മാവോ സേ തൂങ്ങിന്റെ ഉദയത്തിന് കാരണമായതും ലോങ്ങ് മാര്‍ച്ചാണ്. ഒരു ദശാബ്ദത്തോളം ജാപ്പനീസ് യുദ്ധത്തിന് ശേഷം, 1945-ല്‍ ചൈനീസ് ആഭ്യന്തരയുദ്ധം പുനരാരംഭിച്ചു. നാല് വര്‍ഷത്തിന് ശേഷം, ദേശീയവാദികള്‍ പരാജയപ്പെട്ടു, മാവോ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന പ്രഖ്യാപിച്ചു. 1949ല്‍ ചിയാങ്ങ്‌കൈഷക്ക് സ്ഥാനഭ്രഷ്ടനായത് മുതല്‍ 1976ല്‍ മരിക്കുന്നത് വരെ മാവോ ചൈനയെ നയിച്ചത് പില്‍ക്കാല ചരിത്രമാണ്.

Colombo

ഇന്ത്യയില്‍ മഹാത്മാഗാന്ധി നടത്തിയ ദീര്‍ഘ പദയാത്രകള്‍ പ്രശസ്തമാണ്. സമരങ്ങള്‍ക്കായും വിവിധ പ്രസ്ഥാനങ്ങള്‍ക്കായും പണ സമാഹരണത്തിനുമായൊക്കെ ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ യാത്രകള്‍ അനവധിയാണ്. നടന്നും ട്രെയിനിലുമൊക്കെയായി അദ്ദേഹം നൂറുകണക്കിന് യാത്രകളാണ് ഇന്ത്യയില്‍ നടത്തിയത്. രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും ഗാന്ധിജി യാത്ര നടത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രം ഗാന്ധിജി സന്ദര്‍ശിച്ചത് അഞ്ച് തവണയാണ്. ഓരോ യാത്രകള്‍ക്കും ഓരോ ലക്ഷ്യങ്ങളായിരുന്നു. 1930 മാര്‍ച്ച് 12ന് സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്ക് ഗാന്ധിജി നടത്തിയ 385 കിലോമീറ്റര്‍ മാര്‍ച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമര രംഗത്ത് വരുത്തിയ ആവേശം ചെറുതല്ല. ഗാന്ധിജി നടത്തിയ ദണ്ഡിയാത്ര രാജ്യത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് വലിയ ഇന്ധനമായി. അതൊക്കെക്കൊണ്ടാണ് ബ്രിട്ടീഷ് ഭരണകൂടത്തിന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കുവാന്‍ പ്രേരണ നല്‍കിയത് എന്നത് ഒരു സത്യാവസ്ഥയാണ്.

മഹാത്മാഗാന്ധിക്ക് ശേഷം ഒട്ടേറെ പദയാത്രകള്‍ നമ്മുടെ രാജ്യത്ത് നടക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ പതനത്തിന് കാരണമായി ജനത മുന്നേറ്റം ഉണ്ടായത് ഒരു പദയാത്രയിലൂടെയാണ്. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ സ്വഭാവമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കാരണം ജയപ്രകാശ് നാരായണന്റെ നേത്യത്വത്തില്‍ കര്‍ഷകരും വിദ്യാര്‍ത്ഥികളും സമരത്തിനിറങ്ങിയത് ചരിത്രമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ ജെ.പി പ്രക്ഷോഭത്തിന്റെ ഭാഗമായി. യുവാക്കളെ നയിച്ച് ജെ.പി ആരംഭിച്ച പ്രക്ഷോഭത്തില്‍ തൊഴിലാളികളും, ജനങ്ങളും പങ്കാളികളായി. 352 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ ഏകാധിപത്യ തേര്‍വാഴ്ച്ചയ്‌ക്കെതിരെ ജെ.പി രാജ്യത്താകമാനം സഞ്ചരിച്ച് പ്രക്ഷോഭം ശക്തമാക്കി. രാജ്യത്താകമാനം ജെപിയുടെ നേത്യത്വത്തില്‍ പദയാത്രകള്‍ ഇന്ദിരാ ഭരണത്തിനെതിരെ നടന്നു. രാജ്യത്താകമാനം കത്തിക്കയറിയ സമരത്തെ നേരിടാന്‍ ഇന്ദിര കൊണ്ടുവന്ന അടിയന്തരാവസ്ഥയ്ക്ക് പോലും രക്ഷിക്കാന്‍ സാധിച്ചില്ല. അധികാരത്തില്‍ നിന്ന് ഇന്ദിരയെ ജനതാ പ്രസ്ഥാനം പടിയിറക്കിയത് ചരിത്രമാണ്. ജനതാ സര്‍ക്കാരാണ് പിന്നീട് രാജ്യം ഭരിച്ചത്.

jagan mohan

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും, ദേശം പാര്‍ട്ടിയുടെ സ്ഥാപക നേതാവും, സിനിമ നടനുമായ എന്‍ ടി രാമറാവു 1982ല്‍ ഒരു ചൈതന്യ രഥയാത്ര സംഘടിപ്പിച്ചിരുന്നു. അന്ന് 40,000 കിലോമീറ്ററാണ് എന്‍.ടി. രാമറാവു രഥമുരുട്ടിയത്. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായിരുന്നു. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ടി രാമറാവു നടത്തിയ രഥയാത്രയുടെ ബലത്തില്‍ 294 സീറ്റില്‍ 202 സീറ്റുകള്‍ കരസ്ഥമാക്കിയത് ചരിത്രമാണ്.

ആന്ധ്രയിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി പദയാത്രകളോ വാഹനജാഥകളോ പതിവാണ്. ആന്ധ്രാപ്രദേശില്‍ അധികാരം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡി (വൈ.എസ്.ആര്‍.) 2003ല്‍ രണ്ടരമാസക്കാലമാണ് ഗ്രാമങ്ങളിലൂടെ പദയാത്ര നടത്തിയത്. 1500 കിലോമീറ്റര്‍ താണ്ടിയ ജാഥ വൈ.എസ്.ആറിനെ ജനപ്രിയനേതാവാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ അദ്ദേഹം അധികാരത്തില്‍വന്നു. ചരിത്രം സൃഷ്ടിച്ച ആ യാത്രയുടെ കഥയാണ് മമ്മൂട്ടി നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം യാത്ര.

എം ടി രാമറാവുവില്‍ നിന്ന് കോണ്‍ഗ്രസിന് അധികാരം തിരിച്ചുപിടിക്കാനാണ് വൈഎസ്ആര്‍ തന്റെ ആന്ധ്രപ്രദേശിലെ യാത്ര കൊണ്ട് ലക്ഷ്യമിട്ടത്. അദ്ദേഹം അതില്‍ വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രപ്രദേശില്‍ തന്നെ 2018 ല്‍ യാത്ര നടത്തി. പ്രജാസങ്കല്പ യാത്ര എന്ന പേരില്‍ ജഗന്‍ മോഹന്‍ റെഡ്ഡി നടത്തിയത് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ശക്തിപിടിപ്പിക്കാന്‍ ആയിരുന്നില്ല. പിതാവിന്റെ മരണശേഷം കോണ്‍ഗ്രസിന് ബദലായി രൂപംകൊടുത്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുവാനായിരുന്നു പ്രജാസങ്കല്പ യാത്ര നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 175 സീറ്റുകളില്‍ 151 സീറ്റുകള്‍ നേടിയാണ് ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് അധികാരം ഏല്‍പ്പിച്ചത്.

rahul

രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയം കര്‍ഷകര്‍ ഒരു സമരം നടത്തിയിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ നേത്യത്വത്തില്‍ കര്‍ഷകര്‍ ട്രാക്ടറും, കാളവണ്ടിയും, സൈക്കിളുമായി ഡല്‍ഹിയിലെ പാര്‍ലമെന്റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയില്‍ എത്തി. അന്ന് മ്യഗീയ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ സിരാകേന്ദ്രമായ ബോട്ട് ക്ലബില്‍ എത്തി. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്റെ സംഭരണ വില കൂട്ടിയതില്‍ നടപടി, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍.

ഭൂപ്രഭുക്കന്‍മാരായ കര്‍ഷകര്‍, അധികാര മോഹികളായ കര്‍ഷകര്‍, വിദേശ പിന്തുണയോടെ രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം, പാക്കിസ്ഥാന്‍ പിന്തുണ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കോണ്‍ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷേ വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റുകയായിരുന്നു. 1988ലെ കര്‍ഷക സമരത്തിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്ട്രീയ തിരിച്ചടിയേറ്റു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. വി.പി. സിംഗ് അധികാരത്തില്‍ എത്തുന്നത് ഇവിടെ നിന്നാണ്.

സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പദയാത്രയായിരുന്നു ഭാരതയാത്ര. 4260 കിലോമീറ്റര്‍ തണ്ടിയ ഭാരത യാത്രയ്ക്ക് എസ് ചന്ദ്രശേഖര്‍ തുടക്കമിട്ടത് ചരിത്രത്തിലെ പ്രധാന ഏടുകളില്‍ ഒന്നാണ്. 1983 ജനുവരി ആറിന് തുടക്കമിട്ട യാത്രയില്‍ അദ്ദേഹം ഗ്രാമങ്ങളില്‍ താമസിച്ചും, ജനങ്ങളുമായി ആശയങ്ങള്‍ കൈമാറിയുമാണ് മുന്നേറിയത്. അദ്ദേഹത്തിന്റെ ജനപ്രീതിക്കും പിന്തുണ വര്‍ദ്ധിപ്പിക്കാനും പദയാത്ര കാരണമായി. അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാകുവാന്‍ വരെ അത് കാരണമായി എന്നുള്ളതും ചരിത്ര സത്യമാണ്. 1991 നവംബര്‍ 10ന് എസ്. ചന്ദ്രശേഖര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ എല്‍ കെ അദ്വാനി അയോദ്ധ്യയിലേക്ക് നടത്തിയ രഥയാത്രയായിരുന്നു മുഖ്യ കാരണം. 1991 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്വാനി തന്റെ രഥയാത്ര ആരംഭിക്കുന്നത്. 1990 സെപ്തംബര്‍ 25ന് സോമനാഥില്‍ നിന്ന് ആരംഭിച്ച് ഒക്ടോബര്‍ 30ന് അയോധ്യയില്‍ സമാപിക്കാനാണ് ഈ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ഈ യാത്ര സമസ്തിപൂരില്‍ തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1991ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ബിജെപിയുടെ വളര്‍ച്ച വ്യക്തമാകും.

ബിജെപിയാണ് സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ യാത്രകള്‍ നടത്തിയത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിജെപിയുടെ പ്രധാന യാത്രകളിലൊന്നാണ് ഏകതായാത്ര. 1991 ഡിസംബര്‍ 11ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് 14 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 1992 ജനുവരി 26-ന് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ അവസാനിച്ചതായിരുന്നു അത്. മുരളി മനോഹര്‍ ജോഷിയാണ് ഈ യാത്ര നയിച്ചത്. നരേന്ദ്ര മോദി ഈ യാത്രയിലെ സജീവ പങ്കാളിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. 2011 ല്‍ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആരംഭിക്കുകയും 8 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 2012 ജനുവരി 26ന് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സമാപിക്കുകയും ചെയ്ത രണ്ടാമത്തെ ഏകതാ യാത്രയും പ്രശസ്തമാണ്. ബിജെപി സംഘടിപ്പിച്ച ഈ യാത്രകളെല്ലാം തന്നെ രാഷ്ട്രീയലാഭം കൊയ്യാന്‍ ബിജെപിക്ക് സാധിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പിടിച്ചടക്കുന്നതിന് അരവിന്ദ് കേജ്‌രിവാള്‍ എടുത്ത തന്ത്രവും പദയാത്ര തന്നെയായിരുന്നു. നമ്മുടെ നാട്ടിലെ ഓരോ ഗ്രാമവും പട്ടണവും പോലെയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍. ഡല്‍ഹിയിലെ ഒട്ടുമിക്ക അപ്പാര്‍ട്ട്‌മെന്റുകളിലൂടെയും അരവിന്ദ് കേജ്‌രിവാള്‍ പദയാത്ര നടത്തിയിട്ടുണ്ട്. ആ പദയാത്രകളുടെ ഫലമായിട്ടാണ് കേജ്‌രിവാളിന് രാജ്യതലസ്ഥാനത്ത് മൃഗീയ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കി വിജയിപ്പിച്ചത്. പദയാത്രയിലൂടെ കേജ്‌രിവാള്‍ ഡല്‍ഹിയിലെ ഭൂരിപക്ഷം വോട്ടര്‍മാരെ നേരില്‍ കണ്ടത് കൊണ്ടാണ്. അതുവഴി ജനങ്ങളുടെ വിശ്വാസ്യത സ്വന്തമാക്കി. ഇത് തന്നെയാണ് കേജ്‌രിവാളിന്റെ വിജയ രഹസ്യവും.

farmers

പശ്ചിമബംഗാളില്‍ 33 വര്‍ഷത്തെ ഇടതുമുന്നണി ഭരണം തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി നടത്തിയ പദയാത്രകളുടെ പിന്‍ബലത്തില്‍ തന്നെയാണ് അത് സാധ്യമായത്. തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തുടനീളം നിരവധി പദയാത്രകള്‍ മമതാ ബാനര്‍ജി നടത്തിയത് ബംഗാളിന്റെ രാഷ്ട്രീയ ചരിത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ നടത്തിയ ചടുലമായ ജനകീയ ഇടപെടലായിരുന്നു പദയാത്ര. പദയാത്രകളിലൂടെ മമതയ്ക്ക് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാനും അവരില്‍ ഒരാളായി മാറുവാനും സാധിച്ചു. 294 നിയമസഭാ മണ്ഡലങ്ങളില്‍ 227 സീറ്റുകളും ജയിച്ചാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മില്‍ നിന്നും ഭരണം പിടിക്കുന്നത്.

സിപിഎമ്മിന്റെ അഖിലേന്ത്യാ കിസാന്‍സഭയുടെ നേത്യത്വത്തില്‍ നടന്ന മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് പ്രശസ്തമാണ്. മലയാളിയായ കര്‍ഷക നേതാവ് ഡോ. വിജു കൃഷ്ണന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടത്തിയ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് 2018 മാര്‍ച്ച് 6ന് നാസിക്കില്‍ നിന്നാണ് ആരംഭിക്കുന്നത്. കാല്‍ലക്ഷത്തോളം കര്‍ഷകരായിരുന്നു അന്ന് ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത്. വരള്‍ച്ചയും, വിളത്തകര്‍ച്ചയും, വിലത്തകര്‍ച്ചയും മൂലം പൊറുതിമുട്ടിയ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയ ലോങ്ങ് മാര്‍ച്ച് പിന്നീട് നടന്ന പ്രസിദ്ധമായ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരത്തിന്റെ പ്രചോദനമായി മാറി.

കേരളത്തില്‍ മഞ്ചേശ്വരം തൊട്ട് തിരുവനന്തപുരം വരെ എല്ലാ പാര്‍ട്ടികളും മുന്നണിയും കേരളപര്യടനം നടത്തുന്നത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. രാഷ്ട്രീയനേട്ടങ്ങള്‍ക്ക് യാത്രകള്‍ ഒരു കാരണമാണ് എന്ന തിരിച്ചറിവാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഇത്തരത്തിലുള്ള യാത്രയ്ക്ക് പ്രേരകശക്തി. കേരളത്തില്‍ പ്രാദേശിക തലത്തില്‍ പോലും വാര്‍ഡുകളിലൂടെയുള്ള പദയാത്രകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നുണ്ട്. വോട്ടര്‍മാര്‍ക്ക് ഇടയിലേക്ക് രാഷ്ട്രീയ ആശയങ്ങള്‍ എത്തിക്കുന്നു എന്നതാണ് ഇത്തരം പദയാത്രകള്‍ കൊണ്ട് ഓരോ രാഷ്ട്രീയപാര്‍ട്ടിയും ലക്ഷ്യംവെക്കുന്നത്.

2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2016 അവസാനം 26 ദിവസം നീണ്ട ഒരു യാത്ര രാഹുല്‍ ഗാന്ധി നടത്തുകയുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന നേതാവായി ചുവടുവയ്ക്കുന്നതിന്റെ തുടക്കമായി ഇതിനെ നമുക്ക് കാണാം. കടക്കെണിയില്‍ ആയ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്ന മുദ്രാവാക്യത്തോടെ കിസാന്‍ ജാഥയാണ് അന്ന് രാഹുല്‍ നയിച്ചത്. രാഷ്ട്രീയമായ മെച്ചം അന്ന് കോണ്‍ഗ്രസിന് ലഭിച്ചില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി 2023ല്‍ ഭാരത് ജോഡോ യാത്ര നടത്തിയത് വിജയമായിരുന്നു. തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസിനെ ഉണര്‍ത്തുവാന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് സാധിച്ചു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ അതിന്റെ ഫലം കാണാവുന്നതാണ്.politics in travels 

Content Summary: politics in travels

 

ബാബു പണിക്കര്‍

ബാബു പണിക്കര്‍

പണിക്കേഴ്‌സ് ട്രാവല്‍സ് സിഇഒ ആണ് ബാബു പണിക്കര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×