കേരള രാഷ്ട്രീയത്തില്‍ അസാധ്യമായതിനെ സാധ്യമാക്കിയ ഒരു നായകന്റെ ഉദയമാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അടിവരയിടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന സതീശന്റെ വെല്ലുവിളി തുടക്കത്തില്‍ കോണ്‍ഗ്രസ് പാളയത്തില്‍ പോലും സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. എന്നാല്‍, വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 102 സീറ്റുകള്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡ് നേട്ടവുമായി സതീശന്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരിക്കുകയാണ്. ഈ വിജയത്തോടെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഏറ്റവും ശക്തനായ അവകാശിയായി 61-കാരനായ വി.ഡി. സതീശന്‍ മാറിയിരിക്കുന്നു.
തന്റെ തട്ടകമായ പറവൂരില്‍ നിന്ന് തുടര്‍ച്ചയായ ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ട സതീശന്‍, ഒരു ജനകീയ നേതാവ് എന്ന നിലയിലുള്ള തന്റെ സ്വാധീനം ഒരിക്കല്‍ കൂടി തെളിയിച്ചു. 2021-ലെ കനത്ത പരാജയത്തിന് പിന്നാലെ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് രണ്ടാമതും അധികാരത്തില്‍ വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചത്. പാര്‍ട്ടിക്കുള്ളിലെ തലമുറ മാറ്റത്തിന്റെ ഭാഗമായിരുന്നു ആ തീരുമാനം. തകര്‍ന്നടിഞ്ഞ പ്രവര്‍ത്തകരുടെ ആത്മവീര്യം വീണ്ടെടുക്കുക എന്ന അതീവ ദുഷ്‌കരമായ ദൗത്യമായിരുന്നു അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്.
ഫെബ്രുവരിയില്‍ അദ്ദേഹം നടത്തിയ കേരള പര്യടനം പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ സജ്ജമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ബൂത്ത് കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിക്കുകയും മുതിര്‍ന്ന നേതാക്കള്‍ക്ക് നേരിട്ട് ചുമതലകള്‍ നല്‍കുകയും ചെയ്തുകൊണ്ട് പാര്‍ട്ടി സംവിധാനത്തെ അദ്ദേഹം അടിമുടി പരിഷ്‌കരിച്ചു. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുകളിലെ വിജയങ്ങളും, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും നേടിയ മുന്നേറ്റങ്ങളും സതീശന്റെ നേതൃപാഠവത്തിന്റെ മികച്ച ഉദാഹരണങ്ങളായിരുന്നു. മറ്റുള്ള നേതാക്കള്‍ സ്വന്തം മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ചപ്പോള്‍, സതീശന്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് മുന്നണിയെ നയിച്ചു.
സതീശന്റെ രാഷ്ട്രീയ നിലപാടുകള്‍ എപ്പോഴും വിട്ടുവീഴ്ചയില്ലാത്തതായിരുന്നു. അത് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെയാണെങ്കിലും. വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ അദ്ദേഹം സ്വീകരിച്ച ശക്തമായ മതേതര നിലപാട് പലപ്പോഴും പ്രബലരായ സമുദായ നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. മറുവശത്ത് ഭരണപക്ഷം കൂടെ ചേര്‍ത്ത് പിടിച്ച സാമുദായിക നേതാക്കളെ സതീശന്‍ അവഗണിച്ചു. അതിന്റെ പ്രതിഷേധം ആക്ഷേപങ്ങളായി തനിക്കെതിരേ ഉയര്‍ന്നപ്പോഴും സതീശന്‍ പതറിയില്ല. അയാള്‍ വിശ്വസിച്ചത് തന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു.
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദഗ്ധര്‍ എന്നിവരെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ ‘സോഷ്യല്‍ എന്‍ജിനീയറിങ്’ തന്ത്രങ്ങള്‍ക്ക് സാധിച്ചു. സിപിഎമ്മിന്റെ പ്രധാനികളായിരുന്നവര്‍ പാര്‍ട്ടി വിട്ടപ്പോള്‍ അവരെ കൃത്യമായി ഉപയോഗിക്കാനും സതീശന് സാധിച്ചു. തളിപ്പറമ്പയിലും, പയ്യന്നൂരും, അമ്പലപ്പുഴയിലും ഉണ്ടായ തോല്‍വി സിപിഎമ്മിനെ സംബന്ധിച്ച് സമാനതകളില്ലാത്ത ആഘാതമാണ്. അവിടെയും വിജയം സതീശന്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞനാണ്.
ഫലം വന്ന ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സതീശന്‍ പറയുന്നുണ്ട്, താന്‍ പിണറായി വിജയനെ പഠിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന്. എങ്ങനെയാണ് പിണറായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ചത്, അദ്ദേഹം നല്ലൊരു ടീമിനെ ഉണ്ടാക്കിയിരുന്നു. രണ്ടാം സര്‍ക്കാരില്‍ പിണറായി പരാജയപ്പെട്ടതും ഒരു ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയാതിരുന്നിടത്താണ്. സതീശന്‍ വിജയച്ചത്, ഒരു നല്ല ടീമിനെ സൃഷ്ടിച്ചിടത്തും. ഈ വെളിപ്പെടുത്തല്‍ തന്നെയാണ് ഒരു പ്രായോഗിക രാഷ്ട്രീയക്കാരന്‍ സതീശനില്‍ ഉണ്ടെന്നതിന്റെ തെളിവ്.
നിയമസഭയ്ക്കുള്ളിലെ മികച്ച വാഗ്മി എന്ന നിലയില്‍ ഇടതുസര്‍ക്കാരിന്റെ വികസന അവകാശവാദങ്ങളെ വസ്തുതകള്‍ നിരത്തി ചോദ്യം ചെയ്തത് അദ്ദേഹത്തെ പ്രതിപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമാക്കി മാറ്റി. സതീശന്‍ എപ്പോഴും ഭരണപക്ഷത്തിന്റെ പ്രധാന ടാര്‍ഗറ്റായിരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും വിധേയമായി. എന്നാല്‍ അയാള്‍ ഒരു പോരാളിയെ പോലെ പ്രതിരോധിച്ചു. രമേശ് ചെന്നിത്തലയെ പോലുള്ളവര്‍ക്ക് പരാജയം സംഭവിച്ചതും അവിടെയായിരുന്നു. സതീശന്‍ അഗ്രസ്സീവായൊരു അറ്റാക്കര്‍ ആയിരുന്നു. അയാള്‍ കളത്തില്‍ കയറി കളിച്ചു കൊണ്ടിരുന്നു. എതിരാളികളെ വെട്ടിയൊഴിഞ്ഞു എതിര്‍ ഗോള്‍ മുഖത്ത് അയാള്‍ നിരന്തരം ഭീഷണി ഉയര്‍ത്തി. പിന്നില്‍ നിന്ന കളിക്കാര്‍ക്കും ഗാലറിയില്‍ ഉണ്ടായിരുന്ന കാണികള്‍ക്കും അവേശം പകര്‍ന്നു.
പ്രതിപക്ഷ നേതാവ് എന്നാല്‍ സഭയില്‍ ബഹളം വയ്ക്കാനും വാക്ക് ഔട്ട് നടത്താനും മാത്രമുള്ള പദവിയല്ലെന്നും, പണിയൊന്നും എടുത്തില്ലെങ്കിലും അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ട്രഷറി ബഞ്ചിലേക്ക് സ്വഭാവികമായും മാറാന്‍ കഴിയുമെന്ന വിശ്വസിക്കേണ്ടതില്ലെന്നും സതീശന് അറിയാമായിരുന്നു. വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ ഇത്രയേറേ സജീവമായൊരു പ്രതിപക്ഷ നേതാവ് സതീശന്‍ അല്ലാതെ മറ്റൊരാളുണ്ടായിട്ടില്ല.
എന്‍.എസ്.യു.ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന സതീശന്‍ എന്നും പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായിരുന്നു. 2011-16 കാലഘട്ടത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിവാദങ്ങളില്‍ പെട്ടപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അദ്ദേഹം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. പരിസ്ഥിതി രാഷ്ട്രീയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മെറിറ്റ് തുടങ്ങിയ ആശയങ്ങള്‍ക്കായി അദ്ദേഹം നിരന്തരം നിലകൊണ്ടു. രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും വായനയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അദ്ദേഹം ഒരു വായനക്കാരന്‍ കൂടിയാണ്. 2025-ല്‍ മാത്രം അദ്ദേഹം വായിച്ചുതീര്‍ത്ത 60 പുസ്തകങ്ങളുടെ പട്ടിക അദ്ദേഹത്തിന്റെ വൈജ്ഞാനിക താല്പര്യത്തിന്റെ തെളിവാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വി.ഡി. സതീശന്‍ എന്ന നേതാവ് ഇന്നു യു.ഡി.എഫിന്റെ അനിഷേധ്യനായ നായകനായി മാറിയിരിക്കുന്നു.
സതീശന്‍ ജയിച്ചിരിക്കുന്നത് എതിര്‍ പാര്‍ട്ടിയിലെ എതിരാളികളെ മാത്രമല്ല, സ്വന്തം പാളയത്തില്‍ ഉള്ളവരെ കൂടിയാണ്. ഈ മിന്നും വിജയം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കൂട്ടായ വിജയം തന്നെയാണെങ്കിലും അതിന്റെയെല്ലാം നായകത്വം വി ഡി സതീശന് തന്നെയാണെന്നതില്‍ സംശയമില്ല. യാതൊരു ഉപാധികളുമില്ലാതെ വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദം അര്‍ഹിക്കുന്നുണ്ട്.
Content Summary: V D Satheesan, the architect of UDF’s historic win in the 2026 Kerala Assembly elections. He emerged as a top CM contender.
This post was last modified on May 5, 2026 5:00 pm
Leave a Comment