April 20, 2025 |
Share on

15-വയസ്സുകാരി ക്ലാര, അന്ധനും മൂകനുമായ കുക്കിന് മാലാഖയാണ്!

ടിം കുക്ക് എന്ന അന്ധനും മൂകനുമായ യാത്രക്കാരനെ സഹായിക്കാനുള്ള ആളെ തേടുകയായിരുന്നു ഫ്ളൈറ്റ് അറ്റന്‍ഡന്റ്

ക്ലാര ഡാലി എന്ന 15 വയസ്സുകാരിക്ക് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. ബോസ്റ്റണില്‍ നിന്ന് ലോസ് എയ്ഞ്ചെല്‍സിലേക്ക് പറന്ന അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിലാണ് അമ്മ ജെയ്നിനൊപ്പം സഞ്ചരിക്കുകയായിരുന്നു ക്ലാര. ആറ് മണിക്കൂറത്തെ വിമാനയാത്രയ്ക്കിടയില്‍ പോര്‍ട്ട്ലാന്‍ഡ്, ഒറേഗാന്‍ എന്നിയിടങ്ങളില്‍ വിമാനം നിര്‍ത്തിയിരുന്നു. ഇതിനിടിയില്‍ ക്ലാര, ആംഗ്യഭാഷ ഉപയോഗിച്ച് വിമാനത്തിലുണ്ടായിരുന്ന അന്ധനും മൂകനുമായ ഒരു യാത്രക്കാരനെ സഹായിച്ചു. കൈകള്‍ കൊണ്ട് അക്ഷരങ്ങള്‍ ഉണ്ടാക്കി അദ്ദേഹത്തിന് വായിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു സംഭാഷണം.

വിമാനത്തിന്റെ സ്പീക്കറിലൂടെ ഫ്ളൈറ്റ് അറ്റന്‍ഡന്റ് ആര്‍ക്കെങ്കിലും ആംഗ്യഭാഷ അറിയുമോ എന്ന് അന്വേഷിച്ചു. ചോദ്യം കേട്ട ഉടനെ അമേരിക്കന്‍ സൈന്‍ ലാഗ്വേജ് കമ്മ്യൂണിക്കേഷന്‍ ടെക്നിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാര ഉടന്‍ തന്നെ കോള്‍ ബട്ടണ്‍ അമര്‍ത്തി. ടിം കുക്ക് എന്ന അന്ധനും മൂകനുമായ യാത്രക്കാരനെ സഹായിക്കാനുള്ള ആളെ തേടുകയായിരുന്നു ഫ്ളൈറ്റ് അറ്റന്‍ഡന്റ്. ബോസ്റ്റണില്‍ സഹോദരിയുടെ അടുത്ത് നിന്ന് തിരികെ പോര്‍ട്ട്ലാന്‍ഡിലേക്ക് പോവുകയായിരുന്നു അദ്ദേഹം. കൈകള്‍ കൊണ്ട് അക്ഷരങ്ങള്‍ ഉണ്ടാക്കി അദ്ദേഹത്തിന് വായിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു കുക്കിനെ യാത്രയിലുടനീളം ക്ലാര സഹായിച്ചത്.

‘ഞാന്‍ മൂന്ന് തവണ കൂക്കിന്റെ അടുത്ത് പോയി. ആദ്യ തവണ വെള്ളം നല്‍കാന്‍, രണ്ടാം തവണ സമയം പറയാനും, അവസാനത്തെ ഒരു മണിക്കൂര്‍ അദ്ദേഹവുമായി സംസാരിച്ചിരിക്കാനും’ – ക്ലാര പറഞ്ഞു. സംസാരത്തിലൂടെ കൂക്ക് ഒരു സെയില്‍സ്മാന്‍ ആണെന്ന് ക്ലാരയ്ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. കൂക്ക് ക്ലാരയുടെ ജീവിതത്തെ കുറിച്ചും അന്വേഷിച്ചു. ഞങ്ങള്‍ മസാച്ചുസെറ്റ്സിലുള്ള ഞങ്ങളുടെ കുടുംബത്തെ കുറിച്ച് സംസാരിച്ചു. അദ്ദേഹം എന്റെ ഭാവി പരിപാടികള്‍ എന്തൊക്കെയെന്ന് അന്വേഷിക്കുകയും ചെയ്തുവെന്ന് ക്ലാര പറഞ്ഞു.

ക്ലാരയുടെ ഈ പുണ്യപ്രവര്‍ത്തി എല്ലാവരും ശ്രദ്ധിച്ചിരുന്നു. ലേനെറ്റ് സ്‌ക്രിബ്നെര്‍ എന്ന യാത്രക്കാരന്‍ ക്ലാര, കുക്കുമായി സംസാരിച്ചു കൊണ്ടിരുന്ന നിമിഷങ്ങളുടെ ചിത്രമെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 500,000 തവണ ഇത് ഷെയര്‍ ചെയ്യപ്പെട്ടു. ആളുകളെ സഹായിക്കുന്ന നല്ല മനുഷ്യര്‍ ഇപ്പോഴുമുണ്ടെന്ന് ഈ പോസ്റ്റിന് അടിയില്‍ സ്‌ക്രിബ്നെര്‍ എഴുതി.

അലാസ്‌ക എയര്‍ലൈന്‍സും ക്ലാരയെ പറ്റി ഒരു ബ്ലോഗില്‍ എഴുതി. ” ഒരാളെ സംസാരിക്കാന്‍ കിട്ടിയ സന്തോഷത്തിലായിരുന്നു കുക്ക്. ക്ലാര ഒരു മാലാഖയായിരുന്നുവെന്നാണ് അലാസ്‌കയുടെ ബ്ലോഗിലെ കുറിപ്പ്. പോര്‍ട്ട്ലാന്‍ഡില്‍ വിമാനം ഇറങ്ങിയപ്പോള്‍ കൂക്കിനെ ഒരു സര്‍വ്വീസ് പ്രൊവൈഡര്‍ വന്ന് കൂട്ടിക്കൊണ്ടു പോയി.

വായിക്കാനും എഴുതാനും ക്ലാരയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ട് ഒരു വര്‍ഷം മുന്‍പാണ് ആംഗ്യഭാഷ പഠിക്കാന്‍ തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങള്‍ അവിശ്വസനീയമായിരുന്നുവെന്ന് കാലിഫോര്‍ണിയയിലെ കലാബസില്‍ താമസിക്കുന്ന ക്ലാര പറയുന്നു. പരസ്പരം സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും ക്ലാര കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

×