June 04, 2026 |
Share on

നിതാഖത്ത്: സൗദിയില്‍ പ്രവാസി ഉടമകള്‍ വ്യാപാരസ്ഥാപനങ്ങള്‍ ഒഴിഞ്ഞു പോയി തുടങ്ങി

നിലവില്‍ മലയാളികള്‍ കൂടുതല്‍ തൊഴിലെടുക്കുന്ന മേഖലകളിലാണ് സൗദിവത്കരണം ശക്തമായി നടപ്പിലാകാന്‍ പോകുന്നത്

സൗദിയില്‍ പന്ത്രണ്ട് മേഖലകളിലില്‍ പ്രഖ്യാപിച്ച സ്വദേശിവത്ക്കരണത്തിന് (നിതാഖത്ത്) ആറു ദിവസം മാത്രം ശേഷിക്കെ സൗദിയില്‍ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു. പൂട്ടിയിട്ടിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ കൂടുതലും പ്രവാസികളുടേതാണെന്നാണ് സൗദി പത്രമായ സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓട്ടോ മൊബൈല്‍, റെഡിമെയ്ഡ് വസ്ത്ര കടകള്‍, ഫര്‍ണിച്ചര്‍ സ്ഥാപനങ്ങള്‍, വീട്ടുസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയെല്ലാമാണ് അടഞ്ഞു കിടക്കുന്നത്. സൗദിവത്കരണം നടപ്പിലാക്കുന്നതിന് മുന്‍പ് പ്രവാസി ഉടമകള്‍ കടകള്‍ ഒഴിഞ്ഞു പോയിരിക്കുകയാണെന്ന് മറ്റ് വ്യാപാരികള്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

രണ്ടു മാസത്തിനുള്ളില്‍ കൂടുതല്‍ കടകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കടകളിലേക്ക് സൗദി ജീവനക്കാരെ എടുക്കണമെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ സാമൂഹിക വികസനവകുപ്പ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 11-നാണ് സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമാവുക. 12 മേഖലകളില്‍ 70 ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യം. നിലവില്‍ മലയാളികള്‍ കൂടുതല്‍ തൊഴിലെടുക്കുന്ന മേഖലകളിലാണ് സൗദിവത്കരണം ശക്തമായി നടപ്പിലാകാന്‍ പോകുന്നത്

Leave a Reply

Your email address will not be published. Required fields are marked *

×