April 17, 2025 |
Share on

ദുബായില്‍ മലയാളി നേഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പായിപ്പാട് സ്വദേശി ശാന്തി തോമസിനെ(30) യാണ് അപ്പാര്‍ട്ടുമെന്റിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബായിലെ കരാമയിലുള്ള അപ്പാര്‍ട്ടുമെന്റില്‍ മലയാളി നേഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി ശാന്തി തോമസിനെ(30) യാണ് അപ്പാര്‍ട്ടുമെന്റിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജോലി കഴിഞ്ഞ മടങ്ങിയെത്തിയപ്പോഴാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ക്ക് മൂന്നു വയസുള്ള ഒരു മകളുണ്ട്.

നാല് വര്‍ഷം മുമ്പ് വിവാഹിതയായ ശാന്തി രണ്ട് വര്‍ഷം മുമ്പാണ് ദുബായില്‍ ഭര്‍ത്താവിനോടൊപ്പം എത്തിയത്. ഇവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി ഇവരുടെ ഒരു സുഹൃത്ത് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. നേരത്തെ നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ ചോദ്യം ചെയ്തതായി അറിയുന്നു.

എന്നാല്‍ ശാന്തിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാവിലെയും മകളോട് സംസാരിച്ചതാണെന്ന് പിതാവ് രാജു പറഞ്ഞു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ശാന്തി മരിച്ച വിവരം ഭര്‍ത്താവിന്റെ സഹോദരന്‍ വീട്ടില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ആലപ്പുഴ തത്തംപള്ളി സ്വദേശി ആന്റണി ജോസഫാണ് ശാന്തിയുടെ ഭര്‍ത്താവ്.

Leave a Reply

Your email address will not be published. Required fields are marked *

×