April 20, 2025 |

എതിരാളികളെ പിന്നിലാക്കി പ്രീമിയര്‍ ലീഗ്; വരുമാനത്തില്‍ ബഹുദൂരം മുന്നില്‍

2023 സാമ്പത്തിക വർഷത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾ 7.1 ബില്യൺ യൂറോ വരുമാനമാണ് നേടിയത്

പ്രീമിയർ ലീ​ഗിന്റെ വരുമാനത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്. യുവേഫ പുറത്തുവിട്ട യൂറോപ്യൻ ക്ലബ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലാൻഡ്‌സ്‌കേപ്പിന്റെ വാർഷിക റിപ്പോർട്ടാണ് 2023 സാമ്പത്തിക വർഷത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ വരുമാനം  7.1 ബില്യൺ യൂറോ ആണെന്ന് വ്യക്തമാക്കിയത്. പ്രീമിയർ ലീ​ഗിന്റെ വരുമാനം ലാ​ ലി​ഗയെയും ബുണ്ടസ്ലി​ഗയെയും അപേക്ഷിച്ച് ഇരട്ടിയാണ്. മറ്റു മുൻനിര ലീഗുകളായ ലാ ലിഗയുടെയും ബുണ്ടസ്ലിഗയുടെയും വരുമാനം  യഥാക്രമം 3.7 ബില്യൺ യൂറോയും, 3.6 ബില്യൺ യൂറോയുമാണ്.

മൂന്ന് ലീഗുകളെയും കൂടി വിലയിരുത്തുമ്പോൾ മുഴുവൻ വരുമാനം 26.8 ബില്യൺ യൂറോ ആണ്, കോവിഡിന് മുമ്പുള്ളതിനേക്കാൾ 17 ശതമാനം കൂടുതലാണിത്. പ്രീമിയർ ലീഗിന്റെ നിലവിലെ ശരാശരി വരുമാനം ബുണ്ടസ്ലിഗയേക്കാൾ 60 ശതമാനം കൂടുതലും സീരി എ, ലാ ലിഗ എന്നിവയേക്കാൾ മൂന്നിരട്ടിയിലധികവുമാണ്. മത്സരം ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്തതിൽ നിന്ന് ലഭിച്ച പണമാണ് വരുമാനത്തിൽ കൂടുതലും. ഇതിന്റെ അടിസ്ഥാനത്തിൽ വരുംകാലങ്ങളിലെ പ്രക്ഷേപണരീതി മാറിയേക്കാം. 2023 വരെയുള്ള അഞ്ച് വർഷങ്ങളിൽ ആഭ്യന്തര പ്രക്ഷേപണത്തിൽ നിന്നുള്ള വരുമാനം 3 ശതമാനം വർദ്ധിച്ചിരുന്നു. വാണിജ്യ, സ്പോൺസർ, വരുമാനത്തിലെ വർദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കൂടുതലാണ്. 2024ലെ കണക്കു പ്രകാരം കഴിഞ്ഞ വർഷം ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം 11 ശതമാനമാണ് വർദ്ധിച്ചത്. പ്രീമിയം സീറ്റിംഗിൽ നിന്നുള്ള വരുമാനം ഇതിലൊരു പ്രധാന ഘടകമായിരുന്നു. കോവിഡിന് മുമ്പുള്ളതിനേക്കാൾ കാണികളുടെ തിരക്ക് 6 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ കളിക്കാരുടെ വേതനം അവരുടെ വരുമാനത്തിന്റെ ഏകദേശം 49 ശതമാനമാണ്. 2023ൽ കളിക്കാരുടെ വേതനത്തിൽ 3 ശതമാനം മാത്രമേ വർദ്ധനവുണ്ടായിട്ടുള്ളൂ. 2024ലെ കണക്കനുസരിച്ച് 4.5 ശതമാനവും. അടുത്ത സീസണിൽ വേതനത്തിനും ട്രാൻസ്ഫറുകൾക്കുമുള്ള ചെലവ് വരുമാനത്തിന്റെ 70 ശതമാനമായി പരിമിതപ്പെടുത്തും. ചെലവ് നിയന്ത്രണ നിയമങ്ങൾ രണ്ട് വർഷത്തിനുള്ളിൽ ക്രമേണ നടപ്പിലാക്കിയതിന് ശേഷം പ്രാബല്യത്തിൽ കൊണ്ടു വരാനാണ് യുവേഫയുടെ പദ്ധതി. കളിക്കാരല്ലാത്ത മറ്റ് അം​ഗങ്ങളുടെ വേതനവും 19 ശതമാനം വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്. യൂറോപ്പിലെ ടോപ്പ്-ഡിവിഷൻ ക്ലബ്ബുകളുടെ ‌മുഴുവൻ വേതനം 18 ബില്യൺ യൂറോയിൽ കൂടുതലാണ്.

2024 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച ചെൽസിയുടെ ടീമാണ് ഏറ്റവും ചെലവേറിയത്, അവരുടെ ട്രാൻസ്ഫർ ചെലവ് 1.66 ബില്യൺ ആണ്. 2020ൽ റയൽ മാഡ്രിഡ് ചെലവഴിച്ച തുകയേക്കാൾ കൂടുതലാണിത്. 1.33 മില്യൺ ഡോളറാണ് റയൽ മാഡ്രിഡ് ചിലവഴിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രീമിയർ ലീഗിലെ മൂന്ന് ക്ലബ്ബുകൾക്ക് 1 ബില്യൺ യൂറോ വിലയുള്ള സ്ക്വാഡുകൾ ഉണ്ടായിരുന്നു. 2023-24 വർഷത്തിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്ന 20 ക്ലബുകളുടെ പട്ടികയിൽ ഒമ്പത് ഇംഗ്ലീഷ് ക്ലബ്ബുകൾ ഇടം നേടിയത്. 2023ൽ ടിക്കറ്റ് വിൽപ്പനയിലൂടെ 100 മില്യൺ യൂറോ നേടിയ എട്ട് യൂറോപ്യൻ ടീമുകളിൽ ആഴ്‌സണൽ, യുണൈറ്റഡ്, ടോട്ടൻഹാം, ലിവർപൂൾ എന്നിവ ഉൾപ്പെടുന്നു.

content summary: Premier League revenues are nearly twice as high as those of La Liga and the Bundesliga.

Leave a Reply

Your email address will not be published. Required fields are marked *

×