ദേശീയ അവാര്‍ഡിന്റെ ഘടന അറിയാത്തവരാണു തനിക്കെതിരേ വിമര്‍ശനവുമായി വരുന്നതെന്നു ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായിരുന്ന പ്രിയദര്‍ശന്‍. മോഹന്‍ലാലിനും അക്ഷയ് കുമാറിനും അവാര്‍ഡ് കിട്ടിയത് അവര്‍ പ്രിയദര്‍ശന്റെ സുഹൃത്തുക്കളായിരുന്നു എന്നതരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു പ്രിയന്റെ മറുപടി. സിനിമയ്ക്കുള്ളില്‍ നിന്നു തന്നെ ഇത്തരത്തിലുള്ള കടുത്ത വിമര്‍ശനങ്ങള്‍ പ്രിയദര്‍ശന്‍ കേട്ടിരുന്നു. അവരോടും കൂടിയുള്ള മറുപടിയായാണു പ്രിയന്‍ അവാര്‍ഡ് നിര്‍ണയത്തിലെ വഴികളെ കുറിച്ച് പ്രതികരിച്ചത്.റീജനല്‍ ജൂറിയില്‍ നിന്നുളള പത്തുപേരും ചെയര്‍മാനായ താനും ചേര്‍ന്നതാണ് ജൂറി. സിനിമ, സാഹിത്യം, പത്രപ്രവര്‍ത്തനം, കല തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരാണിവര്‍. അവര്‍ക്കാര്‍ക്കും പ്രിയദര്‍ശന്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ട ആവശ്യമില്ല.
സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ചുപറയാം. വോട്ടിങ് വേണ്ടി വന്നാല്‍ പത്തുപേരാണ് ആദ്യം വോട്ട് ചെയ്യുന്നത്. അത് തുല്യമായാല്‍ മാത്രമെ ജൂറി ചെയര്‍മാന്‍ വോട്ടു ചെയ്യൂ. വോട്ടിങ് തുല്യമായാല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്ന് ആദ്യമെ ഞാന്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് കൊടുക്കാന്‍ ഞാന്‍ പറഞ്ഞാല്‍ അതേപടി അനുസരിക്കുന്ന ഏറാന്‍മൂളികളല്ല, ജൂറിയിലുളളവര്‍- പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി.
അക്ഷയ്കുമാറിനും മോഹന്‍ലാലിനും വേണ്ടി താന്‍ വോട്ട് ചെയ്തില്ലെന്നും പ്രിയന്‍ വ്യക്തമാക്കി. അക്ഷയ് കുമാറിനും മോഹന്‍ലാലിനും അവസാന റൗണ്ടില്‍ കിട്ടിയത് തുല്യവോട്ടുകളാണ്. താന്‍ കയറി വോട്ടുചെയ്ത് പ്രശ്‌നമുണ്ടാക്കേണ്ട എന്നുകരുതി വീണ്ടും ചര്‍ച്ച ചെയ്തു. മുന്‍പ് പലതവണ മോഹന്‍ലാല്‍ അവാര്‍ഡ് നേടിയത് കൊണ്ട് അക്ഷയ്കുമാറിന് മുന്‍തൂക്കം കിട്ടി. ജൂറിയിലുളളവര്‍ ഭൂരിഭാഗവും നമ്മളെപ്പോലെ മോഹന്‍ലാലിന്റെ അഭിനയ പാടവം കണ്ടിട്ടില്ല. പലരും ആദ്യമായാണ് അത് കാണുന്നത്. സ്വാഭാവികമായും അവര്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തതുമാകാം- പ്രിയദര്‍ശന്‍ വ്യക്തമാക്കി.