ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തുകയാണ്. വോട്ടര്‍മാരോട് നന്ദി പറയാന്‍. ലോക്‌സഭയില്‍ വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് മണ്ഡലത്തില്‍ എത്തുന്നത്. എംപിയുടെ ആദ്യ മണ്ഡല സന്ദര്‍ശം ആഘോഷമാക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ വിവിധയിടങ്ങളില്‍ സ്വീകരണങ്ങളും പൊതുയോഗങ്ങളും ഒരുക്കിയിട്ടുണ്ട്.
പാര്‍ട്ടിക്കാരും അണികളുമെല്ലാം വലിയ ആവേശത്തിലാണ്. ചരിത്രത്തില്‍ ആദ്യമായി വയനാട് മണ്ഡലത്തില്‍ പോളിംഗ് കുറഞ്ഞുവെങ്കിലും നാല് ലക്ഷത്തിലേറേ വോട്ടിന്റെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് പ്രിയങ്കയെ ജയിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് 52 കാരിയായ പ്രിയങ്ക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഇറങ്ങിയത്. വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നുവെങ്കിലും പാര്‍ലമെന്ററി സ്ഥാനത്തേക്ക് വരാനുള്ള വിമുഖതയിലായിരുന്നു അവര്‍. എന്നാല്‍ സഹോദരന്‍ രാഹുല്‍ ഗാന്ധി, റായ്ബറേലിയിലെ സീറ്റ് നിലനിര്‍ത്താനായി തന്റെ സിറ്റിംഗ് മണ്ഡലത്തെ രണ്ടാമൂഴത്തില്‍ കൈയൊഴിയാന്‍ നിര്‍ബന്ധിതനായതോടെയാണ് പ്രിയങ്ക വയനാട്ടിലേക്ക് എത്തുന്നത്.
രാഹുല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായി ഏകദേശം 20 വര്‍ഷത്തിനു ശേഷമാണ് പ്രിയങ്ക ഒരു തെരഞ്ഞെടുപ്പിന് തയ്യാറാകുന്നത്. അതിനവര്‍ തിരഞ്ഞെടുത്തത് വയനാട് ആണെന്നതാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെ ആവേശത്തിലാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വരവ് തന്നെ കേരളത്തിലെ പാര്‍ട്ടിക്ക് നല്‍കിയ മൈലേജ് വളരെ വലുതായിരുന്നു. ഇവിടുത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തന്നെ രാഹുലില്‍ കേന്ദ്രീകരിച്ചായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഫലം ചെയ്തില്ലെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കത് മുതലായി.
ഗാന്ധി കുടുംബത്തെ സംബന്ധിച്ച് ദക്ഷിണേന്ത്യ എന്നും അവര്‍ക്കൊരു സുരക്ഷിത താവളമായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാഷ്ട്രീയ നിഷ്‌കാസനം നേരിടേണ്ടി വന്ന സാക്ഷാല്‍ ഇന്ദിര ഗാന്ധിയും തിരിച്ചുവരവിനായി അഭയം തേടിയത് ദക്ഷിണേന്ത്യയെ ആയിരുന്നു. കര്‍ണാടകയിലെ ചിക്കമംഗ്ലൂരുവായിരുന്നു അവര്‍ തിരഞ്ഞെടുത്തത്. ‘നിങ്ങളുടെ വോട്ടുകള്‍ നിങ്ങളുടെയീ കൊച്ചുമകള്‍ക്ക് നല്‍കൂ’ എന്ന ഇന്ദിരയുടെ അപേക്ഷ ജനങ്ങള്‍ക്ക് മനസാലെ സ്വീകരിച്ചു. 1978 ഒക്ടോബറില്‍ നടന്ന ചിക്കമംഗ്ലൂരു ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇന്ദിര വീണ്ടും പാര്‍ലമെന്റില്‍ എത്തി. ഇന്ത്യ എന്നാല്‍ ഇന്ദിര എന്നായിരുന്നു. എന്നാല്‍ അതേ ഇന്ദിര ഗാന്ധിക്ക് രാഷ്ട്രീയ പുനര്‍ജന്മം നല്‍കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രണ്ടാം നിരയായി കാണക്കാക്കപ്പെടുന്ന ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലം വേണ്ടി വന്നു.
രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന സോണിയ ഗാന്ധിയെ ബിജെപി എതിരിട്ടത് അവരൊരു വിദേശിയാണെന്ന് ആക്ഷേപിച്ചായിരുന്നു. 1999 ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയ സോണിയ, തന്റെ ഭര്‍ത്താവിന്റെ മണ്ഡലമായ അമേഠിക്കൊപ്പം, കര്‍ണാകടയിലെ ബെല്ലാരിയിലും മത്സരിച്ചു. സോണിയയെ എതിരിടാന്‍ ബിജെപി നിയോഗിച്ചത്, അക്കാലത്ത് പാര്‍ട്ടിയിലെ തീപ്പൊരി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന സുക്ഷമ സ്വരാജിനെയായിരുന്നു. സ്വദേശി-വിദേശി താരതമ്യമായിരുന്നു തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമായും ഉയര്‍ത്തിയത്. പക്ഷേ ഗാന്ധി കുടുംബത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കാനായിരുന്നു ബെല്ലാരിയിലെ ജനത തയ്യാറായത്. അവര്‍ 56,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സോണിയയ്ക്ക് വിജയം നല്‍കി.
കോണ്‍ഗ്രസിന്റെ കുടുംബ മണ്ഡലമായ അമേഠിയിലാണ് രാഹുല്‍ ഗാന്ധി തോറ്റത്. കോണ്‍ഗ്രസിനെ അല്ലാതെ അമേഠിയിലെ ജനങ്ങള്‍ ആരെയും സ്വീകരിക്കില്ലെന്ന വിശ്വാസം തകര്‍ന്നപ്പോഴും, വയനാട് എന്ന ദക്ഷിണേന്ത്യന്‍ മണ്ഡലം ഗാന്ധി കുടുംബത്തോടുള്ള വിശ്വാസ്യത ഹൃദയം തുറന്ന് പ്രകടിപ്പിക്കുകയായിരുന്നു. രാഹുല്‍ രണ്ടാം വട്ടവും വയനാട്ടില്‍ മത്സരിക്കുമ്പോള്‍, വോട്ടര്‍മാര്‍ക്ക് അറിയാമായിരുന്നു റായ്ബറേലിയിലെ വിജയമായിരിക്കും അദ്ദേഹം നിലനിര്‍ത്തുകയെന്ന്. എങ്കിലും വയനാട്ടുകാര്‍ക്ക് രാഹുലിന് വോട്ട് ചെയ്യാന്‍ മാത്രമായിരുന്നു താത്പര്യം. രാഹുല്‍ മണ്ഡലം മാറിയപ്പോള്‍ പ്രിയങ്ക പകരം വന്നു, വയനാട്ടുകാര്‍ വീണ്ടും സന്തോഷത്തിലായി. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്, ഗാന്ധി കുടുബത്തിന് ദക്ഷിണേന്ത്യ എന്നും അഭയമാണ്.
പക്ഷേ, ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഈ വികാരപ്രകടനങ്ങള്‍ക്കിടയില്‍ കാണ്ടേതുണ്ട്. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ 100മത്തെ എംപിയായി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്, കോണ്‍ഗ്രസ് പാര്‍ട്ടി അതിദയനീയമായ തെരഞ്ഞെടുപ്പ് തോല്‍വി നേരിട്ടിരിക്കുന്ന അതേ സമയത്താണ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്കുണ്ടായത് ഏറ്റവും മോശമായ പരാജയമാണ്. ഹരിയാനയിലും അതേ ഗതിയായിരുന്നു. ജമ്മു കശ്മീരിലും പാര്‍ട്ടി നാണം കെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഗാന്ധി കുടുംബത്തിലെ മൂന്നുപേര്‍(പ്രിയങ്കയും രാഹലും ലോക്‌സഭയിലും സോണിയ ഗാന്ധി രാജ്യസഭയിലും) ഇതാദ്യമായാണ് ഒരുമിച്ച് വരുന്നത്. പാര്‍ലമെന്റിനകത്ത് ബിജെപിക്കെതിരായ പോരാട്ടത്തിന് ഈ ഒത്തുചേരല്‍ ശക്തി കൂട്ടുമായിരിക്കും, പക്ഷേ പുറത്തോ? അവിടെയാണ്, രാജസ്ഥാനും, മധ്യപ്രദേശും, മഹാരാഷ്ട്രയും, ഹരിയാനയും ജാര്‍ഖണ്ഡുമെല്ലാം കാണേണ്ടത്.
ബിജെപിക്കെതിരായ യുദ്ധം പാര്‍ലമെന്റിനകത്ത് മാത്രമല്ല വേണ്ടത്, യഥാര്‍ത്ഥ യുദ്ധം നടക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. എവിടെയെല്ലാം ബിജെപിയും കോണ്‍ഗ്രസും മുഖാമുഖം വരുന്നോ, അവിടെയാണ് പോരാട്ടം. അല്ലാതെ വയനാട്ടില്‍ വന്ന് ഇടതുപക്ഷത്തെ തോല്‍പ്പിക്കലല്ല, ഗാന്ധി കുടുംബം കാണിക്കേണ്ട ധീരത. ഉത്തരേന്ത്യയില്‍ ബിജെപിക്കെതിരേ എന്തു ചെയ്യാനാകുമെന്ന് തെളിയിക്കണം. അതിനായിരുന്നു പ്രിയങ്കയും തയ്യാറാകേണ്ടിയിരുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും പിന്നാലെ ഹരിയാനയിലും ഇപ്പോഴും മഹാരാഷ്ട്രയിലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പാക്കാന്‍ പ്രിയങ്കയ്ക്ക് കഴിയുമോ എന്നിടത്താണ് അവര്‍ ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം കാണിക്കേണ്ടിയിരുന്നത്. ഉത്തര്‍ പ്രദേശില്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അത് സമാജ് വാദി പാര്‍ട്ടിപോലെ ശക്തമായൊരു സഖ്യകക്ഷി കൂടെയുള്ളതുകൊണ്ടാണ്.
ദക്ഷിണേന്ത്യയില്‍ ശക്തിപ്പെട്ടതുകൊണ്ട് മാത്രം ഇന്ത്യ തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഹിന്ദി സംസാരിക്കുന്ന, ഉത്തരേന്ത്യന്‍ മണ്ണില്‍ നിന്ന് കിട്ടുന്ന 272 സീറ്റുകള്‍ കൊണ്ട് ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാന്‍ കഴിയും. ബിജെപി അതാണ് ചെയ്യുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുണ്ടോ? അത് തെളിയിക്കേണ്ടത്, വയനാട് പോലുള്ള മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചില്ലെന്നോര്‍ക്കണം പ്രിയങ്കയും കോണ്‍ഗ്രസും. Priyanka Gandhi Vadra Wayanad Bye-election victory and Congress North Indian challenges
Content Summary; Priyanka Gandhi Vadra Wayanad Bye-election victory and Congress North Indian challenges