നേപ്പാളിനെ അശാന്തമാക്കി രാജഭരണാനുകൂലികള്‍. മുന്‍ രാജാവ് ഗ്യാനേന്ദ്രയുടെ പിന്തുണക്കാര്‍ രാജ്യത്തെ അരക്ഷതിവാസ്ഥയിലേക്ക് തള്ളിയിടുകയാണ്. കഴിഞ്ഞ ദിവസം ഗ്യാനേന്ദ്രയുടെ അനുയായികളും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷം രണ്ട് ജീവനുകളാണെടുത്തത്. ഒരു ടിവി കാമറാമാന്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. സ്ഥിതി വഷളായ സാഹചര്യത്തില്‍ കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സൈന്യത്തെ രംഗത്തിറക്കിയിട്ടുണ്ട്.
അവന്യൂസ് ടെലിവിഷന്‍ ചാനലിന്റെ കാമറാമാന്‍ സുരേഷ് രജക് ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും നേപ്പാള്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഘര്‍ഷത്തിന്റെ ഉത്തരവാദിയായി സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത് ദുര്‍ഗ പ്രസായി എന്നയാളെയാണ്. റാലിയുടെ നേതൃത്വം വഹിച്ചത് ഇയാളാണെന്നു പറയുന്നു. ദുര്‍ഗയ്‌ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
2008 ല്‍ അവസാനിപ്പിച്ച രാജഭരണം നേപ്പാളില്‍ പുനസ്ഥാപിക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ഇതിനായി രാജ്യത്ത് അവര്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയാണ്. പൊലീസുമായി പലയിടങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുകയാണ്. കണ്ണീര്‍ വാതകവും ജലപീരങ്കിയും റബര്‍ ബുള്ളറ്റുകളുമെല്ലാം അക്രമാസക്തമായ കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് പ്രയോഗിക്കുന്നുണ്ട്.
അതേസമയം രാജഭരണം തിരികെ കൊണ്ടുവരാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നാണ് ജനാധിപത്യ നേതാക്കള്‍ പറയുന്നത്. ഇടതു മുന്നണി യോഗങ്ങളും റാലികളും നടത്തി രാജഭരണാനുകൂലികള്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സിംഹാസനം തിരിച്ചുപിടിക്കാമെന്ന മോഹത്തിന് ഗ്യാനേന്ദ്ര വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഇടതുപക്ഷത്തിന്റെ യോഗത്തില്‍ സംസാരിക്കവെ മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമാല്‍ ദഹല്‍, മാധവ് കുമാര്‍ നേപ്പാള്‍ എന്നിവര്‍ ഓര്‍മിപ്പിക്കുന്നത്.
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി ഇടതുപക്ഷം കുറ്റപ്പെടുത്തുന്ന് കെ പി ശര്‍മ ഒലി സര്‍ക്കാരിനെയാണ്. രാജവാഴ്ച്ചയെ അനുകൂലിക്കുന്നവര്‍ ശക്തി പ്രാപിച്ചതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നാണ് ഇടതു നേതാക്കള്‍ ആരോപിക്കുന്നത്. കഴിവ് കെട്ട സര്‍ക്കാരാണ് ഒലിയുടെതെന്നും നേതാക്കള്‍ ആക്ഷേപിക്കുന്നു.
നിരോധനാജ്ഞന ലംഘിച്ചാണ് കഴിഞ്ഞ ദിവസം തിങ്കുനെയില്‍ രാജവാഴ്ച്ചാനുകൂലികള്‍ റാലി സംഘടിപ്പിച്ചത്. പാര്‍ലമെന്റായിരുന്നു അവരുടെ ലക്ഷ്യം. പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പൊലീസ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചതില്‍ രാജാവിനെ പിന്തുണയ്ക്കുന്ന പ്രസ്ഥാനത്തിന്റെ കണ്‍വീനറായ 87 കാരന്‍ നബരാജ് സുബേദിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും പരിക്കേറ്റത് പ്രതിഷേധക്കാരെ അക്രമാസക്തരാക്കി. ഗൈരിധര മേഖലയില്‍ ഒരു വീടിന് തീപിടിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ശാന്തിനഗര്‍ പാലത്തിനും മനോഹര നദി പാലത്തിനും ഇടയിലുള്ള മേഖല, കോട്ടേഷ്വോര്‍, ടിങ്കുനെ, എയര്‍പോര്‍ട്ട് ഏരിയ, ബനേശ്വര്‍ ചൗക്ക്, ഗൗശാല എന്നിവിടങ്ങളിലാണ് കാഠ്മണ്ഡു ജില്ല ഭരണകൂടം കര്‍ഫ്യു ചുമത്തിയിരിക്കുന്നത്. ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിക്കുന്നവരെ മാത്രമെ വിമാനത്താവളത്തിലേക്ക് കടത്തിവിടൂ. കര്‍ഫ്യൂ സമയത്ത്, ആളുകള്‍ കൂട്ടം കൂടുന്നതും റാലികളോ പൊതുയോഗങ്ങളോ സംഘടിപ്പിക്കുന്നതുമെല്ലാം വിലക്കിയിരിക്കുകയാണ്. Nepal turns violent in the name of monarchy. Two deaths in clashes between former King Gyanendra’s supporters and police
Content Summary; Nepal turns violent in the name of monarchy. Two deaths in clashes between former King Gyanendra’s supporters and police
This post was last modified on March 29, 2025 9:05 am
Leave a Comment