അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം.കെ. സാനു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിലെത്തിച്ച അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു.
വീഴ്ച്ചയില്‍ അദ്ദേഹത്തിന്റെ വലത് തുടയെല്ലിനും കഴുത്തിനും ഇടുപ്പെല്ലിനും പൊട്ടല്‍ സംഭവിച്ചിരുന്നു. ശ്വാസകോശത്തില്‍ ഉണ്ടായ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 98 -കാരനായ പ്രൊഫ.സാനു ഈയടുത്തും പൊതുവേദികളില്‍ സജീവമായിരുന്നു.
മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകളിലൂടെ സാനു മാഷ് എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കപ്പെട്ടിരുന്ന പ്രൊഫ. എം.കെ. സാനു മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു.
മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ നിരീക്ഷണത്തില്‍ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്. മലയാളസാഹിത്യനിരൂപണ മേഖലമാത്രമല്ല, ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം.
ഈ മെയ് മാസത്തിലാണ് തന്റെ പുതിയ പുസ്തകത്തിന്റെ രചന പ്രൊഫ.എം.കെ സാനു പൂര്‍ത്തിയാക്കിയത്. നിരാലംബര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന തപസ്വിനി അമ്മ എന്ന സാമൂഹ്യ പ്രവര്‍ത്തകയുടെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം. നിലവില്‍ എറണാകുളത്തെ വിഖ്യാതമായ എസ്.എന്‍.വി സദനം എന്ന സ്ഥാപനം 1921-ല്‍ തപസ്വിനി അമ്മ രൂപീകരിച്ച അഗതികളായ സ്ത്രീകള്‍ക്കുള്ള ‘അബല സദന്‍’ ആണ്. സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍, വാഗ്ഭടാനന്ദന്‍ എന്നിവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള തപസ്വിനി അമ്മയുടെ അമ്പതാം ചരമവാര്‍ഷികമായ മെയ് 21-നാണ് തന്റെ പുതിയ രചന പൂര്‍ത്തീകരിച്ച വിവരം പ്രൊഫ.സാനു അറിയിച്ചത്. ‘തപസ്വിനി അമ്മ: അബലകള്‍ക്ക് ശരണമായി പ്രവര്‍ത്തിച്ച പുണ്യവതി’ എന്നാണ് പുസ്തകത്തിന്റെ പേര്. എറണാകുളത്തെത്തിയ ആദ്യകാലത്ത് തപസ്വിനി അമ്മക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായും അദ്ദേഹമന്ന് പറഞ്ഞിരുന്നു. ജൂണ്‍ 22ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.
1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. നാല് വര്‍ഷത്തോളം സ്‌കൂള്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാപകനായി. 1958ല്‍ ആദ്യഗ്രന്ഥമായ ‘അഞ്ചു ശാസ്ത്ര നായകന്മാര്‍’ പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറക്കി. 1983ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു.1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. 1987ല്‍ എറണാകുളം നിയമസഭാമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. ബാലസാഹിത്യം, വിമര്‍ശനം, വ്യാഖ്യാനം, ജീവചരിത്രം തുടങ്ങി വിവിധ നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതിയായിരുന്നു ആത്മകഥ.
‘എമ്പുരാന്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം, തിരുവനന്തപുരത്ത് എസ്.യു.സി.ഐയുടെ നേതൃത്വത്തില്‍ നടന്ന ആശ സമരം തുടങ്ങി ഏതാണ്ടെല്ലാ സമകാലിക വിഷയങ്ങളോടും പ്രതികരിച്ച് പോന്ന സാനുമാഷ് മിക്കവാറും എല്ലാദിവസവും എറണാകുളം നഗരത്തില്‍ നടക്കുന്ന ഒന്നിലേറെ പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുമുണ്ട്. ഈ ഏപ്രിലില്‍ മലയാള സാഹിത്യമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് കേരള സര്‍വ്വകലാശാല നല്‍കിയ ഒ.എന്‍.വി പുരസ്‌കാരവും എം.കെ സാനുവിന് അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.രാജീവ് നല്‍കിയിരുന്നു.Prof MK Sanu passed away
Content Summary: Prof MK Sanu passed away
This post was last modified on August 2, 2025 6:16 pm
Leave a Comment