June 04, 2026 |
Share on

ജൂലൈ പ്രക്ഷോഭത്തിലെ യുവനേതാവിന്റെ കൊലപാതകം; വീണ്ടും ആളിക്കത്തി ബംഗ്ലാദേശ്

കഴിഞ്ഞയാഴ്ചയാണ് അജ്ഞാതരായ അക്രമികള്‍ ഹാദിയെ വെടിവയ്ക്കുന്നത്

ബംഗ്ലാദേശ് വീണ്ടും പ്രക്ഷോഭങ്ങളിലേക്ക് വീഴുന്നു. ജൂലൈയില്‍ രാജ്യത്തിന്റെ ഭരണം അട്ടിമറിക്കപ്പെടുന്നതിന് കാരണമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ പ്രമുഖ നേതാവും ‘ഇങ്ക്വിലാബ് മഞ്ച്’ വക്താവുമായ ശരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകമാണ് രാജ്യത്തെ വീണ്ടും അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് അജ്ഞാതരായ അക്രമികള്‍ ഹാദിയെ വെടിവയ്ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹാദി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.

ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇങ്ക്വിലാബ് മഞ്ച് പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സംഘടനകളും ധാക്കയിലെ ഷാബാഗില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പരമാധികാരം ഉറപ്പാക്കാന്‍ ജനങ്ങളോട് ഷാബാഗില്‍ ഒത്തുകൂടാനായിരുന്നു ഇങ്ക്വിലാബ് മഞ്ചിന്റെ ആഹ്വാനം.

ഹാദിയുടെ ഘാതകരെ പിടികൂടുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര ഉപദേഷ്ടാവ് റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ‘ജാതീയ ഛാത്ര ശക്തി’ എന്ന വിദ്യാര്‍ത്ഥി സംഘടന അദ്ദേഹത്തിന്റെ കോലം കത്തിച്ചിരുന്നു. പ്രമുഖ ബംഗ്ലാ ദിനപത്രമായ ‘പ്രഥം ആലോ’ ഓഫീസിന് നേരെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി.

കാര്‍വാന്‍ ബസാറില്‍ സ്ഥിതി ചെയ്യുന്ന ഓഫീസ് കെട്ടിടത്തിന്റെ വിവിധ നിലകള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയും കെട്ടിടത്തിന് മുന്നില്‍ തീയിടുകയും ചെയ്തു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ അകത്ത് കുടുങ്ങി.

ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് ഹാദിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വിപ്ലവത്തിന്റെ മുന്‍നിര പോരാളിയായിരുന്നു ഹാദിയെന്നായിരുന്നു യൂനുസ് വിശേഷിപ്പിച്ചത്. ശനിയാഴ്ച രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഹാദിയുടെ കൊലപാതകികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഏക മകന്റെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും യൂനുസ് അറിയിച്ചു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Content Summary; prominent youth leader Sharif Osman Hadi’s murder Protests in Bangladesh

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×