രാഷ്ട്രീയ ആയുധങ്ങളാകുന്ന സിനിമകള്‍; വളച്ചൊടിക്കപ്പെടുന്ന ചരിത്രവും സത്യവും

ആസ്വാദനത്തിനപ്പുറം, ചിന്തകളിലും, സ്വഭാവങ്ങളിലും മാറ്റം വരുത്താൻ സിനിമയ്ക്ക് കഴിയമെന്ന ചർച്ച തുടങ്ങിയിട്ട് കാലങ്ങളായി

‘സിനിമകൾ ഓർമകളാണ്, ഓർമകൾ ചരിത്രവും’ 2024 മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് ലഭിക്കുമ്പോൾ സോൺ ഓഫ് ഇന്ററസ്റ്റിന്റെ സംവിധായകൻ ജൊന്നാഥൻ ഗ്ലേസർ പറഞ്ഞ വാക്കുകളാണിത്. എന്നാൽ സിനിമ ഒരു ചരിത്രം മാത്രമല്ല, ചരിത്രം സൃഷ്ടിക്കാൻ കെൽപ്പുള്ള ഒരു മാധ്യമം കൂടിയാണ്. ഇന്നും അതിനുള്ള തെളിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലും ഈ അവസ്ഥയിൽ മാറ്റമൊന്നുമില്ല. സിനിമകളിലൂടെ ഒരു പ്രൊപ്പഗണ്ട കാഴ്ച്ചക്കാരുടെ മനസിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. Propaganda movies are weapons used by political parties 

രാഷ്ട്രീയ മുതലെടുപ്പുകൾ സാധ്യമാക്കുന്ന വിധത്തിലുള്ള സിനിമകൾ കൂടുതലായും വന്ന് തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായിട്ടേ ഉള്ളു എന്ന് നിരൂപകരും സാമൂഹ്യ നിരീക്ഷകരും വ്യക്തമാക്കുന്നു. ഇത്തരത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള സിനിമകളിൽ പലതും പ്രദർശനത്തിനെത്തുന്നതും തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ആസ്വാദനത്തിനപ്പുറം, ചിന്തകളിലും, സ്വഭാവങ്ങളിലും മാറ്റം വരുത്താൻ സിനിമയ്ക്ക് കഴിയമെന്ന ചർച്ച തുടങ്ങിയിട്ട് കാലങ്ങളായി.

കോൾഡ് വാർ ത്രില്ലർ ചിത്രമായ ഫെയിൽ സേഫിൽ തുടങ്ങി യുദ്ധകാല പ്രൊപ്പ​ഗണ്ട സിനിമകളടക്കം നിരവധി ചിത്രങ്ങൾ പണ്ട് കാലം മുതൽ ഉണ്ടായിട്ടുണ്ട്. നാത്സി ഭരണകാലത്തെ ജർമൻ ചിത്രങ്ങളാണ് ദി മെയ്ഡൻ ജോഹാന്ന, ദി ഹാർട്ട് ഓഫ് എ ക്വീൻ, ദി ഫോക്സ് ഓഫ് ​ഗ്ലെനാർവോൺ, അങ്കിൾ ക്രൂ​ഗൺ എന്നിവ.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഏറ്റവും കൂടുതൽ പ്രൊപ്പ​ഗണ്ട ചിത്രങ്ങളെടുത്തിരിക്കുന്നത് ഹിറ്റ്ലറാണ്. അന്ന്, ജോസഫ് ​ഗീബൽസിന്റെ നേതൃത്വത്തിലുള്ള യൂണിവേഴ്സൽ ഫിലിം എജി പ്രൊ‍ക്ഷൻ ഹൗസ് എന്നിവ ചേർന്നാണ് നാത്സി ആശയങ്ങളെ പിന്തുണയ്ക്കുന്ന ചിത്രങ്ങൾ പുറത്തിറക്കിയത്. ആ കാലത്ത് പ്രൊപ്പ​ഗണ്ട സിനിമകൾക്ക് വേണ്ടി സ്ക്രിപ്റ്റ് തിരഞ്ഞെടുത്ത് പണം മുടക്കുന്നത് വരെ മന്ത്രാലയവും പ്രൊഡക്ഷൻ ഹൗസുമായിരുന്നു.

ഇന്ത്യയിൽ പ്രത്യേക രാഷ്ട്രീയ ഉദ്ദേശത്തോടെ പുറത്തിറങ്ങിയ ചിത്രങ്ങൾ തിരഞ്ഞ് പോയാൽ നിരവധി, അനവധിയെണ്ണം കാണാൻ കഴിയും. യാഥാർത്ഥ്യത്തെ മറ്റൊരു രീതിയിൽ വളച്ചൊടിച്ച് ഉണ്ടാക്കുന്ന പ്രൊപ്പഗണ്ട സിനിമകൾ വലിയ രാഷ്ട്രീയ പ്രശ്‌നങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്.

ദി കേരള സ്റ്റോറി

The film is inspired by many true stories എന്ന് ട്രെയിലറിൽ എഴുതിക്കാണിച്ചുകൊണ്ട് നുണക്കഥകളെഴുതിയ ചിത്രമാണ് കേരള സ്‌റ്റോറി. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. 2023ൽ പുറത്തിങ്ങിയ ചിത്രം മുസ്ലീം വിരുദ്ധതയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മാത്രമായി ആദ്യാവസാനം വരെ പോകുന്നു.

അഫ്ഗാനിസ്ഥാനിലെ ഒരു ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ സൈനികർക്ക് മുൻപിലിരുന്നുള്ള കഥ പറച്ചിലിലൂടെ സിനിമ ആദ്യാവസാനം വരെ പോകുന്നു. തിരുവനന്തപുരം സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിനി ശാലിനി ഉണ്ണികൃഷ്ണൻ എന്ന യുവതി ‘ഫാത്തിമ’യായി മാറുന്നതും, ഐഎസ്‌ഐഎസിന്റെ പിടിയിലാവുകയും അഫ്ഗനിസ്ഥാനിലെത്തപ്പെടുകയും ചെയ്യുന്നതിന്റെ കഥയാണ് യുവതി പറയുന്നത്.

കേരളത്തിലെ മുസ്ലീങ്ങളെല്ലാം മറ്റു മതക്കാർക്ക് വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും അവർ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ മതം മാറ്റുന്നതായും സിനിമ പറഞ്ഞുവെക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് അടിത്തറയൊരുക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നുള്ള ധാരണ കാണികളിൽ അടിച്ചേൽപ്പിക്കാനും ചിത്രം ശ്രമിക്കുന്നുണ്ട്. ചിത്രം തുടങ്ങി അവസാനിക്കുന്നത് വരെ കലാ മൂല്യത്തിന് യാതൊരു വിലയും നൽകാതെ പച്ചക്കള്ളങ്ങൾ മാത്രം പറയുകയാണ് കേരള സ്റ്റോറി എന്ന ചിത്രം.

ആർട്ടിക്കിൾ 370

2024ൽ ആദിത്യ സുഹാലെ സംഭാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ആർട്ടിക്കിൾ 370. ആ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനായി ബിജെപി പുറത്തിറക്കിയ പ്രൊപ്പഗണ്ട ചിത്രമാണിത്. അന്ന് ബിജെപി ഭരിച്ചിരുന്നു മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും നികുതി പോലും കെട്ടാതെയാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്.

ജമ്മു കാശ്മീരിലെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചിത്രമാണ് ”ആർട്ടിക്കിൾ 370”. ഏകപക്ഷീയമായി മാത്രം ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ചരിത്രപരമായ തെറ്റുകളെ വെള്ള പൂശുന്നതാണ്. ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയ രാഷ്ട്രീയക്കാരെ അധികാരക്കൊതിയുള്ള വിഘടനവാദികളായി ചിത്രീകരിക്കുകയും സർക്കാർ അനുകൂല നിലപാടുകൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് സിനിമ. കൂടാതെ നിലവിലെ സമാധാന അന്തരീക്ഷത്തിന് പിന്നിലുള്ള ഏകശക്തി നരേന്ദ്ര മോദിയുടെ സർക്കാരാണെന്നും ചിത്രം വ്യക്തമാക്കുന്നു.

കാശ്മീർ ഫയൽസ്

വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കേന്ദ്ര സർക്കാറിന്റെ പ്രൊപ്പഗണ്ട ചിത്രമാണ് കാശ്മീർ ഫയൽസ്. കാശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചരിത്രപരമായ വസ്തുതകളുടെ വളച്ചൊടിക്കലും ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതുമാണ് ചിത്രം. പണ്ഡിറ്റുകളുടെ പാലായനത്തിന് കാരണം കാശ്മീരിലെ മുസ്ലീങ്ങളാണെന്ന തരത്തിലുള്ള പ്രചരണമാണ് ചിത്രത്തിലൂടെ ആളുകളിലെത്തുന്നത്.

1990-ൽ ഇന്ത്യൻ അധീന കാശ്മീരിൽ നിന്നുള്ള കശ്മീരി ഹിന്ദുക്കളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ഒരു സാങ്കൽപ്പിക കഥാ സന്ദർഭമാണ് ചിത്രം അവതരിപ്പിക്കുന്നത്. പലായനവും അതിലേക്ക് നയിക്കുന്ന സംഭവങ്ങളും ഇത് ഒരു വംശഹത്യയായി ചിത്രം പറഞ്ഞുവെക്കുന്നു. നിശബ്ദതമായ ഗൂഢാലോചനയിലൂടെ ഇത്തരം വംശഹത്യകൾ മറച്ചുവെക്കപ്പെടുന്നു എന്ന തെറ്റായ സന്ദേശമാണ് ചിത്രം നൽകുന്നത്. മസ്ലീം വിഭാ​ഗത്തെ ഒന്നടങ്കം ശത്രുക്കളാക്കാൻ ശ്രമിക്കുകയാണ് ചിത്രം.

ഉറി; ദി സർജിക്കൽ സ്ട്രൈക്ക്

ആർഎസ്‌വിപി മൂവീസിന്റെ ബാനറിൽ റോണി സ്ക്രിവാള നിർമ്മിച്ച് ആദിത്യ ധർ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ച 2019 ലെ ഇന്ത്യൻ ആക്ഷൻ സിനിമയാണ് ഉറി: ദി സർജിക്കൽ സ്ട്രൈക്ക്. ഉറിയിൽ 2016 സപ്തംബർ 18ന് നാല് അതിക്രമകാരികൾ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഭവത്തെ ആസ്പദമക്കിയുള്ള കഥയാണ്.

എന്നാൽ 2016 സർജിക്കൽ സ് ട്രൈക്കിനെ ആസ്‌പദമാക്കി ചിത്രീകരിച്ച മിലിട്ടറി ഡ്രാമയായ ഉറി ദി സർജിക്കൽ സ്ട്രൈക്കിന് യഥാർത്ഥ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയ ക്യാപ്റ്റൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം ബി.ജെ.പി യെ പുകഴ്ത്തുവാനായി ചിത്രീകരിച്ചിട്ടുള്ളതാണ് എന്നും നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.

സ്വതന്ത്ര വീർ സവർക്കർ

രൺദീപ് ഹൂഡയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ. വി ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ. സവർക്കർ മാപ്പ് പറഞ്ഞിട്ടില്ലെന്നും ജയിലിൽ നിന്ന് ദയാഹർജി നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് ചിത്രത്തിൽ പറയുന്നത്. സ്വാതന്ത്ര്യ സമരത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം എന്നീ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്ന് റൺദീപ് ഹൂഡ പറയുന്നു. യഥാർത്ഥ ചരിത്രത്തെ വളച്ചൊടിച്ച് മറ്റൊരു കഥ ആളുകളുടെ മനസിൽ കുത്തിനിറയ്ക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം.

ദി വാക്‌സിൻ വാർ

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് പല്ലവി ജോഷിയുടെ നിർമാണത്തിൽ 2023ൽ പുറത്തിറങ്ങിയ ഡോക്യുഡ്രാമ ചിത്രമാണ് ദി വാക്‌സിൻ വാർ. കോവിഡ് എന്ന മഹാമാരിയുടെ സമയത്തെ വാക്‌സിന്ഡ നിർമാണവും അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നിരവധി ആരോഗ്യ രംഗത്ത് പ്രവർത്തിച്ചവരുടെയും കഥ പറയുന്ന ചിത്രമാണിത്.

രാജ്യത്തെ ആദ്യത്തെ വാക്‌സിൻ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ചിത്രം വസ്തുതയെക്കാൾ സംവിധായകന്റെ അഭിപ്രായമെന്ന് വിലയിരുത്താൻ മാത്രമെ കഴിയുകയുള്ളു. കേന്ദ്രസർക്കാരിന്റെ പരിശ്രമം മൂലം ഇന്ത്യയിൽ വാക്‌സിൻ കണ്ടുപിടിച്ചെന്ന രീതിയിൽ എടുത്തിരിക്കുന്ന ചിത്രം കേന്ദ്ര സർക്കാർ പ്രൊപ്പഗണ്ട സിനിമയാണ്.

ബസ്താർ; ദി നക്‌സൽ സ്റ്റോറി, സാമ്രാട്ട് പ്രിഥ്വിരാജ്, റസാക്കർ, ഛാവ തുടങ്ങിയവയെല്ലാം ഇന്ത്യയിൽ പല കാലങ്ങളിലായി ഇറങ്ങിയ പ്രൊപ്പഗണ്ട സിനിമകളാണ്.

മേൽപ്പറഞ്ഞ സിനിമകളിൽ ചുരുക്കം ചിലത് മാറ്റി നിർത്തിയാൽ സാമ്പത്തികമായി വലിയ പരാജയം നേടിയ ചിത്രങ്ങളാണ് പലതും. എങ്കിലും ഇത്തരം സിനിമകൾ നിർമിക്കുന്നതിനും തെറ്റായ ആശങ്ങൾ ജനങ്ങളുടെ മനസിൽ കുത്തിനിറയ്ക്കുന്നതിനുമായി പ്രൊപ്പ​ഗണ്ട സിനിമകൾ ഒരുക്കാൻ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. ഈ സിനിമകൾ പതിയെ ആളുകളുടെ മനസിൽ വിഷം കുത്തിനിറയ്ക്കാൻ കാരണമാകും. ഇത്തരം സിനിമകൾ കലാസൃഷ്ടി എന്നതിനപ്പുറം കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെ പുറത്തിറങ്ങുന്നവയാണ്.

പ്രൊപ്പ​ഗണ്ട സിനിമകൾ എന്നാൽ നെ​ഗറ്റീവ് ഷെയി‍ഡിൽ മാത്രം ഉപയോ​ഗിക്കാവുന്നതല്ല. കൃത്യമായ കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിക്കുന്നതിനും വ്യക്തമാക്കുന്നതിനും തമിഴ് സിനിമയിൽ ഉൾപ്പെടെ പ്രൊപ്പ​ഗണ്ട സിനിമകൾ ഉപയോ​ഗിക്കുന്നു. പ്രൊപ്പഗണ്ട സിനിമകൾ പലപ്പോഴും വിമർശനത്തിന് വിധേയമാകുന്നത് ചരിത്രത്തെ വളച്ചൊടിക്കപ്പെടുമ്പോഴും, അസത്യം പ്രചരിപ്പിക്കുമ്പോഴുമാണ്. എന്നാൽ സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, സാമൂഹ്യ മാറ്റത്തിന് പ്രചോദനമാകാനും നല്ല ഉദ്ദേശത്തോടെയുള്ള പ്രൊപ്പഗണ്ട സിനിമകൾക്ക് കഴിയും. Propaganda movies are weapons used by political parties 

content summary; Propaganda movies are weapons used by political parties to distort history and spread lies in society

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment