July 17, 2025 |

ആശസമരത്തെ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല, പൂർണ്ണ പിന്തുണയുണ്ടാവും’

നിലപാട് തിരുത്തി ഐഎൻടിയുസി

കേരളത്തിലെ ആശസമരം 50 ദിവസങ്ങൾ പിന്നിട്ട സാഹചര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ മുടിമുറിച്ചതും ചർച്ച ചെയ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രധാന പ്രതിയാകുന്ന സമരത്തില്‍ പലരും മൗനം പാലിച്ചതും ശ്രദ്ധേയമാണ്. 50 ദിവസങ്ങൾക്ക് ശേഷം കേരളത്തിലെ ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരിക്കയാണ് ഐഎൻടിയുസി. യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിർത്ത് നിന്നത് ചർച്ചയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഐഎൻടിയുസി രം​ഗത്തു വന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ സി വേണുഗോപാലിന്റെയും അഭ്യർത്ഥന മാനിച്ചാണ് പിന്തുണ എന്ന് ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പ്രസ്താവനയിൽ പറയുന്നു. സമരത്തെ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ 60 : 40 അനുപാതം നടപ്പിലാക്കണമെന്ന ആവശ്യവും ഐഎൻടിയുസി മുന്നോട്ടുവെച്ചു.

ആശസമരത്തെ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ലെന്ന് ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അഴിമുഖത്തോട് പറ‍ഞ്ഞു. ഒരുവിധം സമരങ്ങളെ പിന്തള്ളുകയോ എതിർത്തു പറയുകയോ ഇതുവരെ ചെയ്തിട്ടില്ലെന്നും ഐഎൻടിയുസിയുടെ നിലപാടുകൾ എപ്പോഴും വ്യക്തവും സുദൃഡവുമാണെന്നും ആർ ചന്ദ്രശേഖരൻ വ്യക്തമാക്കി.

ഏതാണ്ട് നൂറോളം തൊഴിലാളി സംഘടനകൾ പ്രബലമായി പ്രവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ പല യൂണിയനുകളും അവരുടെ ആവശ്യങ്ങൾക്കായി പ്രതിഷേധമുയർത്തുന്നതും വ്യത്യസ്തങ്ങളായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്നതും സ്വഭാവികമാണ്. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന എല്ലാ സമരങ്ങൾക്കും എല്ലാ സംഘടനകളും പിന്തുണ നൽകണമെന്ന് പറയുന്നത് തന്നെ ന്യായമല്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രധാന സംഘടനയെന്ന നിലയിൽ രാജ്യത്തെ തൊഴിലാളി പ്രശ്നങ്ങളിലെല്ലാം വ്യക്തമായ നിലപാട് ഐൻടിയുസി സ്വീകരിച്ചിട്ടുണ്ട്. ആശ സമരത്തിലും ഞങ്ങൾ കേന്ദ്ര സർക്കാരിന്റെ മുൻപിൽ സമർപ്പിച്ചിട്ടുള്ള അവകാശ പത്രികയെ്കുറിച്ചും എല്ലാവർക്കും അറിയാവുന്നതാണെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.

മാധ്യമങ്ങളും തൊഴിലാളി സം​ഘടനകളും എല്ലാ തരത്തിലുമുള്ള പിന്തുണ നൽകുന്ന ഈ സാഹചര്യത്തിൽ സർക്കാരുകൾ ഇടപെട്ട് ഈ വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് നിലപാട് ആണ് ഐൻടിയുസി സ്വീകരിച്ചിരിക്കുന്നത്. സമരത്തെ പിന്തുണയ്ക്കുന്നതിന് പകരം തൊഴിലാളികളുടെ ആവശ്യങ്ങൾ ഉയർത്തിപിടിക്കുകയും അതിനു വേണ്ടി നിരന്തരമായി പോരാടുകയുമാണ് ഐഎൻടിയുസി ചെയ്യുന്നതെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

ഐഎൻടിയുസി ഒരിക്കലും ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് തന്നെയാവണം തൊഴിലാളി സംഘടനകൾക്കെന്ന് ആരും പറയാറുമില്ല. ആശമാർക്ക് നിലവിൽ നൽകുന്ന പ്രതിഫലം ഓണറേറിയമാണ് ഇതിൽ നിന്ന് ശമ്പളമാകണമെന്ന നിലപാടാണ് ഐഎൻടിയുസിയ്ക്കുള്ളത്. ഏതൊരു മേഖലയിലും ഒരു വ്യക്തി അഞ്ച് വർഷത്തിൽ കൂടുതൽ പ്രവർത്തിച്ചാൽ അയാളെ ആ തൊഴിലിൽ സ്ഥിരപ്പെടുത്തണമെന്ന് ഐഎൻടിയുസി ആവശ്യപ്പെടുന്നതായും ചന്ദ്രശേഖരൻ പറഞ്ഞു. ‌

content summary: INTUC announces support for ASHA strike in Kerala

Leave a Reply

Your email address will not be published. Required fields are marked *

×