ആസക്തിയില്‍ നിന്ന് ആധ്യാത്മികതയിലേക്ക്; ഒടുവില്‍ മാല്‍പ്പയില്‍ അവസാനിച്ച പ്രോതിമ ബേദി

മാല്‍പ്പ ഉരുള്‍പൊട്ടല്‍ നടന്നിട്ട് 26 വര്‍ഷം; പ്രോതിമ ബേദിയുടെ ഓര്‍മകള്‍ക്കും

protima bedi

‘പ്രോതിമ ബേദി: ജീവിതത്തിനോടവര്‍ക്ക് ഭോഗേച്ഛയുണ്ടായിരുന്നു.’ -ഖുഷ്വന്ത് സിംഗ്

അത് അവസാനത്തെ യാത്രയായിരുന്നു. ആസക്തിയില്‍ നിന്ന് ആധ്യാത്മികയിലേക്ക് എത്തി ഹിമാലയത്തിന്റെ താഴവാരങ്ങളില്‍, മാല്‍പ്പയില്‍ അവസാനിച്ച പ്രോതിമ ബേദി അഥവാ പ്രോതിമ ഗൗരിയുടെ അന്ത്യയാത്ര.

ഹിമാലയന്‍ കുഗ്രാമമായ മാല്‍പ്പയില്‍ നടന്ന ദുരന്തം പ്രോതിമ ഗൗരിയെ മരണത്തിലേക്ക് കൂട്ടികൊണ്ടു പോയപ്പോള്‍ അവരുടെ ഒരാഗ്രഹം, പ്രകൃതിയോട് ചേര്‍ന്ന് മരണം വരിക്കണമെന്നത്-സഫലമായി. 49 കാരിയായ പ്രോതിമ ഒരു വര്‍ഷം മുന്‍പ് ഏക മകന്‍ സിദ്ധാര്‍ത്ഥ് അമേരിക്കയില്‍ വെച്ച് ജീവനൊടുക്കിയതോടെ എല്ലാ ഭൗതിക ചുമതലകളും അവസാനിപ്പിച്ച് ആധ്യാത്മികതയിലേക്ക് തിരിഞ്ഞിരുന്നു. ബാംഗ്ലൂര്‍ നഗരത്തിന് പുറത്ത് അവര്‍ ഏറെ കഷ്ടപെട്ട് രൂപം നല്‍കിയ ഗുരുകുല മാതൃകയിലുള്ള ഒഡീസി നൃത്ത വിദ്യാലയമായ ‘നൃത്യ ഗ്രാമം’ താജ് ഗ്രൂപ്പിന് കൈമാറി. കൈലാസ് മാനസ സരോവര്‍ യാത്രക്ക് മുന്‍പ് അവര്‍ തന്റെ ഒസ്യത്ത് എഴുതുകയും, ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിച്ചവയെല്ലാം ഏക മകളായ പൂജാ ബേദി ഇബ്രാഹിമിനെ ഏല്‍പിക്കുകയും ചെയ്തു. ഇനിയൊരു തിരിച്ചു വരവില്ല എന്ന ബോധത്തോടെ തീര്‍പ്പാക്കിയ നടപടിയായിരുന്നു അതെന്ന് പിന്നീട് മകള്‍ പൂജാ ബേദി എഴുതി.

കൈലാസ യാത്രയില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കാന്‍ മകള്‍ പൂജ കിണഞ്ഞു ശ്രമിച്ചെങ്കിലും അത് വിഫലമായി. പ്രോതിമ ബേദി- അവരുടെ ജീവിതത്തില്‍ എല്ലായ്‌പ്പോഴും പോലെ അവരുടെ വഴി തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഒടുവില്‍ മാല്‍പ്പയില്‍ വെച്ച് ഭൗതിക ശരീരം പോലും ബാക്കി വെയ്ക്കാതെ ആഗ്രഹിച്ച പോലെ പ്രകൃതിയില്‍ ലയിച്ചു ചേര്‍ന്നു. അവരുടെ മൃതദേഹം കിട്ടിയെന്ന് ആദ്യം വാര്‍ത്ത പ്രചരിച്ചെങ്കിലും മാല്‍പ്പ ദുരന്തത്തില്‍ വീണ്ടെടുക്കാത്ത, കാണാതായ തീര്‍ത്ഥാടകരില്‍ സര്‍ക്കാര്‍ മൃതിയടഞ്ഞു എന്ന് പ്രഖ്യാപിച്ച പട്ടികയിലെ ഒരു പേരായി അവര്‍.

ഹരിയാനക്കാരനായ ബിസിനസുകാരന്‍ ലക്ഷ്മി ചന്ദിന്റെയും ബംഗാളിയായ രേബ ഗുപ്തയുടെ മകളായാണ് 1949 ല്‍ ഡല്‍ഹിയില്‍ സ്വാതന്ത്ര്യം നുകര്‍ന്ന്, വിവാദം ശ്വസിച്ച്; ജീവിതം ആഘോഷമാക്കിയ പ്രോതിമ ഗൗരി ജനിച്ചത്.

പ്രോതിമ അവരുടെ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എയര്‍ ഹോസ്റ്റസ് ആയി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിതാവിന്റെ എതിര്‍പ്പ് കാരണം ജോലിക്ക് ചേരാന്‍ കഴിഞ്ഞില്ല. അതോടെ പ്രോതിമ തന്റെ വഴിയായി മോഡലിങ്ങ് തിരഞ്ഞെടുത്തു. അന്നത്തെ മികച്ച ടെക്സ്റ്റയില്‍ ബ്രാന്‍ഡായ ബോംബെ ഡൈയിങ്ങിന്റെ മോഡലായി നിശാവസ്ത്രമണിഞ്ഞ പ്രോതിമ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ ആദ്യത്തെ പരസ്യം. പക്ഷേ, സ്വന്തം വീട്ടില്‍ നിന്ന് അവര്‍ പുറത്തായി.

ഇന്ത്യയിലെ എറ്റവും പ്രസിദ്ധമായ പരസ്യക്കമ്പനിയായ വാള്‍ട്ടര്‍ ജെ. തോംസണിന്റെ കക്ഷികളായ ‘സിഗ്‌നല്‍ ടുത്ത് പേസ്റ്റ്, നെസ് കഫേ തുടങ്ങിയ മികച്ച ഉത്പ്പന്നങ്ങളുടെ മോഡലായതോടെ പ്രോതിമ പരസ്യ മോഡലായി ആ രംഗത്ത് സെലിബ്രിറ്റിയായി മാറി. ഏറെ താമസിയാതെ പഞ്ചാബിയായ നടനും ടി വി അവതാരകനുമായ കബീര്‍ ബേദിയുമായുള്ള പ്രോതിമയുടെ പ്രേമം വിവാഹത്തിലെത്തിയതോടെ, സമാന സ്വതന്ത്ര ചിന്തഗതിക്കാരായ ബോളിവുഡിലെ പ്രശസ്ത ദമ്പതിമാരായി അവര്‍ അറിയപ്പെട്ടു. അറുപതോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കബീര്‍ ബേദി ജെയിംസ് ബോണ്ട് ചിത്രത്തിലഭിനയിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ്. 1983-ല്‍ പുറത്ത് വന്ന, ഇന്ത്യയില്‍ ഭാഗികമായി ചിത്രീകരിച്ച പതിമൂന്നാമത്തെ ബോണ്ട് ചിത്രമായ ‘ഒക്ടോപ്പസിയി’ല്‍ അദ്ദേഹം അഭിനയച്ച വില്ലന്‍ റോള്‍ ശ്രദ്ധേയമായി. ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ, സി ബി എസ് നെറ്റ് വര്‍ക്കില്‍ പ്രക്ഷേപണം ചെയ്ത ‘ദ ബോള്‍ഡ് ആന്‍ഡ് ദ ബ്യൂട്ടിഫുളില്‍ അഭിനയിച്ചിരുന്ന ഇന്ത്യന്‍ നടനാണ് കബീര്‍ ബേദി.

എഴുപതുകളില്‍ ലോകമെമ്പാടും സാഹിത്യത്തിലും കലയിലും ചലചിത്രത്തിലും സംഗീതത്തിലും പ്രകടമായ, ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമെന്ന നിലയില്‍ വളര്‍ന്ന ഒരു വേറിട്ട പ്രതിഷേധ മാര്‍ഗമായിരുന്നു പൊതുസ്ഥലങ്ങളിലെ നഗ്ന ശരീര പ്രദര്‍ശനം. ഇന്ത്യയില്‍ അതിന് തുടക്കം കുറിച്ചു കൊണ്ട് ഓടിയ ആദ്യ സെലിബ്രിറ്റിയാണ് പ്രോതിമ ബേദി.

50 കളിലും 60 കളിലും പ്രശസ്തമായിരുന്ന ബ്ലിറ്റ്‌സ് വാരികയുടെ എഡിറ്ററും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ റുസ്തം കരിഞ്ചിയയുടെ മകളായ റീത്ത മേത്ത എഡിറ്ററായി പുതുതായി ആരംഭിച്ച സിനി ബ്ലിറ്റ്‌സിന്റെ സിനിമാ വാരികയുടെ പബ്ലിസിറ്റിയുടെ ഭാഗമായാണ് ഈ നഗ്നയോട്ടം പ്ലാന്‍ ചെയ്തത്. സാധാരണ രീതികള്‍ ഉപേക്ഷിച്ച് വാരികയ്ക്ക് ഇടിമിന്നല്‍ പോലൊരു ലോഞ്ച് വേണമെന്ന് റീത്ത കരഞ്ജിയ തീരുമാനിച്ചു. ഒരു നടിയുടെ നഗ്ന ഓട്ടമായാലോ? എന്ന ചിന്തയിലായിരുന്നു അവര്‍. ഒരു താരം നിരത്തില്‍ കൂടി നഗ്നയായി ഓടുക. ഇന്ത്യയില്‍ അന്ന് അചിന്തനീയമായ ഒരു സംഭവമായിരുന്നു. എട്ട് മാസം മുന്‍പ് ഇംഗ്ലണ്ടില്‍ ഒരു റഗ്ബി മത്സരത്തിനിടയില്‍ മൈക്കേല്‍ ഓബ്രിയന്‍ എന്നൊരു ഓസ്‌ട്രേലിയക്കാരന്‍ നഗ്നനായി സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നു. ഒരു പോലീസുകാരന്‍ സ്വന്തം തൊപ്പിയൂരി അയാളുടെ നഗ്നത മറച്ച് പിടിച്ച് കൊണ്ടുപോകുന്ന ചിത്രം ലോകത്തിലെ പത്രമാധ്യമങ്ങളിലെല്ലാം വന്നിരുന്നു. ലോകത്തിലെ ആദ്യത്തെ നഗ്നയോട്ടക്കാരനായി മൈക്കല്‍ ഓബ്രിയനെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ആദ്യ നഗ്നയോട്ടം അതിന് ഒരു മാസം മുന്‍പ് നടന്നിരുന്നു. വേറെയെവിടെയുമല്ല, കേരളത്തില്‍ തന്നെ, കൊച്ചിയില്‍! 1974 ഏപ്രില്‍ 1 ന് എറണാകുളം ലോ കോളേജിലെ നാല് വിദ്യാര്‍ഥികള്‍ എറണാകുളം ബ്രോഡ്വേയില്‍ നഗ്നരായി ഓടി. പിന്നീട് ആ ചിത്രവും ഇന്ത്യയില്‍ അതീവ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതൊക്കെയായിരുന്നു റീത്തയ്ക്ക് പ്രചോദനം. കൂടാതെ, ആരും പോകാത്ത വഴിയിലുടെ പോകുക റുസ്തം കരിഞ്ചിയയുടെ രീതിയാണ്. ‘കുഴപ്പത്തില്‍ ചാടുക എന്നിട്ട് കര കയറുക’ ബ്ലിറ്റ്‌സ് വാരികയുടെയും എഡിറ്റര്‍ കരിഞ്ചിയയുടേയും വിശ്വാസ പ്രമാണമായിരുന്നു അത്. അത് തന്നെ സിനി ബ്ലിറ്റ്‌സിന്റെ എഡിറ്ററായ റീത്ത മേത്തയും സ്വീകരിച്ചു. ഇന്ത്യന്‍ സമൂഹത്തില്‍ ഒരിക്കലും ചിന്തിക്കാനാവാത്ത ആ സാഹസം ചെയ്യാന്‍ അന്ന് അവരുടെ മനസില്‍ ബോംബെയില്‍ ഒരു യുവതിയെ ഉണ്ടായിരുന്നുള്ളൂ. പ്രോതിമ ബേദി! റീത്ത മേത്ത പ്രോതിമയോട് ചോദിച്ചു, നിങ്ങള്‍ക്ക് അത് ചെയ്യാനാകുമോ? പ്രോതിമ പറഞ്ഞു, യെസ്! നോ പറഞ്ഞ് അവര്‍ക്ക് ശീലമില്ലായിരുന്നു.

1974 ഡിസംബറില്‍ ബോംബെയില്‍ ജുഹു ബീച്ചില്‍ യൗവനവും ലൈംഗികതയും ആഘോഷിച്ചിരുന്ന, 25 കാരിയായ പ്രോതിമ ബേദി തന്റെ പ്രശസ്തമായ ‘നഗ്നയോട്ടം’ നടത്തി. ഇന്ത്യന്‍ സമൂഹത്തെ, പ്രത്യേകിച്ച് മധ്യപരിവര്‍ഗത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ബോളിവുഡിലെ മറ്റൊരു ഗ്ലാമര്‍താരം സീനത്ത് അമന്റെ കവര്‍ ചിത്രത്തോടെ പുറത്തിറങ്ങിയ ആദ്യ ലക്കം സിനി ബ്ലിറ്റ്‌സില്‍ അകത്തെ പേജില്‍ പ്രോതിമ ബേദിയുടെ നഗ്‌നയോട്ട ചിത്രം തിളങ്ങി നിന്നു. സ്വാഭാവികമായും സിനി ബ്ലിറ്റ്‌സ് ചൂടോടെ വിറ്റുപോയി. പ്രോതിമയുടെ നഗ്നയോട്ട ചിത്രം പ്രസിദ്ധമായ ഒരു ഐക്കണ്‍ ചിത്രമായി ക്രമേണ പ്രചരിച്ചു.

എഴുപതുകളില്‍ ലോകമെമ്പാടും സാഹിത്യത്തിലും കലയിലും ചലചിത്രത്തിലും സംഗീതത്തിലും പ്രകടമായ, ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമെന്ന നിലയില്‍ വളര്‍ന്ന ഒരു വേറിട്ട പ്രതിഷേധ മാര്‍ഗമായിരുന്നു പൊതുസ്ഥലങ്ങളിലെ നഗ്ന ശരീര പ്രദര്‍ശനം. ഒരാള്‍ക്ക് ഇഷ്ടമുള്ളത് പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന സന്ദേശം സമൂഹത്തിന് നല്‍കാനാണ് പ്രോതിമ നഗ്നയോട്ടത്തിന് തയ്യാറായത്.

എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം സിനി ബ്ലിറ്റ്‌സ് പബ്ലിസിറ്റി സ്റ്റണ്ട് ആക്കി മാറ്റിയതോടെ അവര്‍ തന്റെ നിലപാട് മാറ്റി. അത് ഗോവയിലെ ഒരു നഗ്നത ക്യാമ്പിന്റെ ഭാഗമായിരുന്നപ്പോള്‍ എടുത്ത ചിത്രമാണെന്നും പിന്നീട് ബോംബെയിലെ ഒരു ബീച്ചിന്റെ പശ്ചാത്തലത്തില്‍ ചിത്രം സൂപ്പര്‍ ഇമ്പോസ് ചെയ്തതാണെന്നും വ്യക്തമാക്കി. ‘ഈ കൂട്ടികലര്‍ത്തിയ ചിത്രം വാരിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് വൃത്തികെട്ട കാര്യമായി മാറി,’ അവര്‍ ആത്മകഥയില്‍ എഴുതി. നഗ്നയോട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട സംഭവം നടന്നത് ഗോവയിലായിരുന്നു. ”അക്കാലത്ത് ഗോവയിലെ അഞ്ജുന ബീച്ചില്‍ ഹിപ്പികളുമൊത്ത് ഞാന്‍ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നു. ആ സമയത്ത് ആരെങ്കിലും എന്റെ നഗ്ന ചിത്രമെടുത്തു കാണും. ബോംബെയിലെ ആ വാരികക്ക് എന്റെ നഗ്നചിത്രത്തെ ബോബെയിലെ എതെങ്കിലും ഒരു തെരുവു ദൃശ്യമായി യോജിപ്പിക്കുകയേ വേണ്ടിയിരുന്നുള്ളൂ.” അതായത് പ്രോതിമ ബേദി ജുഹുവില്‍ ഒരിക്കലും നഗ്‌നയായി ഓടിയിട്ടില്ല. അത് ഭാഗികമായി കൃത്രിമമായി നിര്‍മിച്ചെടുത്ത ഫോട്ടോഗ്രാഫാണ്. തന്റെ നഗ്നയോട്ടം ശരിയാണെന്ന് സമര്‍ത്ഥിക്കാനോ തെറ്റാണെന്ന് പറയാനോ അവര്‍ ശ്രമിച്ചില്ല. അത്തരം കാര്യങ്ങള്‍ അവര്‍ക്കൊരിക്കലും തുനിഞ്ഞതുമില്ല. ഫോട്ടോ വിവാദം പതിയെ കടന്നുപോയി. പക്ഷേ, പ്രോതിമയുടെ നഗ്‌നയോട്ടത്തിന്റെ ബ്ലാക് ആന്റ് വൈറ്റ് ചിത്രം ഇന്നും ജനങ്ങളുടെ മനസില്‍ പതിഞ്ഞു കിടക്കുന്നു.

അതോടെ വസ്ത്രം ധരിച്ചാലും വസ്ത്രം അഴിച്ചാലും വിവാദ നായികയായി പൊതുവിടങ്ങളില്‍ പ്രോതിമാ ബേദി മാറി. തന്റെ ജീവിതകാലത്ത് നിലനിന്നിരുന്ന സദാചാര ധാരണകളെ വേഗത്തില്‍ മറികടന്നാണവര്‍ എന്നും അവര്‍ ജീവിച്ചത്.

വിനോദ് മേത്ത എഡിറ്റ് ചെയ്ത ‘ഡബനിയര്‍’ മാസിക ഇന്ത്യയില്‍ ആ കാലത്ത് യുവജനങ്ങള്‍ക്കിടയില്‍ തരംഗമായിരുന്നു. പ്രോതിമ തന്റെ പടങ്ങള്‍ ഡബനിയറില്‍ കൊടുക്കണമെന്ന് വിനോദ് മേത്തയോട് ആവശ്യപ്പെട്ടു. ഒന്നാന്തരം അവസരമായി ഇതിനെ കണ്ട വിനോദ് മേത്ത അവരുടെ നഗ്‌ന ചിത്രങ്ങള്‍ ഡബനിയറില്‍ കൊടുക്കാനൊരുങ്ങി. പക്ഷേ, കബീര്‍ ബേദി ഫോണില്‍ വിളിച്ച് തന്റെ സിനിമാ ജീവിതത്തെ അത് മോശമായി ബാധിക്കുമെന്നതിനാല്‍ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടു. കൂടാതെ ബോളിവുഡ് ശൈലിയില്‍ രണ്ട് ഗുണ്ടകളെ ഓഫിസിലേക്ക് അയച്ചു വിനോദ് മേത്തയെ വിരട്ടി. അതിനാല്‍ പടം പ്രിന്റ് ചെയ്ത ഡബനിയര്‍ പേജുകള്‍ വിനോദ് മേത്തക്ക് നശിപ്പിക്കേണ്ടി വന്നു. ഏറെ താമസിയാതെ കബീര്‍ ബേദിയുമായി പ്രോതിമ വേര്‍ പിരിഞ്ഞു. ഈ ബന്ധത്തിലെ കുട്ടികളായിരുന്നു സിദ്ധാര്‍ഥും പൂജ ബേദിയും.

തുടര്‍ന്നുള്ള പ്രോതിമയുടെ ജീവിതം ബോളിവുഡ് ചലച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. നിരവധി കാമുകന്മാര്‍ പ്രോതിമയുടെ ജീവിതത്തിലേക്ക് കടന്നു വന്നു. വിശ്രുതനായ ഗായകന്‍ പണ്ഡിറ്റ് ജസ് രാജ്, ബോംബയിലെ ശക്തനായ രാഷ്ട്രീയക്കാരന്‍ രജനി പട്ടേല്‍, വന്‍ വ്യവസായി വിജയ് പഥ്, മറിയോ ക്രോഫ് എന്ന സ്വിസ്സര്‍ലണ്ടുകാരന്‍ തുടങ്ങിയവരടക്കം എട്ടു പേരെങ്കിലും പല സമയങ്ങളിലായ് അവരുടെ കാമുകന്മാരായിരുന്നു. ‘ഇല്ല’. ‘ഖേദിക്കുന്നു’ എന്നീ രണ്ട് വാക്കുകള്‍ പ്രോതിമയുടെ ജീവിതത്തിലില്ലായിരുന്നു. തന്നെ ആഗ്രഹിച്ച ഒരു പുരുഷനോടും ഇല്ല എന്ന് പറയാന്‍ അവര്‍ക്കായില്ല. രഹസ്യം സൂക്ഷിക്കുന്നത് നുണ പറയുന്നതിന് തുല്യമാണെന്ന് അവര്‍ വിശ്വസിച്ചു. അതിനാല്‍ എല്ലാം അവര്‍ തുറന്നു പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ പറഞ്ഞതെല്ലാം സത്യമായിരുന്നു.

ഒരിക്കല്‍ ഖുഷ്വന്ത് സിങ്ങ് പ്രശസ്തമായ ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ എഡിറ്ററായിരിക്കുന്ന കാലം. പ്രശസ്ത ബോളിവുഡ് നടന്‍ ഐ.എസ്. ജോഹര്‍ ഖുഷ്വന്തിനെ ഫോണില്‍ വിളിച്ച് ഒരു ഫോട്ടോഗ്രാഫറെ കൂട്ടി താന്‍ പറയുന്ന സ്ഥലത്ത് ഉടനെ എത്താനാവശ്യപ്പെട്ടു .താനും പ്രോതിമയും മോതിരം മാറാന്‍ പോകുന്നു എന്നായിരുന്നു ജോഹര്‍ പറഞ്ഞത്. ഖുഷ്വന്ത് അവിടെ ചെല്ലുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. പിന്നിട് മോതിര മാറ്റത്തിന്റെ പടം ഇല്ലസ്‌ട്രേറ്റഡ് വീക്കിലി പ്രസ്ദ്ധീകരിച്ചു. ‘അവര്‍ രണ്ട് പേര്‍ക്കും. അത്രയേ വേണ്ടിയിരുന്നുള്ളൂ. ‘പബ്ലിസിറ്റി’. ഞാന്‍ ജോഹറിനെ ചുംബിച്ചിട്ടു പോലുമില്ല എന്നാണ് പ്രോതിമ എന്നോട് പറഞ്ഞത്. പ്രോതിമ നുണ പറയാറില്ല എന്നതിനാല്‍ ഞാന്‍ അവരെ വിശ്വസിക്കുന്നു’ ഖുഷ്വന്ത് പിന്നീട് എഴുതി.

ഇരുപത്തിയെട്ടാം വയസില്‍ ബോംബയിലെ ബുലാഭായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് യാദൃശ്ചികമായി കാണാനിടയായ ‘ഒഡീസി’ യെന്ന നൃത്ത രൂപം അവരുടെ അന്നു വരെയുള്ള ജീവിതം മാറ്റി മറിച്ചു. ഒഡീസി നൃത്തകലയിലെ ആചാര്യനായ ഗുരു കേളുചരണ്‍ പത്രയോട് തന്നെ ഈ നൃത്തം പഠിപ്പിക്കണമെന്ന് പ്രോതിമ താഴ്മയായി അപേക്ഷിച്ചു. ആദ്യം അത് നിരാകരിച്ചെങ്കിലും പിന്നീട് അദേഹം സമ്മതിച്ചു. പുകവലിയും ലഹരിയുമുള്‍പ്പടെ എല്ലാ ശീലങ്ങളും ത്യജിച്ച് ലളിതമായ വസ്ത്രങ്ങള്‍ മാത്രം ധരിച്ച് ഒറീസയിലെ കട്ടക്കില്‍ ഗുരുവിന്റെ വീട്ടില്‍ താമസിച്ചു മൂന്നു മാസത്തെ കഠിനമായ പരിശീലനം കൊണ്ട് അവര്‍ ഒഡീസി നൃത്തം പഠിച്ചെടുത്തു. ബോംബെയിലെ രംഗ് ഭവനില്‍ പൊതു വേദിയില്‍ അവരുടെ ആദ്യത്തെ അരങ്ങേറ്റം നടന്നു.

അംഗീകരിക്കപ്പെട്ട ഒരു നര്‍ത്തകിയായ പ്രോതിമയുടെ പേരും യാമിനി കൃഷ്ണമൂര്‍ത്തി, സംയുക്ത പാണിഗ്രാഹി, സോനാല്‍ മാന്‍ സിംഗ് തുടങ്ങിയ ഇന്ത്യയിലെ അന്നത്തെ മികച്ച കലാകാരികളുടെ പേരിനോടൊപ്പം കലാരംഗത്ത് ചേര്‍ത്ത് വായിക്കാന്‍ തുടങ്ങി. വിമര്‍ശകര്‍ ഒടുവില്‍ അവരെ അംഗീകരിച്ചു.

ഇതിനിടയില്‍ ബോംബെ രാഷ്ട്രീയത്തിലെ കരുത്തനായ രജനി പട്ടേലുമായി പ്രോതിമ അടുത്തു. കുറച്ച് കാലത്തിന് ശേഷം രജനി പട്ടേല്‍ മരണാസന്നനായി ജെസ് ലോക് ആശുപത്രിയില്‍ കഴിയുമ്പോള്‍ പ്രോതിമ കാണാനായി ശ്രമിച്ചെങ്കിലും രജനിയുടെ ഭാര്യ ബകുള്‍ ശക്തമായി എതിര്‍ത്തതിനാല്‍ നടന്നില്ല.

രജനി പട്ടേലിന്റെ മരണത്തിന് ശേഷം പ്രോതിമ ഒരു പുസ്തകം എഴുതി. ‘ടു മൈ ദാ’ എന്ന് പേരിട്ട പുസ്തകത്തിന്റെ ഉള്ളടക്കം രജനി പട്ടേലും പ്രോതിമയും തമ്മിലുള്ള പ്രണയ ലേഖനങ്ങളായിരുന്നു. പുസ്തകത്തിന്റെ ഒരു ഭാഗം ഇന്ത്യ ടുഡെ മാസികയില്‍ പ്രസിദ്ധീകരിച്ചത് കോളിളക്കമുണ്ടാക്കി. പ്രശസ്തനായ രാഷ്ട്രീയക്കാരനും ബോംബെയിലെ വന്‍ വൃക്ഷവുമായ രജനി പട്ടേലിന്റെ സ്വകാര്യ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടായത് ബോംബെയില്‍ വിവാദമായി. പ്രോതിമക്കെതിരെ പ്രതിഷേധമുയര്‍ന്നു. രജനി പട്ടേലിന്റെ പേര് ചീത്തയാക്കിയെന്നാരോപിച്ച് ബോംബെ പത്രങ്ങള്‍ അവര്‍ക്കെതിരെ തിരിഞ്ഞു. ഫോണിലൂടെ വരെ ഭീഷണികള്‍ വന്നു. രജനി പട്ടേലിന്റെ കുടുംബാംഗങ്ങള്‍ പ്രോതിമക്കെതിരെ രംഗത്ത് വന്നു. അവരുടെ പഴയ സുഹൃത്ത്, ബ്ലിറ്റ്‌സ് എഡിറ്റര്‍ റുസ്തം കരിഞ്ചിയ പോലും ഇക്കാര്യത്തില്‍ പ്രോതിമയെ അനുകുലിച്ചില്ല.

‘പ്രോതിമ അവകാശപ്പെട്ട ആഴമുള്ള ശാശ്വതമായ സ്‌നേഹം രജനി അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ അദ്ദേഹത്തിന്റെ ഭാര്യ ബകുളിനാണ് നീക്കി വെച്ചത്. ഇതൊരു തട്ടിപ്പ് പുസ്തകമായിരിക്കും”. കരിഞ്ചിയ ബ്ലിറ്റ്‌സില്‍ എഴുതി.

ഇതിനകം പ്രശസ്തനായ വെമ്പട്ടി ചിന്ന സത്യത്തിന്റെ കീഴില്‍ പ്രോതിമ കുച്ചിപ്പുടി അഭ്യസിച്ചു. മദ്രാസിലെ കലാക്ഷേത്രം പോലെ ഒരു ഭാരതീയ നൃത്തകേന്ദ്രമായിരുന്നു പ്രോതിമയുടെ അടുത്ത ലക്ഷ്യം. കര്‍ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡേയുടെ സഹായത്താല്‍ ബാംഗ്ലൂര്‍ നഗരത്തിനു പുറത്ത് ഹെസ്റ്ററഗഡയില്‍ അവരുടെ സ്വപ്നമായ ‘ നൃത്യഗ്രാമം’ ഒഡീസി ഗുരുകുലം സ്ഥാപിച്ചു. 1990 മെയ് 11ന് ഇന്ത്യന്‍ പ്രധാനമന്ത്രി വി പി സിങ്ങ് ന്യത്യഗ്രാമം ഉദ്ഘാടനം ചെയ്തു.

1997 ജൂലൈ 19 ന് ലോസ് ഏഞ്ചല്‍സില്‍ വെച്ച് വര്‍ഷങ്ങളായി മനോരോഗിയായിരുന്ന ഏക മകന്‍ സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തു. മകള്‍ പൂജാ ബേദി ചലച്ചിത്ര നടിയും മോഡലും എന്ന നിലയില്‍ പ്രശസ്തയാവുകയും വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു എന്നതായിരുന്നു അവസാനം അവരുടെ ഏക ആശ്വാസം. പ്രശസ്തിയും പണവും ആദരവും ഇനി അവര്‍ക്കാവശ്യമില്ലായിരുന്നു. സമാധാനം മാത്രമായിരുന്നു അവര്‍ക്കാവശ്യം. തിരുപ്പതിയില്‍ അവര്‍ ദര്‍ശനത്തിന് പോയി. അവിടെ വെച്ച് തല മുണ്ഡനം ചെയ്തു. മകന്റെ മരണത്തോടെ എകാന്തതയും നഷ്ടബോധവും അവരെ പിടികൂടി. കൈലാസ് മാനസ സരസ്സ് യാത്രക്ക് അവര്‍ ഇറങ്ങി. അത് ഒരു യാത്രയുടെ അന്ത്യമായി.

അവരാഗ്രഹിച്ച പോലെ അവസാനം പ്രോതിമ മാല്‍പ്പയില്‍ പ്രകൃതിയോട് ലയിച്ചു ചേര്‍ന്നു. മരണത്തിലും പ്രോതിമ വിവാദത്തിലൂടെ കടന്നുപോയിയെന്നൊരു അടക്കം പറച്ചിലുകള്‍ ഉണ്ടായി. മാനസസരോവര്‍ യാത്രകളില്‍ രാത്രികളില്‍ ക്യാമ്പില്‍ പ്രൊട്ടോക്കോള്‍ ലംഘിച്ച് പ്രോതിമ നൃത്തം നടത്തിയിരുന്നു. അത് ആചാര വിരുദ്ധമായിരുന്നു. ഈ പ്രവൃത്തിയാണ് ദുരന്തത്തിന് വഴി തെളിച്ചതെന്നും മാല്‍പ്പ നിവാസികള്‍ വിശ്വസിക്കുന്നു.

തട്ടിപ്പുകാരേയും കപട വേഷധാരികളേയും പ്രോതിമ എന്നും വെറുത്തു. ഒന്നും മറച്ച് പിടിക്കാന്‍ ഒരിക്കലും അവര്‍ ശ്രമിച്ചില്ല. അസാധ്യമായ നര്‍മ്മബോധവും അവര്‍ക്കുണ്ടായിരുന്നു. ഒരിക്കല്‍ ബോംബെയില്‍ വിമാനമിറങ്ങിയ അവരുടെ കയ്യില്‍ ഒരു ഇലട്രിക്ക് വൈബ്രേറ്റര്‍ ഉണ്ടായിരുന്നു. കസ്റ്റംസ് പരിശോധനയില്‍ ഇത് കണ്ട് ഞെട്ടിയ കസ്റ്റംസ് ഓഫീസര്‍ അതിന് അനുമതി നിഷേധിച്ചു. പ്രോതിമ പൊട്ടിത്തെറിച്ചു ‘ എന്റെ ഭര്‍ത്താവ് മിക്കപ്പോഴും വീട്ടിലുണ്ടാകാറില്ല. അപ്പോള്‍ ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ കരുതുന്നത്? ഞാന്‍ വിശ്വസ്തയായ ഒരു ഭാര്യയാണ്. നിങ്ങള്‍ ആ വിശ്വാസം തകര്‍ക്കാന്‍ നോക്കുന്നോ?’ ഉദ്യോഗസ്ഥന്‍ അന്തം വിട്ട് നോക്കി നില്‍ക്കെ, പ്രോതിമ അതുമെടുത്ത് സ്ഥലംവിട്ടു.

”ഞാനറിഞ്ഞ ഏതൊരു സ്ത്രീയും ആകാവുന്നത്ര പുരുഷന്മാരുമായി പ്രണയത്തിലാകുവാന്‍ രഹസ്യമായെങ്കിലും ആഗ്രഹിച്ചു. എങ്കിലും പല കാരണങ്ങളാല്‍ പാതി വഴിയില്‍ അവര്‍ നിന്നു. പലരേയും പല സമയത്ത് പ്രണയിക്കാനുള്ള കഴിവ് എന്നിലുണ്ടായിരുന്നു. അതിനാല്‍ എന്നെ വഴി പിഴച്ചവള്‍ എന്നൊക്കെ പഴി ചാരി,” തന്റെ ആത്മകഥയായ ‘ടൈം പാസില്‍’ അവര്‍ എഴുതി.’സമൂഹം ശ്രദ്ധാപൂര്‍വ്വം കെട്ടിപ്പെടുത്ത ഓരോ നിയമവും ഞാന്‍ തകര്‍ത്തെറിഞ്ഞു. യാതൊന്നും എനിക്ക് തടസമായില്ല. തോന്നിയതെല്ലാം ഞാന്‍ ചെയ്തു. ആരെയും കൂസാതെ. എന്റെ യൗവനം, എന്റെ ലൈംഗികത, എന്റെ ബുദ്ധി എല്ലാം ഞാന്‍ നിര്‍ലജ്ജം ആഘോഷിച്ചു. പലരേയും ഞാന്‍ സ്‌നേഹിച്ചു, ചിലര്‍ എന്നെയും’. പ്രോതിമ എഴുതി.

മരണത്തിന് ഒരു വര്‍ഷം മുന്‍പ് പ്രോതിമ ബേദി എഴുതി വെച്ചിരുന്ന അപൂര്‍ണമായ ഓര്‍മ്മക്കുറിപ്പ് ‘ടൈം പാസ്’ എഡിറ്റ് ചെയ്ത് മകള്‍ പൂജാ ബേദി ഇബ്രാഹിം 2000-ല്‍ പുറത്തിറക്കി.  Protima Bedi, indian model turned odissi exponent life and career, malpa landslide

Content Summary; Protima Bedi, indian model turned odissi exponent life and career, malpa landslide

അമർനാഥ്‌:
Related Post
Leave a Comment