December 09, 2024 |
Avatar
അമർനാഥ്‌
Share on

മണ്‍മറഞ്ഞുപോയ മാല്‍പ്പയും 200 ഓളം മനുഷ്യരും

ഇന്ത്യയിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളിലൊന്നായ മാല്‍പ്പ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് 26 വയസ്

1998, ഓഗസ്റ്റ് 18. 20 വര്‍ഷം മുന്‍പ് ഇതേ ദിവസം ഹിമാലയന്‍ താഴ് വരയില്‍ നടന്ന വന്‍ ഉരുള്‍പൊട്ടലില്‍, കൈലാസ് മാനസസരോവറിലെ തീര്‍ത്ഥാടകരടക്കം 200 ഓളം പേര്‍ മാല്‍പ്പയെന്ന ചെറുഗ്രാമത്തോടൊപ്പം എന്നന്നേക്കുമായി നിത്യതയില്‍ ലയിച്ചു. ഇതേ, ദുരന്തത്തിലാണ് മോഡലും നര്‍ത്തകിയുമായ പ്രൊതിമാ ബേദി മരണമടയുന്നത്.
49 വയസുകാരിയായ പ്രൊതിമ ബേദി മരിച്ചത് വാര്‍ത്ത മാധ്യമങ്ങളില്‍ തലക്കെട്ടായത് കൈലാസ് മാനസരോവര്‍ യാത്രക്കിടെ വിദൂര ഹിമാലയന്‍ കുഗ്രാമമായ മാല്‍പ്പയില്‍ നടന്ന ദുരന്തം എന്ന നിലയില്‍ മാത്രമായിരുന്നില്ല; വിവാദങ്ങള്‍ നിറഞ്ഞ ജീവിതം ആഘോഷമാക്കിയ ഒരു അസാധാരണ വനിതയുടെ ചരമ വാര്‍ത്ത എന്ന നിലയിലായിരുന്നു.

കൈലാസ് മാനസ സരോവര്‍ യാത്രയില്‍ മരണം സംഭവിച്ചാല്‍ മോക്ഷം പ്രാപിക്കും എന്നാണ് പറയപ്പെടുന്നത്. ഈ വിശ്വാസം ശരിയാണെങ്കില്‍ 1998 ഓഗസ്റ്റ് 18 ന് വെളുപ്പിന് ഉത്തരാഖണ്ഡിലെ മാല്‍പ്പ എന്ന കൊച്ചു ഗ്രാമത്തില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഉറക്കത്തില്‍ മൃതിയടഞ്ഞ പ്രൊതിമാ ബേദിയക്കമുള്ള കൈലാസ് മാനസരസ് യാത്രക്കാര്‍ മോക്ഷം നേടിയിരിക്കാം.

കാളി നദിയുടെ തീരത്താണ് മാല്‍പ്പ ഗ്രാമം. ചുറ്റുമുള്ള മാനം മുട്ടി നില്‍ക്കുന്ന പര്‍വ്വത നിരകളുടെ നടുവിലെ വിശാലമായ മൈതാനത്തായിരുന്നു അവര്‍ ക്യാമ്പടിച്ചിരുന്നത്. തലേ നാള്‍ സന്ധ്യയായതോടെ കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങളുണ്ടായി. കാറ്റും മഴയും ആരംഭിച്ചു. ആ മേഖല കൊടും ശൈത്യത്തിലേക്ക് പതിച്ചു.
വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ഒരു സൂചനയുമറിയാതെ സംഘാംഗങ്ങളെല്ലാം ക്യാമ്പില്‍ ഒതുങ്ങിക്കൂടി.

ഓഗസ്റ്റ് 18ാം തിയതി വെളുപ്പിന് 3 മണിയോടെ മാല്‍പ്പയുടെ തൊട്ടു നിന്നിരുന്ന കൂറ്റന്‍ പര്‍വ്വത നിരകള്‍ ഇടിഞ്ഞ് മാല്‍പ്പ ഗ്രാമത്തെ വെറും 90 സെക്കന്റുകള്‍ കൊണ്ട്, ഭൂപടത്തില്‍ നിന്ന് തുടച്ച് നീക്കി. ആ വര്‍ഷത്തെ കൈലാസ് മാനസ സരസ് 12ാം ബാച്ചിലെ എല്ലാ യാത്രക്കാരും, കുതിരക്കാരും, പോട്ടര്‍മാരുമടക്കമുള്ള 221 പേര്‍ എന്നന്നേക്കുമായി പ്രകൃതിയില്‍ വിലയം പ്രാപിച്ചു.

malpa village

മാൽപ്പ ദുരന്തത്തിൻ്റെ കുറച്ച് ദിവസം മുൻപ്

മലമടക്കുകളില്‍ താമസിച്ചിരുന്ന ഒന്നോ രണ്ടോ കുടുംബങ്ങളാണ് ദുരന്തത്തെ അതിജീവിച്ചത്. അവരാണ് ദൂരെയുള്ള പട്ടാള ക്യാമ്പില്‍ വിവരമറിയിച്ചത്. ദുരന്ത ഭൂമിയില്‍ പട്ടാളം എത്തിയെങ്കിലും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായിരുന്നു മാല്‍പ്പയിലേത്.

ഹിന്ദുക്കളുടെ ഏറ്റവും പരമോന്നതമായ പുരാണ പുണ്യ തീര്‍ത്ഥാടനമാണ് കൈലാസ് മാനസ സരോവര്‍ യാത്ര. 1962 ല്‍ ചൈന ഇന്ത്യയില്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യ-ചൈനാ യുദ്ധമുണ്ടായി. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. അതോടെ ലഡാക്ക് അടക്കമുള്ള പ്രദേശങ്ങള്‍ വഴിയുള്ള കൈലാസ യാത്ര നിലച്ചു. ചൈനീസ് ഗവണ്‍മെന്റ് ഔദ്യോഗികമായി ഈ യാത്ര നിര്‍ത്തല്‍ ചെയ്തു.

1978-79 കാലത്ത് മൊറാര്‍ജി ദേശായിയുടെ മന്ത്രി സഭയില്‍ വിദേശകാര്യ മന്ത്രിയായ അടല്‍ ബിഹാരി വാജ്‌പേയ് ചൈന സന്ദര്‍ശിച്ച വേളയില്‍ കൈലാസ് മാനസ സരസ് യാത്ര ഭാരതത്തിന്റെ പൈതൃകം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണെന്നും അത് പുനരാരംഭിക്കണമെന്നും അദ്ദേഹം ചൈനീസ് അധികൃതരോട അഭ്യര്‍ത്ഥിച്ചു. ഭാരതത്തിന്റെ ആദ്ധ്യാത്മിക സംസ്‌കാരത്തിന്റെ എല്ലാ കാലത്തേയും ഉറവിടമാണ് കൈലാസ് മാനസ സരോവര്‍ എന്നും ആ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ഏതൊരു ഭാരതീയന്റെയും ചിരകാല അഭിലാഷമാണെന്നും വാജ്‌പേയ് ചൈനീസ് പ്രതിനിധികളെ ധരിപ്പിച്ചു. അത് ഒരു അടഞ്ഞ അദ്ധ്യായമാണെന്നും, വീണ്ടും തുറന്ന് കൊടുക്കുവാന്‍ പ്രയാസമാണെന്നും ചൈനീസ് അധികൃതര്‍ വാദിച്ചു. പക്ഷേ, വാജ്‌പേയുടെ നയതത്രജഞത മൂലം ഒടുവില്‍ ചൈനീസ് അധികാരികള്‍ അതിന് വഴങ്ങി. അങ്ങനെ 1980 ല്‍ ഭാരത സര്‍ക്കാരിന്റെ ആദ്യത്തെ കൈലാസ് മാനസസരോവര്‍സംഘം യാത്ര ആരംഭിച്ചു.

ഐ.എം.എഫ് (Indian Mountaineering Foundation) അംഗീകരിച്ച ഒരു പര്‍വ്വത യാത്രയാണ് കൈലാസ മാനസ സരോവര്‍. വിദേശ മന്ത്രാലയം പ്രസിദ്ധീകരിക്കുന്ന പരസ്യം വഴിയാണ് തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അപസ്മാരം എന്നീ രോഗങ്ങളുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നു മാറി പുതിയ സംസ്ഥാനമായി മാറിയ ‘ഉത്തരാഞ്ചല്‍ സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ‘കുമയോണ്‍ മണ്ഡല്‍ വികാസ് നിഗം’ ആണ് ഇതിന്റെ എല്ലാ പ്രവര്‍ത്തനവും സംഘടിപ്പിക്കുന്നത്. വളരെ ദുഷ്‌ക്കരവും അപകടകരവുമായ യാത്രയായതിനാല്‍ കര്‍ക്കശമായ വൈദ്യ പരിശാധനയും മറ്റ് യാത്ര സൗകര്യങ്ങളും ഉറപ്പ് വരുത്തി ഡല്‍ഹിയില്‍ എല്ലാ തയ്യാറെടുപ്പും കഴിഞ്ഞാണ് യാത്ര ആരംഭിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് മൂന്നു ദിവസത്തെ ബസ് യാത്രയില്‍ ഥാര്‍ച്ചുല എന്ന സ്ഥലത്ത് എത്തുന്നു. അവിടെ നിന്നാണ് 16 നാളുകള്‍ കൊണ്ടു പൂര്‍ത്തിയായി തിരികെയെത്തുന്ന തീര്‍ത്ഥയാത്ര കാല്‍ നടയായി ആരംഭിക്കുന്നത്. വിദേശമന്ത്രാലയത്തിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനാണ് ലെയിസണ്‍ ഓഫീസറായി യാത്ര എകോപിപ്പിക്കുന്നത്. ഒരു യാത്രക്കാരന് ഏകദേശം രണ്ട് ലക്ഷം രൂപയോളം ചിലവുവരുന്ന ഈ മഹത്തായ തീര്‍ത്ഥാടനത്തിന് പുറപ്പെടുമ്പോള്‍ നിങ്ങളുടെ നെഞ്ചിന്റെ എക്‌സറെ തൊട്ട് വിക്‌സ് ഡപ്പി വരെ യാത്രാ സാമഗ്രിയില്‍ കരുതണം. ‘വാട്ടര്‍ ബോട്ടിലും നല്ല വാക്കിങ്ങ് സ്റ്റിറ്റിക്കും അത്യാവശ്യമാണ്. ഉപ്പും മധുരവും കലര്‍ന്ന ബിസ്‌ക്കറ്റും ചുയിംഗവും കരുതണം. വഴിക്ക് ഭക്ഷണം പാചകം ചെയ്യാന്‍ ആട്ടമാവടക്കം നെയ്യ് വരെയുള്ള അരിയടക്കമുള്ള പലവ്യഞ്ജനങ്ങള്‍ ബാഗിലുണ്ടാകണം. ചൈനീസ് മേഖലയില്‍ എത്തുമ്പോള്‍ വിസക്കായി നല്‍കാന്‍ ചൈനീസ് കറന്‍സി കരുതണം. ഇത്തരം നൂറോളം സാമഗ്രികളുടെ ഒരു ലിസ്റ്റ് തന്നെ ഒരോ യാത്രക്കാരനും നല്‍കുന്നു. ഡല്‍ഹിയില്‍ അധികൃതര്‍ ഇതെല്ലാം ഓരോത്തരും കരുതിയിട്ടുണ്ട് എന്ന് സുക്ഷ്മമായി ഉറപ്പു വരുത്തിയിട്ടാണ് ഓരോ യാത്രക്കാരനേയും സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്.

ദുരന്തത്തിന് രണ്ട് നാള്‍ കഴിഞ്ഞ് മാല്‍പ്പയിലെ രക്ഷാപ്രവര്‍ത്തനം ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഏറ്റെടുത്തു. ‘ഓപ്പറേഷന്‍ വൈറ്റ് ഹൗസ്’ എന്ന് നാമകരണം ചെയ്ത ആ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചെങ്കിലും നിരന്തരമായ മഴയും ഇടക്കിടെയുള്ള മലയയിടിച്ചിലും പട്ടാളത്തെ തടസപ്പെടുത്തി. അഞ്ച് ദിവസം കഴിഞ്ഞാണ് പട്ടാളത്തിന്റെ ഹെലികോപ്റ്ററുകള്‍ക്ക് മാല്‍പ്പയില്‍ ഇറങ്ങാന്‍ തന്നെ കഴിഞ്ഞത്.

malpa landslide

80 ഓളം പട്ടാള രക്ഷാപ്രവര്‍ത്തകര്‍ കഠിനമായി മണിക്കൂറുകള്‍ പരിശ്രമിച്ചതിന്റെ ഫലമായി 32 ശവശരീരങ്ങള്‍ കണ്ടെടുത്തു. അവയില്‍ പലതും തിരിച്ചറിയാത്ത വിധം ഛിന്നഭിന്നമായിരുന്നു. 23 പുരുഷന്മാരുടേയും 9 സ്ത്രീകളുടെയും ശവശരീരങ്ങളാണ് ആകെ വിണ്ടെടുക്കാന്‍ സാധിച്ചത്. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഫോര്‍മാലിനോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് നേരിട്ടു. അന്ന് യുപി ഭരിച്ചിരുന്ന കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

ഥാര്‍ചുലയിലെ പ്രധാന ബെയ്‌സ് ക്യാമ്പില്‍ എയര്‍ഫോഴ്‌സ്, പട്ടാളം, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ആഭ്യന്തര മന്ത്രാലയം, സംസ്ഥാന ഭരണകൂടം എന്നിവയെ സംയോജിപ്പിച്ച് കാര്യങ്ങള്‍ നടത്താന്‍ ഔദ്യോഗികമായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കാഞ്ഞത് പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യബോധമില്ലാതാക്കി. ദുരന്ത നിവാരണ പദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലോക ബാങ്കില്‍ നിന്ന് 2,450 കോടി രൂപ 25 സഹായം തേടാനുള്ള തിരക്കിലായിരുന്നു ബി.ജെ.പി യുടെ കല്യാണ്‍ സിങ് ഭരണകൂടം.

ബുള്‍ഡോസറോ, ജാക്ക് ഹാമറുകളോ ഇല്ലാത്തതിനാല്‍ വെറും കൈകള്‍ ഉപയോഗിച്ചാണ് ജവാന്‍മാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ‘ഒരു പര്‍വ്വതം നീക്കം ചെയ്യാന്‍ അയാള്‍ ആദ്യം അതിന്റെ കല്ലുകള്‍ പെറുക്കിത്തുടങ്ങി’ എന്ന ചൈനീസ് പഴമൊഴിയെ ഈ രക്ഷാ പ്രവര്‍ത്തനം ഓര്‍മിപ്പിച്ചു.
മാല്‍പ്പയിലെ ദുരന്തം മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. മാനസസരോവര്‍ യാത്ര കഴിഞ്ഞ് വരുന്ന ഒരു ബാച്ച് തീര്‍ത്ഥയാത്ര സംഘം മാല്‍പ്പയില്‍ നിന്ന് വഴിയില്‍ രണ്ടു നാള്‍ മുന്നോട്ട് പോകാനാവാതെ കുടുങ്ങി കിടന്നു. പട്ടിണിയും മറ്റ് ദുരിതങ്ങളും അനുഭവിച്ച് ഒടുവില്‍ പട്ടാളത്തിന്റെ ഹെലികോപ്ടര്‍ എത്തിയാണ് സംഘത്തിലുണ്ടായിരുന്ന 40 പേരേയും രക്ഷപ്പെടുത്തി ഡല്‍ഹിയിലെത്തിച്ചത്.

45 വഴികാട്ടികളായ കുതിരക്കാര്‍, പോട്ടര്‍മാര്‍, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസുകാര്‍, യു.പി. പോലീസുകാര്‍ കുമയൂണ്‍ മണ്ഡല്‍ വികാസ് നിഗമിന്റെ ഉദ്യോഗസ്ഥര്‍, തുടങ്ങിയവരടക്കം 150 പേരുടെ വിധി മാല്‍പ്പയില്‍ ഒടുങ്ങി അവസാനിച്ചു.

എന്താണ് മാല്‍പ്പ ദുരന്തിന് കാരണം?
‘പ്രകൃതി നിയമത്തിന്റെ ഫലമായുണ്ടായ ദുരന്തം നമുക്ക് ഒഴിവാക്കാനാകുമായിരുന്നില്ല. പക്ഷേ തീര്‍ച്ചയായും മനുഷ്യജീവനും സ്വത്തുക്കളും നഷ്ടമായേക്കാവുന്നത് ഒഴിവാക്കാമായിരുന്നു,’ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും (ജിഎസ്‌ഐ) റിമോട്ട് സെന്‍സിംഗ് ആപ്ലിക്കേഷന്‍ സെന്ററിലെയും (ആര്‍എസ്എസി) ഉന്നത ശാസ്ത്രജ്ഞര്‍ ദുരന്തത്തിന് ശേഷം അഭിപ്രായപ്പെട്ടു. രണ്ട് സംഘടനകള്‍ക്കും ഈ മേഖലയില്‍ മികച്ച വൈദഗ്ധ്യമുണ്ട്. ഇത്തരം പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട മേഖലകളില്‍ അവര്‍ ഇതിനകം തന്നെ ഗണ്യമായ ഗവേഷണം നടത്തിയിട്ടുണ്ട്.

അധികാരികള്‍ റിമോട്ട് സെന്‍സിംഗ് മാപ്പുകള്‍ പറയുന്നത് ശ്രദ്ധിച്ചിരുന്നില്ല. അതന്ത്യം അപകടകരമായ മാല്‍പ്പയിലെ മേഖലകളെ കുറിച്ച് മാപ്പില്‍ പറയുന്നത് ദുരന്തം നടന്ന മേഖല തീര്‍ത്ഥാടനത്തിന് കടന്നു പോകാന്‍ പറ്റാത്ത വിധം വളരെ അപകടം നിറഞ്ഞ മേഖലയെന്നാണ്. ഒരു ഉയര്‍ന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞത്, ഇത് വിലയിരുത്തി യാത്ര ദിശ മാറ്റിയിരുന്നെങ്കില്‍ മാല്‍പ്പാ ദുരന്തത്തില്‍ ഇത്രയേറെ മനുഷ്യഹാനി സംഭവിക്കുകയില്ലായിരുന്നുവെന്നാണ്.

ഭാവിയില്‍ സമാനമായ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സമയോചിത നടപടികള്‍ സ്വീകരിക്കണമെന്നും യാത്രയുടെ സമയക്രമം മാറ്റണമെന്നും ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ സ്ഥിരതയുള്ള ഭൂപ്രദേശം തിരഞ്ഞെടുക്കുണമെന്നും വിദ്ഗധര്‍ പറയുന്നു. ദുരന്തങ്ങള്‍ ഒരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു: ഹിമാലയം കൂടുതല്‍ ദുര്‍ബലമാവുകയാണ്, ഒപ്പം അപകടകാരിയും.  Malpa landslide one of the worst landslides in india

Content Summary; Malpa landslide one of the worst landslides in india

Advertisement
×