സ്റ്റീൽ അലുമിനിയം ഉത്പന്നങ്ങൾക്ക് പുറമേ ചെമ്പിന് 50 ശതമാനം തീരുവ ഉയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്ന തീരുവ ഇരട്ടിയാക്കി 200 ശതമാനമായി വർദ്ധിപ്പിച്ചതായും ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഈ തീരുവ പരിഷ്കരണം ഇന്ത്യയെ കാര്യമായി ബാധിക്കുമെന്ന വിലയിരുത്തലുകളുണ്ട്.
2024–25 സാമ്പത്തിക വർഷത്തിൽ ആഗോളതലത്തിൽ 2 ബില്യൺ ഡോളർ മൂല്യമുള്ള ചെമ്പും ചെമ്പ് ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്തത് ഇന്ത്യയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്. ഇന്ത്യൻ കയറ്റുമതിയുടെ 17 ശതമാനം അഥവാ 360 മില്യൺ ഡോളർ യുഎസിൽ നിന്നാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ വിപണിയും അമേരിക്കയാണ്.
ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള മരുന്നുകളുടെ കയറ്റുമതി 2025 സാമ്പത്തിക വർഷത്തിൽ 9.8 ബില്യൺ ഡോളറായി ഉയർന്നിരുന്നു. 2024ൽ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ കയറ്റുമതി 8.1 ബില്യൺ ഡോളറായിരുന്നു ഇതിൽ നിന്നാണ് 9.8 ബില്യൺ ഡോളറായി ഉയർന്നത്. ഏകദേശം 21 ശതമാനം വർദ്ധനവാണ് 6 മാസത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ ഇന്ത്യയുടെ മുഴുവൻ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ 40 ശതമാനവും ലഭിക്കുന്നത് യുഎസ് കയറ്റുമതിയിൽ നിന്നാണ്. ഇറക്കുമതി ചെയ്യുന്ന സെമികണ്ടക്ടറുകൾക്കും ഫാർമസ്യൂട്ടിക്കലുകൾക്കും തീരുവ ചുമത്താൻ പദ്ധതിയിടുന്നതായും മരുന്നുകളുടെ തീരുവ 200 ശതമാനമായി ഉയർത്താനും സാധ്യതയുണ്ടെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. മരുന്ന് നിർമ്മാതാക്കൾക്ക് അവരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു വർഷത്തോളം സമയം നൽകുമെന്നും ട്രംപ് പറഞ്ഞു. ബ്രിക്സിനെതിരെയും വിമർശനവുമായി ട്രംപ് രംഗത്ത് വന്നിരുന്നു. ബ്രിക്സ് അമേരിക്കൻ വിരുദ്ധമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ബ്രിക്സിനോട് ചേർന്നു നില്ക്കുന്ന രാജ്യങ്ങൾക്ക് മേൽ പത്തു ശതമാനം അധിക തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
സൗദി അറേബ്യയിലേക്കും ചൈനയിലേക്കുമാണ് ഇന്ത്യ ഏറ്റവും കൂടുതൽ ചെമ്പ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ ചെമ്പ് കയറ്റുമതി വിപണിയാണ് യുഎസ് എന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു. ഒരു നിർണായക ധാതുവെന്ന നിലയിൽ ചെമ്പിന്റെ വിപണനത്തിൽ നിന്ന് ലാഭമുണ്ടാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. താരിഫ് പരിഷ്കരമം നടപ്പിലാവുന്നതോടെ യുഎസ് ഡിമാൻഡിൽ ഉണ്ടാകുന്ന ഏത് ഇടിവും ഇന്ത്യയുടെ ആഭ്യന്തര വ്യവസായത്തിന് തിരിച്ചടിയായേക്കാം.അമേരിക്കൻ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് താങ്ങാനാവുന്ന വിലയ്ക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതിൽ ഇന്ത്യയുടെ ജനറിക്സ് വ്യവസായം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ 200 ശതമാനം തീരുവ ഏർപ്പെടുത്തുന്നത് ഇന്ത്യൻ വ്യവസായത്തെ സാരമായി ബാധിക്കും. ജപ്പാൻ, ദക്ഷിണകൊറിയ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
content summary: Will Trump’s 200 percentage duty on pharmaceutical products be a setback for India?