April 25, 2025 |

തങ്കലാന്‍; സ്റ്റാര്‍ഡവും രാഷ്ട്രീയവും കൃത്യമായി പരുവപ്പെടുത്തുന്ന പാ രഞ്ജിത്ത്

കൂടുതല്‍ വലുതാകുന്ന തെന്നിന്ത്യന്‍ സിനിമകള്‍

ദക്ഷിണേന്ത്യന്‍ സിനിമകള്‍ അതിന്റെ വിഷ്വല്‍ സ്പാന്‍ എത്രത്തോളം വലുതാക്കാമോ അതിലേക്ക് കടന്നു കഴിഞ്ഞു. ബാഹുബലിയും ആര്‍. ആര്‍ ആറും നല്‍കിയ നറേഷന്റെ സ്വഭാവവും ചിത്രങ്ങള്‍ നേടിയ വ്യാവസായിക വിജയവുമാവാം ഒരു പക്ഷേ തെന്നിന്ത്യന്‍ സിനിമ നിര്‍മ്മാതാക്കളെ അല്പം കടന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന സത്യം വിസ്മരിക്കാന്‍ കഴിയില്ല. വേള്‍ഡ് വൈഡ് മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ കൂടി തെളിയുകയും ബോളിവുഡിന്റെ സമീപകാല തകര്‍ച്ചയും തെന്നിന്ത്യന്‍ സിനിമയ്ക്ക് ഗുണകരമായതായി വിലയിരുത്താം.

മിത്തും ചരിത്രവും സമൂഹവുമൊക്കെ മറ്റൊരു വിവരണ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചിലര്‍ക്ക് കഴിയുന്നുണ്ട്. കുറഞ്ഞ മുടക്കു മുതലില്‍ നിര്‍മിച്ച കാന്താര പോലുള്ള ചിത്രങ്ങള്‍ കഥ പറച്ചിലിന്റെ ലൗഡ്‌നസ് ഒന്നു കൊണ്ടു മാത്രമാണ് പടര്‍ന്നു കയറിയത്. ആര്‍ട്ട് ഹൗസ് മൂവികളെയും വ്യവസായ ചിത്രങ്ങളെയും എങ്ങനെ കാണണം എന്നും പ്രേക്ഷകര്‍ മനസിലാക്കി തുടങ്ങിയതും സിനിമകളിലെ തിയറ്റര്‍ മസ്റ്റ് വാച്ച് എന്ന വേര്‍തിരിവ് ശക്തമാകുകയും ചെയ്തത് പുതിയ കാലത്തിന്റെ പ്രത്യേകതയായി മാറി. കെ.ജി.എഫ് ദ്വയങ്ങളും കല്‍കിയും ലിയോയും വിക്രമും ഒക്കെ നേടിയ വിജയങ്ങളെ ഇത്തരത്തില്‍ കാണാവുന്നതാണ്.

ഭാരതി രാജയ്ക്കു ശേഷം റിയലിസ്റ്റിക്കായി തമിഴ്‌നാടിന്റെ തനത് ജനസംസ്‌കാരത്തിന്റെ കഥകള്‍ രൂപം കൊണ്ടപ്പോള്‍ വയലന്‍സ് ഒരു ബൈപ്രൊഡക്ടായി കൂടെ സഞ്ചരിക്കാന്‍ തുടങ്ങി. സുബ്രഹ്‌മണ്യപുരവും പരിയേറും പെരുമാളും വെയിലുമൊക്കെ ഇത്തരത്തില്‍ രൂപപ്പെടുകയും അവ തമിഴ്‌നാടും കടന്ന് മലയാളത്തിലും കാഴ്ചക്കാരെ നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ വ്യക്തമായ ആശയനിലപാടുമായി രംഗത്തുവന്ന പാ രഞ്ജിത്ത് തന്റെ ചിന്തകളെ വിഷ്വലൈസ് ചെയ്യുന്നതിലുപരി കുറേ കൂടി ജനകീയമാക്കാനുള്ള തയ്യാറെടുപ്പാണ് നടത്തിയത്. കാലയും കബാലിയും രജനികാന്ത് എന്ന സൂപ്പര്‍താരത്തിലൂടെ കുറേ കൂടി വലിയ ക്യാന്‍വാസിലേക്ക് നീട്ടിക്കൊണ്ട് ഇത്തരത്തിലുള്ള ചിന്തകള്‍ പകരാന്‍ കഴിയുമെന്ന് പാ രഞ്ജിത്തിന് ബോധ്യമുണ്ടായിരുന്നു. സ്റ്റാര്‍ഡവും രാഷ്ട്രീയവും പ്രത്യേകിച്ച് കറുപ്പിന്റെ രാഷ്ട്രീയവും കൃത്യമായി പരുവപ്പെടുത്തുവാനുള്ള ശ്രമങ്ങളായിരുന്നു അവ. ഇതേ സമയം തന്നെ മാരി ശെല്‍വരാജും ടി.ജി ജ്ഞാന വേലുമൊക്കെ സമാന പാതയിലൂടെ രഞ്ജിത്തിനൊപ്പം സഞ്ചരിച്ചു തുടങ്ങി. മാമന്നനും കര്‍ണ്ണനും ജയ് ഭീമും ഒക്കെ പ്രേക്ഷകരിലേക്കെത്തി.

ഏറ്റവും ഒടുവിലായി വിക്രമെന്ന താരത്തിലൂടെ തങ്കലാനും. ബ്രിട്ടിഷ് അധിനിവേശ കാലത്ത് കോലാര്‍ ഖനി തേടിപ്പോയ തങ്കലാന്റെ വായ്‌മൊഴിപ്പഴമയാണ് പാ രഞ്ജിത്ത് പുനരാവിഷ്‌ക്കരിച്ചത്. ആശ്രിതത്വത്തിന്റെ അടിമ ജീവിതം നയിച്ച തങ്കലാന്‍ എന്ന അടിസ്ഥാനവര്‍ഗ്ഗ മനുഷ്യന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞ ഭ്രാന്തമായ കിനാവായിരുന്നു അകലെയെവിടെയോ നിധിപോലെ ഒളിഞ്ഞിരിക്കുന്ന പൊന്നും അത് നല്‍കുന്ന ഉണര്‍വുള്ള ജീവിതവും. സാഹചര്യം അനുകൂലമായപ്പോള്‍ അതിനുപരി അസഹനീയമായപ്പോള്‍ അയാള്‍ അപകടകരമായ ആ യാത്രയിലേക്ക് കടന്നു. മനസ് നിറയെ അസ്തിത്വത്തെപ്പറ്റിയുള്ള ചിന്തയും പതഞ്ഞു കയറുന്ന ദ്രാവിഡ ബിംബങ്ങളും പ്രതിരോധത്തിന്റെ ശക്തിയും ഒക്കെ ഉയരുമ്പോഴും എപ്പോഴും അടിച്ചമര്‍ത്തപ്പെടാന്‍ സാധ്യതയുള്ള ജാതീയതയും അയാള്‍ക്കൊപ്പമുണ്ടായിരുന്നു.

പാ രഞ്ജിത്ത് തന്റെ ഇതര ചിത്രങ്ങളില്‍ ഇഴ ചേര്‍ത്ത അംബേദ്കറിസ്റ്റ് പൊളിറ്റിക്‌സ് തങ്കലാനിലും വളരെ ബുദ്ധിപൂര്‍വം ചേര്‍ത്ത് വിടുന്നുണ്ട്. വസ്ത്രത്തിന്റെ രാഷ്ട്രീയം ആംഗലേയ ഭാഷയുടെ രാഷ്ട്രീയം ബുദ്ധചിന്തയുടെ പുന:സ്ഥാപനം ബ്രാഹ്‌മണിക്കല്‍ ചിന്തകളും പൂണൂലിട്ട് ബ്രാഹ്‌മണനാകന്‍ ശ്രമിക്കുന്ന ദളിത് പക്ഷവുമൊക്കെ കഥയില്‍ കടന്നുപോകുന്നു. ആത്യന്തികമായി ഒരു ഫിക്ഷന്‍ പരുവത്തിലാണ് തങ്കലാന്‍ നമുക്ക് മുന്നിലെത്തുന്നത്.

റിഡ്‌ലി സ്‌കോട്ട് ഒരുക്കിയ ഗ്ലാഡിയേറ്ററിന്റെ ഏറ്റവും മനോഹരമായ വശം റസല്‍ക്രോ എന്ന നടന്റെ മിതത്വമാര്‍ന്ന അഭിനയമായിരുന്നു. മാനസികാവസ്ഥ, മനുഷ്യത്വം, ഒടുങ്ങാത്ത പക, വീരപരിവേഷം ഇതൊക്കെ സന്നിവേശിപ്പിച്ചു കൊണ്ട് റസല്‍ക്രോ നടത്തുന്ന പരകായപ്രവേശം സിനിമ എത്ര കണ്ടാലും മടിപ്പുളവാക്കാത്ത ഫാക്ടറുകളില്‍ ഒന്നാണ്. വിക്രം ഉള്‍പ്പെടുന്ന തെന്നിന്ത്യന്‍ താരങ്ങള്‍ (മലയാളം ഒഴികെ) ഇപ്പോഴും ലൗഡ് ആക്ടിംഗിന്റെ മേഖലകളെ മുറുകെപ്പിടിക്കുന്നവരാണ്. മനസും ശരീരവും വേദിയിലേക്ക് പകര്‍ന്നു നല്‍കി 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ആംഫി തിയറ്റുകളില്‍ നടന്‍മാര്‍ സംവേദനം ചെയ്ത ലൗഡ് ആക്ടിങ്ങിന്റെ പരിഷ്‌കൃതരൂപമാണ് ഇവര്‍ പിന്തുടരുന്നത്. പഴയ കാലത്തെ ശിവാജി ഗണേശന്‍ മുതല്‍ കാന്താരയിലെ ഋഷഭ് ഷെട്ടി വരെ അപവാദമാകുന്നില്ല. ഒരു പക്ഷേ ഡയലോഗിന്റെ പോയറ്റിക് ഡലിവറിയും അതിനൊത്ത് നല്‍കേണ്ട ശാരീരിക ചലനങ്ങളുമാകാം ലൗഡ് ആക്ടിങ്ങിലേക്ക് ഇവരെ കൊണ്ടു പോകുന്നത്. എന്തായാലും തങ്കലാനിലെ വിക്രത്തിന്റെ ഭാവരൂപ പകര്‍ച്ച സിനിമയെ വളരെ മുന്നിലെത്തിക്കുന്നുണ്ട്. വിഭ്രാന്തിയുടെ ചണ്ഡാള ഭാവവും അടിമബോധവും പ്രണയഭാവവുമൊക്കെ വിക്രം വളരെ ഭദ്രമായി സംവേദനം ചെയ്യുന്നു. ഒപ്പം പാര്‍വതിയുടെ ഗംഗമ്മയും മികച്ച പിന്തുണയാണ് നല്‍കുന്നത്. ചലനങ്ങളിലും രൂപത്തിലുമെല്ലാം അവര്‍ മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു. പാര്‍വതിയുടെ ഇതുവരെയുള്ളതിലെ കരിയര്‍ ബെസ്റ്റ് എന്ന ലേബല്‍ തങ്കലാനിലൂടെ അവര്‍ നേടിക്കഴിഞ്ഞു. ഈ അടുത്ത കാലത്ത് വന്ന ഉള്ളൊഴുക്കും തങ്കലാനും വിലയിരുത്തിയാല്‍ മതിയാകും പാര്‍വതി തിരുവോത്ത് എന്ന നടിയുടെ പ്രൊഫഷണലിസം മനസിലാക്കാന്‍. ഒപ്പം മാളവിക മോഹന്റെ ആരതിയും. സംവിധായകന്റെ ദൃശ്യബോധത്തെ ഒപ്പം കൂട്ടുന്ന കിഷോര്‍ കുമാറിന്റെ ക്യാമറാ കണ്ണുകളും (ഒരു പക്ഷേ ഇവരുടെ ഒത്തു ചേരലില്‍ ഏറ്റവും മികച്ചതെന്നു കരുതിയ സര്‍പ്പാട്ടെ പരമ്പരയേക്കാള്‍ ഏറെ മുന്നിലാണ് തങ്കലാന്‍). ജി.വി പ്രകാശിന്റെ സംഗീത സാന്നിധ്യവും ചിത്രത്തിന്റെ പ്ലസ് പോയിന്റുകളായി നിലനില്‍ക്കും.

എന്നാല്‍ ആവര്‍ത്തിക്കപ്പെടുന്ന ആശയങ്ങളും ഡയലോഗിന്റെ അതിഭാവുകത്വവും അനാവശ്യ വിവരണവും ചിത്രത്തിന്റെ ആസ്വാദനത്തെ വല്ലാതെ തളര്‍ത്തുന്നുവെന്നും പറയാതെ വയ്യ.  pa. ranjith tamil movie thangalaan, vikram, parvathy thiruvoth

Content Summary; Pa. Ranjith tamil movie thangalaan, vikram, parvathy thiruvoth

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

Leave a Reply

Your email address will not be published. Required fields are marked *

×