ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ ആദ്യ വനിത പ്രസിഡന്റും രാജ്യത്തിന്റെ ഇതിഹാസ കായിക താരങ്ങളില്‍ ഒരാളുമായ ഒളിമ്പ്യന്‍ പി ടി ഉഷയ്‌ക്കെതിരേ അവിശ്വാസ പ്രമേയത്തിനൊരുങ്ങി ഐഒഎ. ഒക്ടോബര്‍ 25 ന് നടക്കുന്ന പ്രത്യേക ജനറല്‍ മീറ്റിംഗില്‍ ഉഷയ്‌ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് നീക്കം.
എക്സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിംഗിന്റെ അജണ്ട വിഷയങ്ങളിലെ പോയിന്റ് നമ്പര്‍ 26 അനുസരിച്ച്, ഭരണഘടനാ ലംഘനങ്ങളും ഇന്ത്യന്‍ കായികരംഗത്ത് ഹാനികരമായേക്കാവുന്ന നടപടികളും കണക്കിലെടുത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ഐഒഎ പരിഗണിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്നാണ് പറയുന്നത്.
ഉഷ നടപ്പാക്കിയ സ്പോണ്‍സര്‍ഷിപ്പ് കരാറുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുക, സിഇഒ നിയമനം, വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് 1.75 കോടി രൂപ വായ്പ അനുവദിച്ചത്, ഐഒഎ ട്രഷറര്‍ സഹദേവ് യാദവ്, അജയ് പട്ടേല്‍, ഭൂപീന്ദര്‍ സിംഗ് ബജ്വ, രാജലക്ഷ്മി സിംഗ് ദിയോ, അളകനന്ദ അശോക് എന്നിവരുള്‍പ്പെടെയുള്ള ഒന്നിലധികം എക്സിക്യൂട്ടീവുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് തുടങ്ങിയ വിഷയങ്ങളും അജണ്ടയിലെ മറ്റ് ഇനങ്ങളാണ്.
ഐഒഎ കൗണ്‍സിലില്‍ ഉഷയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഭൂരിപക്ഷം അംഗങ്ങളും പ്രസിഡന്റിനെതിരായ നിലപാടിലാണ്. യോഗ്യത മാനണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഒന്നിലധികം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക്, പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് അയിച്ചിരുന്നു. എന്നാല്‍ എതിരാളികള്‍ ആരോപിക്കുന്നത്, ഉഷ ഏകപക്ഷീയമായി അധികാരം കൈയാളുന്നുവെന്നാണ്. റിലയന്‍സുമായി ഉണ്ടാക്കിയ കരാറിന്റെ പേരില്‍ സിഎജി റിപ്പോര്‍ട്ട് ഉഷയ്‌ക്കെതിരേ നില്‍ക്കുന്ന സമയം കൂടിയാണിത്. റിലയന്‍സിന് ആനുകൂല്യം ചെയ്തു കൊടുക്കുക വഴി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് 24 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിഎജി റിപ്പോര്‍ട്ട് തള്ളുകയാണ് ഉഷ ചെയ്തത്. റിയലയന്‍സ് കരാറില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന വാദത്തില്‍ നില്‍ക്കുകയാണ് പ്രസിഡന്റ.് ഐഒഎയുടെ ട്രഷര്‍ സഹദേവ് യാദവിനെതിരേയാണ് ഉഷ പ്രധാനമായും ആരോപണം ഉയര്‍ത്തുന്നത്. യാദവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഉഷയുടെ പരാതി.
2022 ജൂലൈയില്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരം പാരിസ് ഒളിമ്പിക്സിലെ ഇന്ത്യ ഹൗസിന് റിലയന്‍സിന്റെ പേര് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ 2023 ജൂണില്‍ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി വ്യവസ്ഥകള്‍ മാറ്റിയതോടെ സ്പോണസര്‍ഷിപ്പ് സ്ഥാപനത്തിന്റെ പേര് നല്‍കാനാകില്ലെന്ന് വന്നു. ഇതിന്‍പ്രകാരം കരാര്‍ വ്യവസ്ഥകള്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വന്നുവെന്നും, കരാര്‍ പുതുക്കുന്നതില്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചിരുന്നുവെന്നുമാണ് ഉഷ പറയുന്നത്. ഇക്കാര്യങ്ങലെല്ലാം വിശദീകരിച്ചു സിഎജിക്കു മറുപടി നല്‍കിയിരുന്നു. യാദവ് ആരോപിക്കുന്നതുപോലെ ആരെയും അറിയിക്കാതെയല്ല, ഐഒഎ ഭരണസമിതിയംഗങ്ങളെ എല്ലാവരെയും അറിയിച്ച് തന്നെയാണ് കരാര്‍ പുതുക്കിയതെന്നും പി ടി ഉഷ പറയുന്നു.
എന്നാല്‍, അസോസിയേഷന്‍ ട്രഷറര്‍ സഹദേവ് യാദവ് ആരോപണങ്ങള്‍ എല്ലാം ഉഷയെ കേന്ദ്രീകരിച്ചാണ് ഉയര്‍ത്തുന്നത്. എക്‌സിക്യൂട്ടിവ് അംഗങ്ങളെ പോലും അറിയിക്കാതെയാണ് കരാര്‍ ഉണ്ടാക്കിയതെന്നാണ് യാദവ് ഉഷയ്‌ക്കെതിരേ ഉയര്‍ത്തുന്ന പരാതി.
2022ല്‍ ഉണ്ടാക്കിയ കരാറില്‍, ഇന്ത്യ ഹൗസിന് പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കണമായിരുന്നുവെന്നും, അതുണ്ടാകാത്തതാണ് കരാറിലെയും ടെന്‍ഡറിലെയും പിഴവുകള്‍ക്ക് കാരണമായതെന്നുമുള്ള ആരോപണമായിരുന്നു ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ ട്രഷറര്‍ സഹദേവ് യാദവ് ഉയര്‍ത്തുന്നത്. കരാര്‍ ഭേദഗതി ചെയ്യുമ്പോള്‍ എക്സിക്യൂട്ടീവ് കൗണ്‍സിലിനോടും സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയോടും കൂടിയാലോചിച്ചില്ലെന്നും യാദവ് ആരോപിച്ചിരുന്നു.
‘റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അത് എക്സിക്യൂട്ടീവ് ബോര്‍ഡിനോ ഫിനാന്‍സ് കമ്മിറ്റിക്കോ സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിക്കോ അറിവില്ലാത്ത കാര്യമാണ്. എന്തുകൊണ്ടാണ് കരാര്‍ മാറ്റിയതെന്നും ആരാണ് ഒപ്പിട്ടതെന്നും ഉത്തരം പറയേണ്ടത് അസോസിയേഷന്‍ പ്രസിഡന്റാണ്. ഇതു മൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു’- ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ സഹദേവ് യാദവ് ഉയര്‍ത്തിയ വിമര്‍ശനമാണിത്. pt usha could face a vote of no confidence, indian olympic association
Content Summary; pt usha could face a vote of no confidence, indian olympic association