വയനാട് പുൽപ്പള്ളിയിൽ വീട്ടിൽ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വീട്ടുടമ തങ്കച്ചന്‍ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. പതിനേഴ് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് തങ്കച്ചന്‍ ജയിൽ മോചിതനാകുന്നത്. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതി പ്രസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്ന് ആരോപിച്ച് തങ്കച്ചൻ, ഗൂഢാലോചനയിൽ പങ്കെടുത്ത പാർട്ടിക്കാരെ കണ്ടെത്തണമെന്നാണ് അഭ്യർത്ഥിക്കുന്നതെന്ന് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. പുൽപ്പള്ളിയിലെ വാർഡ് പ്രസിഡന്റും കോൺഗ്രസ് പ്രവർത്തകനുമാണ് തങ്കച്ചന്‍. ‘ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 ന് രാത്രി 11 മണിയോടെ പെരിക്കല്ലൂരിലെ വീട്ടിലെ വാതിലിൽ വടി കൊണ്ട് തട്ടുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ എഴുന്നേൽക്കുന്നത്. പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണെന്ന് ഉറപ്പുവരുത്തിയിട്ടാണ് പുറത്തിറങ്ങിയത്. വീട്ടിലെ കാർ പോർച്ചിലേക്ക് അവർ എന്നെ കൊണ്ടുപോയത്. പൊലീസ് ടോർച്ചടിച്ച് കാണിച്ചപ്പോഴാണ് കാറിനടിയിൽ കിടക്കുന്ന പാക്കറ്റ് എൻ്റെ ശ്രദ്ധയിൽ പെടുന്നത്. ഇതിനെക്കുറിച്ച് എനിക്കൊന്നുമറിയില്ലെന്നും നിങ്ങൾ തന്നെയാണോ പാക്കറ്റ് കൊണ്ടിട്ടതെന്ന് സംശയമുണ്ടെന്നും ഞാൻ പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ എന്നോട് ദേഷ്യപ്പെടുകയും ഏകദേശം 12 മണിയോടെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. 90 മില്ലി അളവിലുള്ള 20 കർണാടക മദ്യവും പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന 15 ജലാസ്റ്റിൻ സ്റ്റിക്കും ഡിറ്റനേറ്ററുമാണ് പാക്കറ്റിൽ ഉണ്ടായിരുന്നത്. റോഡിൽ നിന്നും പാക്കറ്റ് വലിച്ചെറിഞ്ഞാൽ കാർ പോർച്ചിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്. 25 മീറ്റർ മാത്രമാണ് റോഡും വീടും തമ്മിലുള്ള ദൂരം. വീടിന് ഗേറ്റുമില്ല.
രാത്രി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ എന്നെ അടുത്ത ദിവസം ഉച്ച കഴിഞ്ഞാണ് കോടതിയിൽ ഹാജരാക്കിയത്. തെറ്റ് ചെയ്തിട്ടില്ലെന്ന് പല തവണ ആവർത്തിച്ചിട്ടും പൊലീസ് കേൾക്കാൻ തയ്യാറായില്ല. കഴിഞ്ഞ ജൂലൈ 23ന് മുള്ളങ്കൊല്ലി പഞ്ചായത്ത് വികസന സമിതി യോഗം നടന്നിരുന്നു. അന്ന് അവിടെ വെച്ച് പാർട്ടിയിലെ ചില കാര്യങ്ങൾ പറഞ്ഞ് വാക്കുതർക്കമുണ്ടാവുകയും ഡിസിസി സെക്രട്ടറി എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിന്നെ വീട്ടിൽ കിടത്തിയുറക്കില്ലായെന്നാണ് ഡിസിസി സെക്രട്ടറി എന്നോട് പറഞ്ഞത്. അതിനെ തുടർന്നാണ് ഇങ്ങനെയൊരു കേസിൽ എന്നെ കുടുക്കിയതെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതിൽ രണ്ടാം വാർഡിലെ പഞ്ചായത്ത് മെമ്പർക്കും ഒരു ഓൺലൈൻ മീഡിയക്കും പങ്കുണ്ട്. പൊലീസ് കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചനയിൽ പങ്കെടുത്ത പാർട്ടിക്കാരെ കണ്ടെത്തിയാൽ മാത്രമേ ഇതിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാവുകയുള്ളൂ’, തങ്കച്ചന്‍ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
കഴിഞ്ഞ 22നാണ് രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. തങ്കച്ചന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്‍ഭാഗത്തുനിന്ന് സ്ഫോടക വസ്തുക്കളും മദ്യവുമടക്കം കണ്ടെടുക്കുകയായിരുന്നു. അന്ന് രാത്രി തന്നെ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തങ്കച്ചനെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റിയിരുന്നു.
Content Summary: pulppally liquor capture case; Thankachan seeks to identify party conspirators
This post was last modified on September 8, 2025 3:19 pm
Leave a Comment