ലോകത്തെ പ്രധാനപ്പെട്ട മാസികകളിൽ ഒന്നായ ടൈംസിൽ ഇടം പിടിച്ച് ഇന്ത്യക്കാരിയും. ജീവശാസ്ത്രജ്ഞയും വന്യജീവി സംരക്ഷക്ഷകയുമായ പൂർണിമ ദേവി ബർമൻ ആണ് ടൈംസ് മാസികയുടെ വുമൺ ഓഫ് ദി ഇയർ 2025 പട്ടികയിൽ സ്ഥാനം പിടിച്ചത്. അസാമാന്യ പ്രവർത്തികൾ ലോകത്തിന് വേണ്ടി കാഴ്ച്ചവച്ച 13 വനിതകളെയാണ് ടൈംസ് ആദരിച്ചത്.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട ഗ്രേറ്റർ അഡ്ജറ്റന്റ് സ്റ്റോർക്ക് എന്ന പക്ഷിയെ സംരക്ഷിക്കുന്നതിന് നിരന്തരം പരിശ്രമിച്ച ആളാണ് പൂർണിമ. അസം സ്വദേശിയായ പൂർണിമ 2007ലാണ് പിഎച്ച്ഡി ചെയ്യുന്നത്, ഈ സമയം അസമിലെ ഹർഗില എന്ന ഗ്രാമത്തിലെ അഡ്ജറ്റന്റ് സ്റ്റോർക്ക് എന്ന പക്ഷിയെക്കുറിച്ച് അറിയാൻ ഇടവരുന്നു. നിരവധി അഡ്ജറ്റന്റ് സ്റ്റോർക്ക് പക്ഷികൾ തിങ്ങി വസിക്കുന്ന മരം വെട്ടാൻ പോകുന്നുവെന്ന് ആ ഇടെയാണ് അവർക്ക് സന്ദേശം ലഭിക്കുന്നത്. ആ സന്ദേശം അവരുടെ ജീവിതം മാറ്റിമറിച്ചു.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പക്ഷികളെ ഗ്രാമത്തിലെ ആർക്കും തന്നെ ഇഷ്ടമല്ലെന്നും അതുകൊണ്ട് തന്നെ അവയുടെ കൂട് നശിപ്പിക്കുന്നതിനായി അവർ പല കാര്യങ്ങളും ചെയ്യുന്നതായി പൂർണിമ കണ്ടെത്തി, ഇത് നിർത്തുന്നതിനും പക്ഷികളെ സംരക്ഷിക്കുന്നതിനുമായി അവർ പ്രവർത്തനങ്ങൾ ആരംഭിച്ചു. പക്ഷികൾ പരിസ്ഥിതിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും പക്ഷികളുടെ ആവശ്യകതയും ഗ്രാമവാസികൾക്ക് മനസിലാക്കി കൊടുക്കുന്നതിന് ബോധവത്കരണം ആരംഭിച്ചു. തദ്ദേശഭരണകൂടവും തദ്ദേശീയരുമായി സഹകരിച്ചാണ് പൂർണിമ തന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കണ്ടുപോയത്. ഇതിലൂടെ സ്ത്രീകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ‘ഹർഗില ആർമി’ എന്ന സംരക്ഷണ സംഘടനയും അവർ സ്ഥാപിച്ചു. പക്ഷിക്കൂടുകൾ സംരക്ഷിക്കുകയും പക്ഷികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യുന്ന ഏകദേശം 2000ത്തിലധികം അംഗങ്ങളുടെ സംഘടനയാണ് ഇന്നിത്.
പൂർണിമയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഇന്ന് ഗ്രേറ്റർ അഡ്ജറ്റന്റ് എന്ന പക്ഷിയുടെ എണ്ണം വളരെ കൂടുതലാണ്. 2007ൽ വെറും 450 പക്ഷികൾ മാത്രമായിരുന്നു പക്ഷിയുടെ എണ്ണമെങ്കിൽ 2023ൽ ഇത് 1800 എണ്ണത്തിലേക്ക് വർധിക്കുകയായിരുന്നു. പൂർണിമയുടെ ശ്രമം ഫലം കണ്ടതോടെ ഐ യു സി എൻ ഈ പക്ഷിയെ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ നിരവധിയാളുകൾ പൂർണിമയ്ക്ക് അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. ഇന്ന് ലോകത്തെ തന്നെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകയാണ് പൂർണിമ ദേവി ബർമൻ.
content summary; Purnima Devi Barman is the only Indian woman named on TIME’s “Women of the Year” list