മമ്മൂട്ടി ചിത്രമായ പുത്തന്‍പണത്തെ അസാധുവാക്കി സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം. കുട്ടികള്‍ സഹിതം സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റ് നല്‍കാതെയും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് കാശ് തിരികെ നല്‍കിയും പുത്തന്‍പണത്തിന് എട്ടിന്റെ പണിയാണ് ഇപ്പോള്‍ തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
വിഷുവിന് എറണാകുളത്തെ തിയറ്ററുകളിലെല്ലാം ഈ ചിത്രത്തിന് വന്‍ തിരക്കായിരുന്നു. എന്നാല്‍ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായി എത്തിയവരോട് പുത്തന്‍പണത്തിന് എ സര്‍ട്ടിഫിക്കറ്റായതിനാല്‍ കാണാന്‍ പറ്റില്ലെന്നാണ് തിയറ്റര്‍ അധികൃതര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് ലുലു മാളിലെ തിയറ്ററില്‍ വന്‍ ബഹളമുണ്ടായി. മമ്മൂട്ടി-രഞ്ജിത് ചിത്രം കുടുംബത്തോടൊപ്പം കാണാന്‍ പറ്റില്ലെന്ന വാദം അംഗീകരിക്കില്ലെന്ന് പറഞ്ഞവരോട് സെന്‍സര്‍ബോര്‍ഡിന്റേതാണ് തീരുമാനമെന്നാണ് തിയറ്റര്‍ അധികൃതരുടെ മറുപടി.
അതേസമയം സംസ്ഥാനത്തെ ചില തിയറ്ററുകള്‍ ഇത് കാര്യമാക്കാതെ തന്നെ സിനിമ പ്രദര്‍ശിപ്പിക്കുകയും തിയറ്ററില്‍ എല്ലാ പ്രേക്ഷകരെയും അനുവദിക്കുകയും ചെയ്യുന്നുണ്ട്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന ഒരു ബാലന്‍ തോക്ക് ഉപയോഗിക്കുന്ന സീനുകള്‍ ഉണ്ടെന്നതാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണം.
കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന ജനപ്രീതി നേടിയ രഞ്ജിത്തും മെഗാസ്റ്റാറും ഒന്നിക്കുന്ന ചിത്രത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് പലയിടങ്ങളില്‍ നിന്നും ചോദ്യം ഉയരുന്നുണ്ട്. കുട്ടി തോക്ക് ഉപയോഗിക്കുന്ന രംഗങ്ങള്‍ വ്യക്തമല്ലാത്ത രീതിയില്‍ കാണിക്കണമെന്ന് സംവിധായകനോട് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമയ്ക്ക് അനിവാര്യമായ രംഗങ്ങള്‍ അവ്യക്തമാക്കുന്നത് സിനിമയെ തന്നെ ബാധിക്കുമെന്നതിനാല്‍ രഞ്ജിത്ത് അതിന് തയ്യാറായിരുന്നില്ല.
ഈ നിലപാടിനെ വെല്ലുവിളിയായി സ്വീകരിച്ച സെന്‍സര്‍ബോര്‍ഡ് ചിത്രം പതിനെട്ട് വയസിന് താഴെയുള്ളവര്‍ കാണാന്‍ അനുവദിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പുത്തന്‍പണത്തെ നിരീക്ഷിക്കാന്‍ അവര്‍ പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനേക്കാള്‍ ഗൗരവകരമായ രംഗങ്ങളില്‍ കുട്ടികള്‍ തന്നെ അഭിനയിച്ച നിരവധി സിനിമകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതിനൊന്നുമെതിരെ ഒരു നടപടിയും അന്ന് സ്വീകരിച്ചിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ചര്‍ച്ച ചെയ്യുന്ന അപൂര്‍വം ചില ചിത്രങ്ങളില്‍ ഒന്നാണ് ഇത്. ചിത്രത്തിന്റെ ട്രെയിലറിലും നോട്ട് നിരോധനത്തെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍സര്‍ ബോര്‍ഡ് ഇതിനാല്‍ ചിത്രത്തോട് പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുമ്പോള്‍ പോലും മുന്നറിയിപ്പ് നല്‍കാതെയാണ് തിയറ്ററില്‍ കുട്ടികളെയുമായി പ്രവേശിക്കുന്നത് വിലക്കുന്നത്.