യുക്രെയ്നിൽ പരിവർത്തന ഭരണത്തിന് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രെയ്ൻ സൈന്യത്തെ റഷ്യൻ സൈന്യം ഇല്ലാതാക്കുമെന്നും പുടിൻ അറിയിച്ചു. വെടിനിർത്തൽ നടപ്പിലാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രേരണ ചെലുത്തുന്നതിനിടെയാണ് പുടിന്റെ തീരുമാനം.
ആർട്ടിക് ഫോറത്തിൽ സംസാരിക്കുന്നതിനിടെയാണ് പുടിന്റെ പരാമർശം. ഈ തീരുമാനം ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ കഴിവുള്ള ഒരു സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാൻ സഹായിക്കുമെന്നും തുടർന്ന് റഷ്യയുമായി സമാധാന ചർച്ചകൾ നടത്താമെന്നും പുടിൻ കൂട്ടിച്ചേർത്തു.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ മോസ്കോയും വാഷിങ്ടണുമായുള്ള ബന്ധം വളർന്നതും കീവിനുള്ള സഹായം വെട്ടിക്കുറച്ചതുമെല്ലാം റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുടിന് കൂടുതൽ ആത്മവിശ്വാസം നൽകിയെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ പിന്തുണ നഷ്ടപ്പെട്ടാൽ റഷ്യക്ക് അനുകൂലമാകുന്ന സമാധാന കരാറിൽ രാജ്യം ഒപ്പുവെക്കേണ്ടി വരുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി ഭയക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
കീവിൽ മോസ്കോ അനുകൂല സർക്കാർ സ്ഥാപിക്കുക എന്ന തന്റെ ദീർഘകാല ലക്ഷ്യം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പുടിൻ. 2022 ൽ റഷ്യ യുക്രെയ്ൻ ആക്രമിച്ചപ്പോൾ, ദിവസങ്ങൾക്കുള്ളിൽ കീവ് പിടിച്ചെടുക്കാൻ റഷ്യ ലക്ഷ്യമിട്ടിരുന്നു.
2024 മെയ് മാസത്തിൽ സെലൻസ്‌കിയുടെ അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചതിനാൽ പുടിൻ തീരുമാനം കടുപ്പിക്കുമോയെന്ന ആശങ്കയിലാണ് യുക്രെയ്ൻ പ്രസിഡന്റ്. എന്നാൽ യുദ്ധസമയത്ത് തിരഞ്ഞെടുപ്പുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സംഘർഷത്തിനുശേഷം മാത്രമേ തിരഞ്ഞെടുപ്പ് കാത്തിരിക്കാവൂ എന്ന് സെലൻസ്‌കിയുടെ രാഷ്ട്രീയ എതിരാളികൾ പോലും അറിയിച്ചിട്ടുണ്ട്. 25 വർഷം റഷ്യ ഭരിക്കുകയും യഥാർത്ഥ മത്സരമില്ലാതെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തിട്ടും യുക്രെയ്ൻ ഒരു ജനാധിപത്യ രാജ്യമല്ലെന്നാണ് പുടിൻ കുറ്റപ്പെടുത്തുന്നത്.
യുക്രെയ്‌നിന്റെ ഊർജ്ജ സ്ഥാപനങ്ങൾ ആക്രമിക്കുന്നത് മോസ്കോ നിർത്തിയതായും പുടിൻ അവകാശപ്പെട്ടു. എന്നാൽ കീവ് ഇതിനെ എതിർക്കുകയാണ് ചെയ്തത്. വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ യുഎസ് ശ്രമിച്ചിട്ടും പുടിൻ വെടിനിർത്തൽ നിരസിക്കുകയും 30 ദിവസത്തേക്ക് യുക്രെയ്നിന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ റഷ്യ ഈ കരാർ ലംഘിച്ചുവെന്ന് യുക്രെയ്ൻ ആരോപിക്കുകയും വാഷിംഗ്ടണിനോട് പ്രതികരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
യുക്രെയ്ൻ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അതേസമയം, റഷ്യ ഒറ്റരാത്രികൊണ്ട് ഡസൻ കണക്കിന് ഡ്രോണുകൾ വിക്ഷേപിച്ചുവെന്നും ഇത് തെക്ക് ഭാഗത്ത് തീപിടുത്തത്തിന് കാരണമായെന്നും യുക്രെയ്ൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റവും പുതിയ ആക്രമണങ്ങളിൽ 163 റഷ്യൻ ഡ്രോണുകൾ ഉണ്ടായിരുന്നതായി യുക്രെയ്ൻ വ്യോമസേന റിപ്പോർട്ട് ചെയ്തു. കത്തുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ അടിയന്തര സേവനങ്ങൾ പങ്കുവെക്കുകയും ഒരാൾക്ക് പരിക്കേറ്റതായി അറിയിക്കുകയും ചെയ്തു.
Content Summary: Putin Vows to ‘Finish Off’ Ukrainian Troops, wants a capable government to come to power through democratic elections
Leave a Comment