UPDATES

നിശബ്ദനാകുന്ന അന്‍വറും ബാക്കിയാകുന്ന ചോദ്യങ്ങളും

എന്തെല്ലാമായിരുന്നു നിലമ്പൂര്‍ എംഎല്‍എയുടെ പരാതികളും ആരോപണങ്ങളും?

                       

കേരള രാഷ്ട്രീയത്തിൽ വീണ്ടുമൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് നിലമ്പൂർ എംഎൽഎ. ഇതാദ്യമായല്ല ഇത്തരത്തിലുള്ള രാഷ്ട്രീയ കൊടുങ്കാറ്റ് അദ്ദേഹം അഴിച്ചുവിടുന്നത്. സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നാവിശ്യപെട്ടും എംഎൽഎ വിവാദത്തിൽപ്പെട്ടിരുന്നു. PV Anwar MLA

വിവാദം ആരംഭിക്കുന്നു

ഓഗസ്റ്റ് അവസാനത്തിൽ മലപ്പുറത്ത് നടന്ന സംഭവ വികാസങ്ങളുടെ ബാക്കിയായാണ് വിവാദങ്ങൾ ഉടലെടുക്കുന്നത്. ഓഗസ്റ്റ് 20 ന് മലപ്പുറത്തെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് പിവി അൻവർ ആദ്യമായി എസ്‌പി എസ്.ശശിധരനെ കടന്നാക്രമിക്കുന്നത്. സർക്കാർ ഭവനപദ്ധതിക്ക് മണ്ണെടുക്കാൻ അനുവദിക്കാത്തതും പെറ്റിക്കേസുകൾ വർധിപ്പിച്ചതും തന്റെ പാർക്കിൽനിന്നു മോഷണം നടത്തിയവരെ പിടികൂടാത്തതുമാണ് എംഎൽഎയെ ചൊടിപ്പിച്ചത്. അസോസിയേഷന്റെ സമ്മേളന വേദിയിൽ എസ്‌പി വൈകിയാണ് എത്തിയത്. ഇതിൽ കുപിതനാകുകയായിരുന്നു എംഎൽഎ. കൂടാതെ ഐപിഎസ് ഉദ്യോഗസ്ഥരുടെ അഴിമതിയും പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഐപിഎസുകാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനമാണെന്നാണ് അദ്ദേഹം പ്രസംഗിച്ചത്.

സംഗതി വിഷയമായതോടെ, എസ്‌പി ശശിധരനെ വിമർശിച്ച പിവി അൻവർ എംഎൽഎ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷൻ രംഗത്തെത്തി. എന്നാൽ മാപ്പ് പറയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’.
അദ്ദേഹം പരിഹസിച്ചു. ഐപിഎസ് അസോസിേയഷൻ എന്നോട് മാപ്പ് പറയാൻ ആവശ്യപ്പെടുമെന്ന് തോന്നുന്നില്ല. കാര്യങ്ങൾ അറിയാതെ പറയാനേ തരമുള്ളു. ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. സത്യത്തിൽ ജനങ്ങളോട് മാപ്പ് പറയണ്ടത് എസ്‌പിയാണ്.” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിമർശനങ്ങൾ അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് മാസം അവസാനം എംഎൽഎ എസ്പിയുടെ ഔദ്യോഗിക വസതിയിലെത്തി. ഈ വസതിക്ക് സമീപമുണ്ടായിരുന്ന തേക്കും മഹാഗണിയും മുറിച്ചുകടത്തിയെന്ന് എസ് ശശിധരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നതിന് രണ്ട് വർഷം മുൻപ് ഒരാരോപണം ഉയർന്നിരുന്നു. ഈ കുറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സ്ഥലത്തെത്തിയത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞതോടെ അദ്ദേഹം അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കയറാതെ തിരികെ പോയി. എന്നാൽ അദ്ദേഹം കുറച്ചു സമയത്തിനുളിൽ തിരികെ എത്തി. പക്ഷെ കയ്യിൽ കരുതിയ പ്ലക്കാഡുകളുമായി അദ്ദേഹം ഒരു ചുവന്ന കസേരയിൽ വസതിക്ക് മുന്നിൽ ഇരുപ്പുറപ്പിച്ചു. 2021 ൽ സംഭവം നടക്കുമ്പോൾ എസ് സുജിത് ദാസ് ആയിരുന്നു മേധാവി.

മരം മുറിയിൽ പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാൻ വിമുഖത കാണിച്ചെന്നാരോപിച്ചാണ് അദ്ദേഹം കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പുട്ടിന് പീര പോലെയാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും ആവശ്യം ഉന്നയിച്ചത്. 2023 – ൽ ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി വി അൻവർ എംഎൽഎ ഡിജിപിക്ക് പരാതി നൽകിയിരുന്നു. അന്ന് പൊലീസിന്റെ വയർലെസ് സെറ്റുകൾ ഹാക്ക് ചെയ്ത കുറ്റകരമായ രീതിയിൽ പ്രചരിപ്പിച്ചെന്ന കേസും ചുമത്തിയിരുന്നു. ഈ ആരോപണങ്ങൾ അദ്ദേഹം വീണ്ടും ആരോപിച്ചു. പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഉടമയിൽനിന്നു കൈക്കൂലി വാങ്ങി അയാളെ രക്ഷിച്ച എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളുമായി പിവി അൻവർ ഓഗസ്റ്റ് 30 ന് കുത്തിയിരിപ്പ് പ്രതിഷേധം ആരംഭിച്ചു.

എസ് പി സുജിത് ദാസ് സീനിലേക്ക് കടന്നു വരുന്നു

ഇതിന് പിന്നാലെ മരം മുറി വിഷയത്തിൽ നിലവിലെ മലപ്പുറം എസ്പിക്കു പി വി അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്പി സുജിത്ദാസ് അദ്ദേഹത്തെ ബന്ധപ്പെടുന്നത്. എംഎൽഎയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള ശബ്ദ സന്ദേശം പുറത്തുവന്നതോടെ വിഷയം വീണ്ടും ഗുരുതരമായി. പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് അൻവറിനോട് പറയുന്നു. എംഎൽഎ തന്നെയാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.

കൂടാതെ എഡിജിപിക്കും നിലവിലെ മലപ്പുറം എസ്പി ശശിധരനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളും സംഭാഷണത്തിലുണ്ടായിരുന്നു. പി ശശിയുടെ വലംകൈയാണ് അജിത്കുമാറെന്നും, പൊലീസ് സേനയിൽ അജിത്ത് കുമാർ സർവശക്തനാണെന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് അദ്ദേഹമാണെന്നും സുജിത് ദാസ് അൻവറിനോട് പറയുന്നുണ്ട്. ഇവർക്ക് പുറമെ എസ്പി ശശിധരനെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. സംസ്ഥാനത്തെ പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണെന്ന തരത്തിൽ പലയിടങ്ങളിൽ നിന്ന് ആരോപണം ഉയർന്നു. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംആർ അജിത് കുമാർ രംഗത്തെത്തി.

നിലവിലെ പത്തനംതിട്ട എസ്‌പി കൂടിയയായ സുജിത് ദാസ് മൂന്നുദിവസത്തെ അവധിയിൽ പ്രവേശിച്ചു. തിരുവനന്തപുരത്ത് എത്തി എഡിജിപി എംആർ അജിത് കുമാറിനെ കാണാൻ ശ്രമിച്ചെങ്കിലും സന്ദർശനത്തിന് അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെയാണ് അവധിയിൽ പ്രവേശിച്ചത്. പിന്നാലെ എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാർശ നൽകി. സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ സർവീസ് ചട്ടം ലംഘിച്ചതായും കണ്ടെത്തി. സെപ്റ്റംബർ 2 ന് എസ്പിയെ സ്ഥലം മാറ്റുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. വിജി വിനോദ് കുമാറിനെയാണ് പത്തനംതിട്ട എസ്പിയായി നിയമിച്ചിരിക്കുന്നത്.

എംഎൽഎയുടെ ആദ്യ ഘട്ട ആരോപണങ്ങൾ

ഓഗസ്റ്റ് 31 ശനിയാഴ്ച എസ്പി സുജിത് ദാസുമായി താൻ നടത്തിയ ഫോൺസംഭാഷണം പുറത്തുവിട്ട അൻവർ,ഞായറാഴ്ച വീണ്ടും മാധ്യമങ്ങളെ കണ്ടു. മറ്റൊരു രാഷ്ട്രീയ കൊടുങ്കാറ്റാണ് അദ്ദേഹം അഴിച്ചു വിട്ടത്. വാർത്താസമ്മേളനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം ആർ അജിത് കുമാറിൻ്റെ റോൾമോഡൽ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകും.

പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ എസ് സുജിത് ദാസ് അടിച്ചു മാറ്റി. നേരത്തേ കസ്റ്റംസിൽ ജോലി ചെയ്തിരുന്ന സുജിത് ദാസ് ആ ബന്ധം ഇതിനായി ഉപയോഗപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നത്. അജിത് കുമാറിന്റെ പ്രത്യേക അസിസ്റ്റന്റ് വഴി സൈബർ സെല്ലിൽ നിന്ന് എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോൺകോൾ ചോർത്താനാണെന്നും അദ്ദേഹം വെളുപ്പെടുത്തി.

വാർത്താസമ്മേളനത്തിലും കാര്യങ്ങൾ നിന്നില്ല. സെപ്റ്റംബർ 2 തിങ്കളഴ്ച എംഎൽഎ വീണ്ടും മറ്റൊരു ശബ്ദ സന്ദേശവുമായി രംഗത്തെത്തി. സ്വകാര്യതയ്ക്കുവേണ്ടി പേര് വെളിപ്പെടുത്താൻ കഴിയില്ലെന്ന് പറയുന്ന വ്യക്തി താൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണെന്നാണ് അവകാശപ്പെടുന്നത്. കൂടാതെ ശബ്ദത്തിലൂടെ ആളെ തിരിച്ചറിയാതിരിക്കാൻ ശബ്ദം മാറ്റിയാണ് സംസാരിക്കുന്നതെന്നും പറയുന്നു. സ്വർണ്ണക്കടത്തും ഫോൺ ചോർത്താലും തുടങ്ങി അൻവർ കഴിഞ്ഞ ദിവസം ആരോപിച്ച സംഭവങ്ങളിൽ അജിത് കുമാറിന് വ്യക്തമായ പങ്കുണ്ടെ ന്നാണ് വ്യക്തി പറയുന്നത്. സോളാർ കേസ് പരാതിക്കാരിയുമായി അജിത് കുമാറിന് ബന്ധമുണ്ടെന്നും, അവരെ കേസിൽ പുരോഗതിയുണ്ടാകില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതായും ഇതോടെ ജയിലിലേക്ക് പോകേണ്ട പലരും നിയമസഭയിലും ലോകസഭയിലും വീണ്ടും എത്തിയതായും സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്.

കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കള്ളക്കടത്തിൽ ഗ്രൂപ്പുമായി എഡിജിപിക്ക് ബന്ധമുണ്ട്. ഇത് കൈകാര്യംചെയ്യുന്നത് തൃശ്ശൂരിലെ ഭാര്യയുടെ ബന്ധുക്കളാണ്. തുടങ്ങിയ വിവരങ്ങളാണ് മാധ്യമങ്ങളെ കേൾപ്പിച്ച ശബ്ദ സന്ദേശത്തിൽ ഉണ്ടായിരുന്നത്. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ സരിതക്ക് ഉറപ്പ് നൽകി. ഇതോടെ സരിത പല മൊഴികളും മാറ്റി. വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്താൻ സഹായിക്കുന്നത് മുജീബ് എന്നയാളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്.

ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തിൽ അജിത്കുമാർ കണ്ണിയാണ്. സ്വർണക്കടത്ത് വിവരങ്ങൾ അജിത് കുമാറിന്റെ സംഘം എസ്പി സുജിത് ദാസിന് കൈമാറുകയാണ് പതിവ്. മലപ്പുറം എടവണ്ണയിൽ റിദാൻ ബാസിൽ (27) വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലും ദുരൂഹത ആരോപിച്ചു. പ്രതിയായി ചേർക്കപ്പെട്ടത് റിദാൻ ബാസിലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഷാൻ ആണ്. റിദാന്റെ ഭാര്യയ്ക്കും ഷാനിനും തമ്മിൽ വിവാഹതേര ബന്ധം ഉണ്ടെന്നും, ഇക്കാരണം കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കെട്ടിച്ചമക്കാൻ ശ്രമിച്ചത്. ഇതിനുവേണ്ടി ഭാര്യെയ പോലീസ് ദേഹോപദ്രവും ചെയ്തതായും പറയുന്നു.

ദാനു കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരമുണ്ടായിരുന്നു. റിദാന്റെ ഫോൺ പൊലീസ് കണ്ടെത്തിയില്ല. പകരംഫോൺ ചാലിയാറിൽ എറിഞ്ഞുവെന്ന് സമ്മതിക്കണമെന്നു ഷാനെ നിർബന്ധിച്ചു. സോളാർ കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എംആർ അജിത്ത് കുമാറാണെന്ന് എംഎൽഎ ആരോപിക്കുന്നത്. എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു വീട് പണിയുന്നുണ്ട്. കവടിയാറിൽ 15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത്ത് കുമാർ പണിയുന്നതെന്നും പി വി അൻവർ ആരോപിച്ചു.

ഇത്രയും പണം എവിടെനിന്നാണെന്നാണ് അദ്ദേഹം പ്രധനമായും ചോദിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ തള്ളികൊണ്ടാണ് കോട്ടയത്ത് വച്ച് എഡിജിപി മാധ്യമങ്ങളെ കണ്ടത്. ‘തനിക്കെതിരെ നിലവിൽ ഉയർന്നു കേൾക്കുന്ന ആരോപങ്ങളിൽ അന്വേഷണം ആവശ്യപെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയിട്ടുണ്ട്. നിജസ്ഥിതി പുറത്തുവരട്ടെ’ അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങളും, വെളിപ്പെടുത്തലുകളും ആദ്യ ഘട്ടമാണെന്നാണ് പറഞ്ഞ അൻവർ രണ്ടാം ഘട്ടത്തിൽ മുഖ്യ മന്ത്രിയെ കണ്ടു. സെപ്റ്റംബർ 3 ന് അരമണിക്കൂറോളം നീണ്ട കൂടികാഴ്ച്ചയാണ് നടത്തിയത്. തന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റേതാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

 

Content summary; PV Anvar MLA, sparked a controversy that implicated ADGP Ajith Kumar, P. Shashi, and SP Sujith Das. PV Anwar MLA

Share on

മറ്റുവാര്‍ത്തകള്‍