ഷോര്‍ട്‌സ് ധരിക്കുന്നതും മറ്റുള്ളവരോട് മിണ്ടുന്നതും കുറ്റം; മകളെ മനസിലാക്കാതെ നാട്ടുകാര്‍ പറയുന്നത് കേട്ടു

ടെന്നീസ് താരം രാധിക യാദവിന്റെ മരണത്തില്‍ സുഹൃത്ത്

 

ഹരിയാനയില്‍ പിതാവിന്റെ വെടിയേറ്റ് മരിച്ച ടെന്നീസ് താരം രാധിക യാദവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് ഹിമാന്‍ഷിക സിംഗ്. വര്‍ഷങ്ങളായി ദുരിതപൂര്‍ണമായ ജീവിതമായിരുന്നു രാധികയുടെതെന്നും, അച്ഛനായിരുന്നു രാധികയുടെ ജീവിതം നിയന്ത്രിച്ചിരുന്നതെന്നുമാണ് ഉറ്റസുഹൃത്തും ടെന്നീസ് താരവുമായ ഹിമാന്‍ഷിക ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. രാധികയും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെ കുറിച്ച്, പ്രത്യേകിച്ച് പിതാവുമായുള്ള പ്രശ്‌നങ്ങളെ കുറിച്ചാണ് വീഡിയോ പറയുന്നത്.

‘മകള്‍ക്ക് എന്താണ് വേണ്ടത് എന്നതിനേക്കാള്‍, നാട്ടുകാര്‍ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്ന തീവ്ര യാഥാസ്ഥിതികനായ പിതാവായിരുന്നു ദീപക്. ഒരു ടെന്നീസ് കളിക്കാരിയായിരുന്നിട്ടും ഷോര്‍ട്‌സ് ധരിക്കുന്നതില്‍ രാധികയെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തുമായിരുന്നു’ ഹിമാന്‍ഷിക വീഡിയോയില്‍ പറയുന്നു.

‘വീട്ടിലെ അന്തരീക്ഷം കര്‍ശനമായതിനാല്‍ തന്നെ രാധിക അധികം ആരോടും സംസാരിച്ചിരുന്നില്ല. വളരെ ഒതുങ്ങിയ പ്രകൃതമായിരുന്നു. മാതാപിതാക്കള്‍ എപ്പോഴും അവളുടെ ചുറ്റുമുണ്ടായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇന്നലെ ഞാന്‍ അവളുടെ മൃതശരീരം കണ്ടു. എന്റെ വീഡിയോയ്ക്ക് കാരണം, അവള്‍ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും ആളുകള്‍ അറിയണമെന്ന് മാത്രമാണ്’ ഹിമാന്‍ഷിക വീഡിയോയില്‍ വ്യക്തമാക്കി.

ഫോണില്‍ രാധിക സംസാരിച്ചാല്‍ പോലും അതാരോടാണെന്ന് മാതാപിതാക്കളോട് പറയണമായിരുന്നു. ഞാന്‍ അവളെ വീഡിയോ കോള്‍ വിളിച്ചാലും, മാതാപിതാക്കള്‍ വന്ന് അന്വേഷിക്കുകയും അവരെ അവള്‍ സ്‌ക്രീന്‍ കാണിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു. അവളുടെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് വെറും 50 മീറ്റര്‍ ദൂരം മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ ഞാന്‍ അവളുടെ വീട്ടില്‍ പോകാറുണ്ടായിരുന്നെങ്കിലും അവള്‍ക്ക് എന്റെ വീട്ടില്‍ വന്നാല്‍ പോലും തിരികെ വീട്ടില്‍ കയറാന്‍ സമയപരിധി പോലും ഉണ്ടായിരുന്നു. വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും അവള്‍ക്ക് ഇഷ്ടമായിരുന്നു. പക്ഷേ, പിതാവിന്റെ ഭീഷണി കാരണം അതെല്ലാം അവള്‍ നിര്‍ത്തി’ ഹിമാന്‍ഷിക പറഞ്ഞു.

അതേസമയം, രാധികയും അവരുടെ പരിശീലകരില്‍ ഒരാളായ അജയ് യാദവും തമ്മിലുള്ള വാട്‌സ് ആപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. 2024 ഒക്‌ടോബറിലെ ഒരു ചാറ്റില്‍, വീട്ടില്‍ നിന്ന് മാറി കുറച്ചുകാലം സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാധിക അജയ്‌യോട് പറയുന്ന സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

വിദേശത്ത് പോയി പഠിക്കാനുള്ള രാധികയുടെ ആഗ്രഹമാണ് ചാറ്റുകള്‍ വെളിപ്പെടുത്തുന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനായി ഓസ്‌ട്രേലിയയോ, ദുബായിയോ ആയിരുന്നു രാധിക പരിഗണിച്ചിരുന്നത്.

ജൂലൈ 10 നായിരുന്നു രാധിക യാദവിനെ പിതാവ് വീട്ടില്‍ വച്ച് കൊലപ്പെടുത്തിയത്. നാല് വെടിയുണ്ടകളായിരുന്നു രാധികയുടെ ശരീരത്തില്‍ തറച്ച് കയറിയത്. രാധികയുടെ വരുമാനത്തില്‍ താന്‍ ജീവിക്കുന്നുവെന്ന പരിഹാസമാണ് കൊലപാതകത്തിന് കാരണമെന്നാണ് പിതാവ് ദീപക് ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയത്. radhika yadav murder; parents shamed her for wearing shorts best friend himanshika khurana reveals 

Content Summary: radhika yadav murder; parents shamed her for wearing shorts best friend himanshika khurana reveals

This post was last modified on July 13, 2025 4:04 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment