June 18, 2025 |

നര്‍മദയിലൂടെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വേദിയൊരുക്കിയ രാഘവന്‍ നായര്‍

രാഘവന്‍ നായരുടെ പല രചനകളും നര്‍മ്മദയുടെ മുഖചിത്രമായി വന്നിട്ടുണ്ട്

മലയാള കാര്‍ട്ടൂണിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചതില്‍ ഹാസ്യ പ്രസിദ്ധീകരണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ദ്യശ്യമാധ്യമങ്ങള്‍ സജീവമാകും മുന്‍പ് അച്ചടി പ്രസിദ്ധീകരണങ്ങളായിരുന്നു പ്രധാന വിനോദ ഉപാധി. ഹാസ്യ സാഹിത്യത്തിനും പ്രസിദ്ധീകരണങ്ങള്‍ക്കും ഏറെ സ്വീകാര്യത ഉണ്ടായിരുന്നു. ഒരു ഡസനിലേറെ ഹാസ്യ മാസികകള്‍ അക്കാലത്ത് മലയാളത്തില്‍ ഇറങ്ങിയിരുന്നു. ആദ്യകാലങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹാസ്യ മാസികയായിരുന്നു നര്‍മ്മദ. നര്‍മ്മദയിലൂടെ ഒട്ടേറെ കാര്‍ട്ടൂണുകളും മലയാളികള്‍ക്കിടയിലേക്ക് എത്തി. നര്‍മ്മദ എന്ന മാസികയിലൂടെ ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വേദിയൊരുക്കിയ വ്യക്തിയാണ് രാഘവന്‍ നായര്‍. രാഘവന്‍ നായര്‍ സ്വന്തമായി കാര്‍ട്ടൂണുകളും രചിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പല രചനകളും നര്‍മ്മദയുടെ മുഖചിത്രമായി വന്നിട്ടുണ്ട്.

ഹരിപ്പാട് കേശവന്‍ നായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകനായി 1918 ഫെബ്രുവരി മാസമാണ് രാഘവന്‍ നായര്‍ ജനിക്കുന്നത്. ചിത്രകലാ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കാര്‍ട്ടൂണ്‍ രചന കൂടാതെ അദ്ദേഹം ഹാസ്യ കവിതകളും, കഥകളും രചിക്കുമായിരുന്നു. ആര്‍ട്ടിസ്റ്റ്, നര്‍മ്മന്‍, ചിത്രലേഖ എന്നീ തൂലികാ നാമങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു. ആര്‍ട്ടിസ്റ്റ് രാഘവന്‍ നായര്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നീ സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിര്‍വാഹക സമിതി അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആര്‍ട്ടിസ്റ്റ് രാഘവന്‍ നായരുടെ ശ്രദ്ധേയമായ പുസ്തകങ്ങളാണ് ലാത്തിച്ചാര്‍ജ്, കിലുക്കാംപ്പെട്ടി, പുലിവാല്, ഇക്കിള്‍ രോമാഞ്ചങ്ങള്‍, ഹൃദയസ്പന്ദനം എന്നിവ. 1981 നവംബര്‍ 20ന് അദ്ദേഹം അന്തരിച്ചു. ഹോമിയോ ഡോക്ടറായ സുമന്‍ ആണ് ഭാര്യ.

Content Summary: Raghavan nair provided a platform for cartoonists through Narmada

Leave a Reply

Your email address will not be published. Required fields are marked *

×