July 08, 2025 |
Share on

ന്യൂനപക്ഷ വിരുദ്ധതയോട് രാഹുലിനും പ്രിയങ്കയ്ക്കും മൗനമോ?

വഖഫ് ബില്ലിലെ നിസംഗത നൽകുന്ന സന്ദേശമെന്ത്?

കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളോട് തുടർച്ചയായി മൗനം പുലർത്തുന്ന കോൺഗ്രസ് പരമോന്നത നേതൃത്വമായ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും സമീപനത്തിനെതിരെ കടുത്ത വിമർശനമുയരുന്നു. ലോകസഭയിൽ വഖഫ് നിയമഭേദഗതി ബിൽ ചർച്ചയിൽ വിപ്പ് ലംഘിച്ച് പ്രിയങ്ക ഗാന്ധി എം പി പങ്കെടുക്കാതിരുന്നതും സഭയിൽ വൈകിയെത്തിയ രാഹുൽ ഗാന്ധി ചർച്ചയിൽ മൗനം പാലിച്ചതും ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തിന്റെ പിന്തുണയോടെ പാർലമെന്റിൽ മെച്ചപ്പെട്ട പ്രകടനം നടത്താനായ കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണെന്നാണ് വിമർശനം. ലോക്സഭയിൽ സംസാരിക്കാതിരുന്ന രാഹുൽ ഗാന്ധി പിന്നീട് എക്സിലൂടെ ബില്ലിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു.

അതേസമയം, പ്രിയങ്ക ഗാന്ധി അസുഖബാധിതയായ ബന്ധുവിനെ കാണാൻ വിദേശത്തായിരുന്നുവെന്നും അതുകൊണ്ടാണ് ലോക്‌സഭ ചർച്ചകളിൽ നിന്ന് വിട്ടുനിന്നതെന്നും കോൺഗ്രസ് വിശദീകരണം നൽകുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചയിലും വോട്ടെടുപ്പിലും ഉണ്ടാകില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും അവർ പറയുന്നു. എന്നാൽ സുപ്രധാനമായ ഇത്തരമൊരു ബില്ലിന്റെ ചർച്ചയ്ക്കും വോട്ടെടുപ്പിനും ഉണ്ടാകാതിരിക്കുന്നത് ഈ പ്രശ്‌നങ്ങളോടുള്ള കടുത്ത അവഗണനാണെന്നാണ് വിമർശനം. മൂന്ന് വർഷം കൂടുമ്പോൾ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധികളായ എം.പിമാർ പോലും മധുരയിൽ നിന്ന് പാർലമെന്റ് സമ്മേളനത്തിൽ എത്തി ചർച്ചയിൽ പങ്കെടുത്ത് വോട്ട് ചെയ്തിരുന്നു.

കഴിഞ്ഞ കാലങ്ങളിൽ സഭയിലെത്തിയ ഏറ്റവും പ്രധാനപ്പെട്ട ബില്ലുകളിലൊന്നായാണ് വഖഫ് ബിൽ ഭേദഗതി കണക്കാക്കുന്നത്. ഇന്ത്യൻ ഭരണഘടന മുസ്ലീങ്ങൾക്ക് നൽകുന്ന വിശ്വാസപരമായ അവകാശങ്ങളെ പോലും ലംഘിക്കുന്ന ഈ ബില്ലിന്റെ ദേഭഗതികൾക്കെതിരെ വലിയ വിമർശനമാണ് സഭയ്ക്കകത്തും പുറത്തും ഉയർന്നത്. ഇന്നാട്ടിലെ ഇരുപത് കോടിയിലധികം വരുന്ന മുസ്ലീങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന ഭേദഗതി പാസാക്കിയ കേന്ദ്ര മന്ത്രിസഭയിൽ ഒരു മുസ്ലീം അംഗം പോലും ഇല്ല എന്നതും പ്രധാനമാണ്. ഇത്ര പ്രധാനപ്പെട്ട സാഹചര്യത്തിലാണ് വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധി സഭയിൽ ഹാജരാകാതിരുന്നത്. ഹാജരായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാകട്ടെ ബില്ലിനെതിരെ സംസാരിച്ചുമില്ല.

രാജ്യത്തുടനീളം നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ നടപടികളിൽ ഇക്കാലയളവിൽ പ്രതിപക്ഷ നേതാവ് ഒരക്ഷരം സംസാരിച്ചിട്ടില്ല. മുസ്ലീങ്ങളുടെ വിശ്വാസ മാസമായ റമദാനിലെ വെള്ളിയാഴ്ച ഹോളിദിനമായതിനാൽ ജുമനിസ്‌കാരം നടത്താൻ പുറത്തിറങ്ങരുത് എന്ന് യു.പിയിലെ പോലീസ് ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഈ നിലപാടിനെ ശരിവെച്ച സർക്കാർ ഹോളി ദിനത്തിൽ തെരുവുകളിലിറങ്ങുന്നവർ ഹോളിയുടെ ഭാഗമാകാൻ തയ്യാറാകണം, അല്ലെങ്കിൽ തെരുവിലിറങ്ങരുത് എന്ന് തന്നെയാണ് നിലപാട് കൈക്കൊണ്ടത്. പല ഇടങ്ങളിലും മുസ്ലീം പള്ളികൾ പെരുന്നാൾ ദിനത്തിൽ ടർപോളിൻ ഇട്ട് മൂടി. ജുമാ നിസ്‌കാരം പല പള്ളികളും വൈകിനടത്താൻ നിർബന്ധിതമായി. പലരും വീട്ടിൽ തന്നെ നിസ്‌കാരം നിർവ്വഹിക്കുകയും ചെയ്തു. ഒരു സംസ്ഥാന സർക്കാർ ഇത്രയും ന്യൂനപക്ഷ വിരുദ്ധമായ നടപടി കൈക്കൊണ്ടിട്ട് ഒരു പ്രതികരണവും പാർട്ടി നേതൃത്വത്തിൽ നിന്നോ രാഹുൽ ഗാന്ധിയിൽ നിന്നോ ഉണ്ടായില്ല. രാഹുൽ ഗാന്ധി യു.പിയിൽ നിന്നുള്ള എം.പിയാണ് എന്നുള്ളതും പ്രധാനമാണ്. ഹോളി ദിനത്തിൽ മുസ്ലീങ്ങളോട് ജുമ വീട്ടിൽ നടത്താൻ പറഞ്ഞ ഇതേ സർക്കാർ റമദാൻ ദിനത്തിൽ ഏതെങ്കിലും തരത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ നമസ്‌കാരം തെരുവുകളിലേക്കോ പള്ളി കോമ്പൗണ്ടിന് പുറത്തേയ്‌ക്കോ നീങ്ങിയാൽ പാസ്‌പോർട്ടും ലൈസൻസും റദ്ദാക്കുമെന്നും അറസ്റ്റു ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. രണ്ട് തരത്തിൽ പൗരസമൂഹത്തെ കാണുന്ന ഇത്രയും ക്രൂരമായ പ്രസ്താവനയിലും രാഹുൽ ഗാന്ധിക്ക് മൗനമായിരുന്നു. മറ്റ് പല പ്രതിപക്ഷ കക്ഷികളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.

രാജസ്ഥാനിൽ റെയ്ഡിനിടെ ഇമ്രാൻ ഖാൻ എന്ന കൂലിത്തൊഴിലാളിയുടെ ഒരു മാസം പ്രായമുള്ള കുഞ്ഞ് പോലീസുകാരന്റെ കാലിനടിയിൽ പെട്ട് മരിച്ച സംഭവം മറ്റൊരു ഉദാഹരണമാണ്. കോൺഗ്രസ് കുറച്ച് കാലം മുമ്പുവരെ ഭരിച്ചിരുന്ന ഈ സംസ്ഥാനത്തെ ഈ മുസ്ലീം ഭവനത്തിൽ എത്താനോ ഈ വിഷയത്തിൽ പ്രതികരിക്കാനോ രാഹുൽ തയ്യാറായില്ല. ഗുജറാത്ത് വംശഹത്യക്കിരയായവർക്ക് വേണ്ടി നിയമപോരാട്ടത്തിനിറങ്ങിയ, കൊല്ലപ്പെട്ട കോൺഗ്രസ് മുൻ എംപി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യയായ, സാക്കിയ ജാഫ്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ പോലും രാഹുൽ ഗാന്ധി തയ്യാറായില്ല എന്നത് പലരും ചൂണ്ടിക്കാണിച്ചു. സാക്കിയ ജാഫ്രിയുടെ മരണത്തിൽ ഇന്ത്യയിലെ പ്രതിപക്ഷത്തെ മിക്കവാറും നേതാക്കൾ ദുഖം രേഖപ്പെടുത്തി. സാക്കിയയുടെ മരണദിനത്തിലും ഇഹ്‌സാൻ ജാഫ്രിയുടെ ഓർമ്മദിനത്തിലും കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ പ്രതികരണം നടത്തിരുന്നു. ഇതിന്റെ എല്ലാം തുടർച്ചയായാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ മുഴുവൻ ബാധിക്കുന്ന വഖഫ് ബിൽ അവതരണത്തിൽ, കോൺഗ്രസിന്റെ വിപ്പ് ഉണ്ടായിട്ട് പോലും പ്രിയങ്ക ഗാന്ധി എത്താതിരുന്നത്.

ഗൗരവമല്ലാത്ത കാരണങ്ങളാൽ വോട്ടെടുപ്പിൽ നിന്ന് ആര് വിട്ടുനിന്നാലും അത് ഉത്കണ്ടയുണ്ടാക്കുന്നതാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, മന്ത്രി പി.രാജീവ്, തോമസ് ഐസക് തുടങ്ങിയവരും കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. വഖഫ് ബില്ലിന്റെ ദേഭഗതിയെ നിശിതമായി വിമർശിച്ചുകൊണ്ട്, രാജ്യത്തിന്റെ മതനിരപേക്ഷതയെ തകിടം മറിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നതെന്ന് വിമർശിച്ചുകൊണ്ട് സംസ്ഥാനത്തെ മുൻ മന്ത്രി കൂടിയായ കെ.രാധാകൃഷ്ണൻ എം.പിയുടെ മലയാളത്തിലുള്ള പ്രസംഗം വലിയ ചർച്ചയായി മാറിയിരുന്നു. കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ബില്ലിനെ നിശിതമായി വിമർശിച്ച് സംസാരിച്ചു. കത്തോലിക സഭ ബില്ലിനെ അനുകൂലിക്കണമെന്ന് കോൺഗ്രസിനോട് അപേക്ഷിച്ചത് നിരാകരിച്ചാണ് അവർ ബില്ലിനെ വിമർശിച്ചത്.

വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറച്ച് സ്വയംഭരണാവകാശം ഇല്ലാതാക്കുന്ന പുതിയ ദേഭഗതി കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജുജുവാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയ്ക്കും മറുപടിക്കും ശേഷം ബില്ല് സഭ അംഗീകരിക്കുകയായിരുന്നു. രാജ്യസഭയിൽ അടുത്ത ദിവസം ബിൽചർച്ചയ്‌ക്കെടുക്കും.

Content Summary: Rahul and Priyanka Gandhi Silent on Anti-Minority Sentiment: What Their Silence on the Waqf Bill Signals

Leave a Reply

Your email address will not be published. Required fields are marked *

×