June 13, 2026 |
Share on

ഹൗസ് നമ്പർ സീറോ ഭവനരഹിതരുടേതല്ല,കള്ളവോട്ട് ചേർക്കാനുള്ള തന്ത്രം; ബിജെപിയുടെ വാദം പൊളിച്ച് രാഹുൽ ​ഗാന്ധി

തെളിവുകളുമായാണ് രാഹുൽ ​ഗാന്ധി രം​ഗത്തു വന്നത്

ബിജെപിയുടെ ഹൗസ് നമ്പർ സീറോ വാ​ദത്തെയും പൊളിച്ചടുക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഹൗസ് നമ്പർ 0’ ഭവനരഹിതരായ ആളുകൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദത്തെ തെറ്റാണെന്ന് സ്ഥാപിക്കാൻ തെളിവുകളുമായാണ് രാഹുൽ ​ഗാന്ധി രം​ഗത്തു വന്നത്. ഈ വാ​ദത്തിന് പിന്നിലെ സത്യം കണ്ടെത്താൻ കോൺഗ്രസ് ഒരു അന്വേഷണം നടത്തിയതായും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് മാസത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ പത്രസമ്മേളനത്തിൽ ‘ഹൗസ് നമ്പർ സീറോ’ വോട്ടർമാർ വ്യാജരല്ലെന്ന് പറഞ്ഞിരുന്നു. ഔദ്യോഗിക നമ്പർ ഇല്ലാത്ത വീടുകളിൽ താമസിക്കുന്ന നിരവധി പൗരന്മാരോ ഭവനരഹിതരോ ആണ് ഇത്തരം വോട്ടർമാരെന്നും ​ഗ്യാനേഷ് കുമാർ അന്ന് വിശദീകരിച്ചിരുന്നു.

“രാത്രിയിൽ ഒരു വ്യക്തി എവിടെയാണോ ഉറങ്ങാൻ വരുന്നത്, ആ സ്ഥലത്തെ വിലാസമാണ് നൽകുന്നത്. ചിലപ്പോൾ റോഡരികിലാകാം, ചിലപ്പോൾ പാലത്തിന് താഴെയാകാം. എന്നിട്ട്, അവർ വ്യാജ വോട്ടർമാരാണെന്ന് പറയുകയാണെങ്കിൽ, അത് നമ്മുടെ പാവപ്പെട്ട വോട്ടർമാർ, സഹോദരിമാർ, സഹോദരങ്ങൾ, മുതിർന്നവർ എന്നിവരെ കളിയാക്കുന്നതിന് തുല്യമാണ്. ഈ രാജ്യത്ത് കോടിക്കണക്കിന് ആളുകളുടെ വീട്ടു വിലാസത്തിന് മുന്നിൽ പൂജ്യം എന്ന നമ്പർ ഉണ്ടെന്ന് നിങ്ങൾക്കറിയാം. എന്തുകൊണ്ട്? കാരണം അവർ താമസിക്കുന്ന വീടിന് പഞ്ചായത്തോ, മുനിസിപ്പാലിറ്റിയോ നമ്പർ നൽകിയിട്ടില്ലെന്നും ​ഗ്യാനേഷ് കുമാർ അന്ന് പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദം തള്ളിക്കളഞ്ഞു, കോൺഗ്രസ് ഈ വിലാസങ്ങൾ വ്യവസ്ഥാപിതമായി പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു. ഹൗസ് നമ്പർ 0 എന്ന് രേഖപ്പെടുത്തിയ വിലാസങ്ങളിൽ താമസിക്കുന്ന ആളുകൾ യഥാർത്ഥത്തിൽ തെരുവിൽ താമസിക്കുന്നവരാണോ എന്ന് നോക്കാമെന്ന് ഞങ്ങൾ കരുതിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിയാനയിലെ ഒരു കെട്ടിടത്തിൻ്റെ ചിത്രം കാണിച്ചുകൊണ്ട്, ഹൗസ് നമ്പർ 0 യിൽ രേഖപ്പെടുത്തിയ നരേന്ദ്ര എന്ന വ്യക്തിയുടേതാണ് അതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഞങ്ങൾ അയാളെ ഗ്രാമത്തിൽ കണ്ടെത്തുകയും, നേരിട്ട് തിരിച്ചറിയുകയും, അയാൾ എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഈ വ്യക്തി എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്താൻ കഴിയാത്തതാണ് ‘ഹൗസ് നമ്പർ സീറോ’ എന്ന് രേഖപ്പെടുത്താനുള്ള കാരണം,. ഇത്തരത്തിലുള്ള നൂറുകണക്കിന് കേസുകളിൽ ഒന്നുമാത്രമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പരസ്യമായി ജനങ്ങളോട് കള്ളം പറയുകയാണ്. ഹരിയാനയിലെ പല്വാൽ ജില്ലയിലെ ബി.ജെ.പി. വൈസ് ചെയർമാൻ ഉമേഷ് ഗുധ്രാനയുടെ വീട്ടിൽ 66 പേർ താമസിക്കുന്നതായി കാണിച്ചിരിക്കുന്നു എന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഹോഡലിലെ 265-ാം നമ്പർ വീട്ടിൽ 500 വോട്ടർമാരുണ്ടായിരുന്നു. ഞങ്ങൾ അവരെ തിരക്കി പോയെങ്കിലും, അവർ അവിടെ ഉണ്ടായിരുന്നില്ല. റായിയിലെ 1904-ാം നമ്പർ വീട്ടിൽ 108 വോട്ടർമാരുണ്ടായിരുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയമമനുസരിച്ച്, ഒരു വീട്ടിൽ 10ൽ അധികം ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ, അവരുടെ തിരിച്ചറിയൽ നേരിട്ട് സ്ഥലത്തെത്തി പരിശോധിക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഹരിയാനയിൽ ഇത് പാലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, വോട്ടര്‍ പട്ടികയില്‍ വ്യാജമായി ആളുകളെ ഉള്‍പ്പെടുത്തുകയും അവരെല്ലാം കോണ്‍ഗ്രസ് അനുഭാവികളാണെന്നും കള്ളവോട്ട് ചെയ്‌തെന്നും വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന് ഹരിയാനയില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് പറയുന്നതിനാണ് ഈ മാന്യന്മാര്‍ (തിരഞ്ഞെടുപ്പ് കമ്മീഷന്‍) ബിജെപിയുമായി ഒത്തുകളിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂട്ടുചേര്‍ന്ന് രാജ്യത്തെ ജനാധിപത്യ അടിത്തറ തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

content summary: House Number Zero does not belong to the homeless, it is a ploy to obtain fake votes Rahul Gandhi said refuting the BJP’s claim

Leave a Reply

Your email address will not be published. Required fields are marked *

×