2018 ല്‍ ലോക്‌സഭയില്‍ രാഹുല്‍ഗാന്ധി നടത്തിയ ചെയ്തികള്‍ പ്രധാനമന്ത്രിയെയും ഭരണപക്ഷത്തെയും മാത്രമല്ല, പ്രതിപക്ഷത്തെയും സാധാരണജനത്തെപ്പോലും ഞെട്ടിച്ചതായിരുന്നു. മോദി സര്‍ക്കാരിനെതിരേ നടത്തിയ പ്രസംഗം അവസാനിപ്പിച്ച് രാഹുല്‍ നേരേ നടന്നു നീങ്ങിയത് പ്രധാനമന്ത്രിയുടെ അടുത്തേയ്ക്കായിരുന്നു. അടുത്തെത്തിയ ഉടനെ മോദിയെ ആലിംഗനം ചെയ്തു. തിരിച്ചുപോയി തന്റെ ഇരിപ്പിടത്തിലിരുന്നു പ്രതിപക്ഷാംഗങ്ങളെ നോക്കി കണ്ണിറുക്കി. ആ സമയമത്രയും അത്ഭുതപരതന്ത്രരായി ഇരിക്കുകയായിരുന്നു മോദിയും മറ്റ് സഭാംഗങ്ങളും.അന്നതിനെ ബാലലീല എന്നു മനസ്സുകൊണ്ടെങ്കിലും കുറ്റപ്പെടുത്താത്തവര്‍ ഉണ്ടാകില്ല. അത്രയും അപക്വമായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രകടനം. പ്രതിപക്ഷത്തെ നയിക്കാന്‍ ബാധ്യതപ്പെട്ട ഒരു നേതാവില്‍ നിന്ന്, കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്‍ഡ് എന്നു വിശേഷിപ്പിക്കാവുന്ന നേതാവില്‍ നിന്ന്, അതു പോകട്ടെ, ഒരു സാധാരണ എം.പിയില്‍ നിന്നു പോലും പ്രതീക്ഷിക്കാന്‍ പാടില്ലാത്ത ബാലചാപല്യമായിരുന്നു അത്.
അന്നത്തെ രാഹുലിന്റെ പ്രസംഗം പോലും അപക്വമായിരുന്നു. അന്നു മാത്രമല്ല, അക്കാലത്ത് പലപ്പോഴും രാഹുല്‍ നടത്തിയ പ്രതികരണങ്ങളിലും പ്രസ്താവനകളിലും പക്വതക്കുറവ് പ്രകടനമായിരുന്നു. ഈ നേതാവ് എങ്ങനെയാണ് ഭാവിയില്‍ പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുകയെന്ന തോന്നല്‍ നിഷ്പക്ഷമതികളായ പലര്‍ക്കും ഉണ്ടായിരുന്നു.
2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി 2017-2018 കാലത്ത് പ്രതിപക്ഷം ഒരു മഹാസഖ്യത്തിന് രൂപം നല്‍കിയിരുന്നു. ആ മഹാ ഗഡ്ബന്ധന്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ രാഹുല്‍ഗാന്ധിക്കു കഴിഞ്ഞില്ലെന്നതു സത്യം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോള്‍ പ്രതിപക്ഷ മഹാസഖ്യം പൊട്ടിപ്പൊളിഞ്ഞ് പഴയ യു.പി.എ സഖ്യം മാത്രമായി മാറിയെന്നതും ചരിത്രം. ഏറെക്കാലം ഇന്ത്യയെ തനിച്ചു ഭരിച്ച കോണ്‍ഗ്രസ്സിന് ആ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്തത്ര ദയനീയമായ പതനമുണ്ടായി.
രാഷ്ട്രീയത്തില്‍ ഉയര്‍ച്ചകളും വീഴ്ചകളും സ്വാഭാവികം. വീഴ്ചകളില്‍ തളരാതെ ശക്തവും കൃത്യവുമായ ആസൂത്രണത്തിലൂടെ നഷ്ടപ്പെട്ടതു തിരിച്ചു പിടിക്കുമ്പോഴാണ് രാഷ്ട്രീയത്തില്‍ നേതാവ് ശരിയായ നേതാവാകുന്നത്.
രാഹുല്‍ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി തന്നെ ഉദാഹരണം. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അവരും കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞിരുന്നു. കോണ്‍ഗ്രസ്സില്‍ ഇന്ദിരയുടെ വലംകൈയായിരുന്നവര്‍ പോലും മറുകണ്ടം ചാടി. എന്നിട്ടും തളരാതെ വൈകാതെ തന്നെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിച്ചുവെന്നതാണ് ഇന്ദിരയുടെ പ്രത്യേകത. അതിനെയാണ് നേതതൃപാടവം എന്നു പറയേണ്ടത്. 2019 ലെ ദയനീയ പരാജയത്തിനു ശേഷം രാഹുല്‍ഗാന്ധിയുടെ നടപടികള്‍ ഇതിനു കടകവിരുദ്ധമായിരുന്നു. തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഒളിച്ചോടി. രാജ്യത്തെ സുപ്രധാന നേതാവ് എവിടെയാണെന്ന് ഏറെക്കാലം ആര്‍ക്കും അറിയാത്ത അവസ്ഥ. എവിടെ നിങ്ങളുടെ നേതാവെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരം നല്‍കാനാവതെ കോണ്‍ഗ്രസ് നേതാക്കള്‍ തലകുനിച്ചു. രാഹുലിന്റെ തിരോധാനം ബി.ജെ.പി ആയുധമാക്കി. പക്വതയില്ലാത്തവന്‍ എന്ന വിളിപ്പേര് രാഹുലിനു കിട്ടി. രാഹുല്‍ ബ്രിഗേഡില്‍പ്പെട്ട മിക്കവരും പാര്‍ട്ടി വിട്ടു.
തിരിച്ചെത്തിയിട്ടും താന്‍ കൈവിട്ട കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായില്ല. എത്ര കാലം കോണ്‍ഗ്രസ് നേതാക്കന്മാര്‍ അദ്ദേഹത്തിന്റെ പിറകെ നടന്നുവെന്ന് നമുക്കറിയാം. അങ്ങനെയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പുണ്ടാകുന്നതും ശശി തരൂരിനെ തോല്‍പ്പിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ അധ്യക്ഷനാകുന്നതും. പക്ഷേ, ഇതിനിടയില്‍ രാഹുല്‍ പൂര്‍ണമായും മാറിയിരുന്നു.
പപ്പു എന്ന പരിഹാസപ്പേരിനു പാത്രമാകേണ്ടയാളല്ല താനെന്നു രാഹുല്‍ അനുദിനം തെളിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സിന്റെ ഏക ജനകീയ നേതാവായി മാറുകയായിരുന്നു രാഹുല്‍ഗാന്ധി.
കോണ്‍ഗ്രസ്സിന് ദേശീയാധ്യക്ഷനും ജനറല്‍ സെക്രട്ടറിമാരും പ്രവര്‍ത്തക സമിതിയുമെല്ലാം ഉണ്ടെങ്കിലും അന്തിമവാക്ക് രാഹുലിന്റേതാണെന്നു സ്ഥാപിക്കപ്പെട്ടു. പ്രതിപക്ഷ നിരയിലെ ഏറ്റവും ജനകീയനായ നേതാവ് രാഹുല്‍ മാത്രമാണെന്ന് മറ്റു പ്രതിപക്ഷ കക്ഷി നേതാക്കന്മാരും തലകുലുക്കി സമ്മതിക്കുമെന്നതില്‍ സംശയമില്ല. നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കന്മാര്‍ ഭയക്കുന്നതും രാഹുലിന്റെ ഈ ജനകീയതയാണ്.
പഴയ രാഹുല്‍ഗാന്ധിയില്‍ നിന്ന് പുതിയ രാഹുല്‍ഗാന്ധിയിലേയ്ക്കുള്ള വളര്‍ച്ചയ്ക്ക് നിദാനമായത് അദ്ദേഹം തന്നെ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഭാരത് ജോഡോ യാത്രയാണ്. അധികാരത്തിന്റെ ഒരു ധവളിമയും ഇല്ലാതെയാണ് രാഹുല്‍ ആ സേതു ഹിമാചലം ജനങ്ങള്‍ക്കിടയിലൂടെ നടന്നത്. ആ യാത്ര സത്യത്തില്‍ ജനമനസ്സിലേയ്ക്കുള്ള യാത്രയായിരുന്നു. ആ യാത്രയിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം പഠിക്കാനും അതനുസരിച്ചു തന്നെത്തന്നെ മാറ്റിത്തീര്‍ക്കാനും രാഹുലിനു കഴിഞ്ഞു.
രാഹുലിന്റെ യാത്രയിലും യാത്രയ്ക്കിടയിലെ സംസാരത്തിലും പക്വതയാര്‍ന്ന നേതാവിനെ കാണാമായിരുന്നു. ഇന്ത്യയില്‍ അതിനു മുമ്പ് ഒരു നേതാവും ഇങ്ങനെ കാല്‍നടയായി യാത്ര ചെയ്തിട്ടുണ്ടാകില്ല. തങ്ങള്‍ക്ക് പ്രാപ്യനായ നേതാവാണ് മുന്നില്‍ നില്‍ക്കുന്നതെന്ന ബോധ്യമാണ് രാഹുല്‍ ജനങ്ങള്‍ക്കിടയില്‍ ഇതിലൂടെ സൃഷ്ടിച്ചത്. ഒപ്പം വീരപരിവേഷവും.
രണ്ടാമത്തേത്, യാത്രക്കിടയില്‍ നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളുമാണ്. യാത്രയുടെ ആദ്യഘട്ടത്തില്‍ രാഹുല്‍ രാഷ്ട്രീയം സംസാരിച്ചതേയില്ല. ഇന്ത്യയുടെ അഖണ്ഡതയെയും നാനാത്വത്തിലെ ഏകത്വത്തെയും കുറിച്ചാണ് സംസാരിച്ചത്. രണ്ടാം ഘട്ടത്തിലാണ് രാഷ്ട്രീയപരാമര്‍ശങ്ങള്‍ നടത്തിയത്. അപ്പോഴും വര്‍ഗീയവിദ്വേഷത്തിലൂടെ ജനമനസ്സുകളെ കീറിമുറിക്കുന്നതിനെതിരായ ആഹ്വാനമായിരുന്നു.
ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോഴേയ്ക്കും അണിനിരക്കേണ്ടത് രാഹുലിനു പിറകിലാണെന്ന യാഥാര്‍ത്ഥ്യം പ്രതിപക്ഷ നേതാക്കളില്‍ മിക്കവര്‍ക്കും ബോധ്യപ്പെട്ടു. മോദിയെ താഴെയിറക്കി പ്രധാനമന്ത്രിക്കസേരയില്‍ ചുളവില്‍ കയറിക്കൂടാമെന്നു മോഹിച്ച ചിലര്‍ക്കു മാത്രമാണ് നീരസമുണ്ടായത്. അതില്‍ പ്രധാനി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറായിരുന്നു. നിതീഷ് ഇന്ത്യ സഖ്യത്തിനു രൂപം കൊടുക്കാന്‍ മുന്നിട്ടിറങ്ങിയതു തന്നെ കോണ്‍ഗ്രസ് ദുര്‍ബലമായി നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രി സ്ഥാനം തന്റെ കൈകളിലേയ്ക്ക് എത്തിച്ചേരുമെന്ന വിശ്വാസത്തിലായിരുന്നു എന്നുവേണം കരുതാന്‍. അതു നടക്കില്ലെന്നു വന്നപ്പോഴാണ് അദ്ദേഹം വീണ്ടും മോദി ഭക്തനായി മാറിയത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണം നേടിയെടുക്കാന്‍ ഇന്ത്യ സഖ്യത്തിനു കഴിഞ്ഞില്ലെന്നതു സത്യം. അതിനു കാരണം, ഇന്ത്യ സഖ്യം മിക്ക സംസ്ഥാനങ്ങളിലും യഥാര്‍ത്ഥ സഖ്യമായി മാറിയിരുന്നില്ല എന്നതാണ്. ജനം മോദിക്കെതിരേ വിധിയെഴുതാന്‍ തയ്യാറായിട്ടും ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയകാലാവസ്ഥയനുസരിച്ചുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കായില്ല. കേരളത്തില്‍ പോലും ബി.ജെ.പി അക്കൗണ്ട് തുറന്നത് അവരുടെ മിടുക്കുകൊണ്ടല്ല, പ്രതിപക്ഷത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മ കൊണ്ടാണ് എന്നതല്ലേ സത്യം?
പക്ഷേ, രാഹുല്‍ ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്ന തന്റെ പാര്‍ട്ടിക്ക് ജീവന്‍ പകര്‍ന്നു. അതിന്റെ ഫലമായി 99 സീറ്റ് നേടാനുമായി. അത് ഏതു ഘട്ടത്തിലാണെന്നു കൂടി ഓര്‍ക്കണം. 2014 ല്‍ നിന്നും 2019 ല്‍ നിന്നും വ്യത്യസ്തമായി 2024 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതിരൂക്ഷമായ വര്‍ഗീയവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഘട്ടമാണ്. ‘നിങ്ങളുടെ കെട്ടുതാലി പിടിച്ചുവാങ്ങി വിറ്റ് ആ പണം കൊണ്ട് മുസ്ലിം പ്രീണനം നടത്തുമെന്നും’ ‘കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഇന്ത്യയെ മുസ്ലിംരാഷ്ട്രമാക്കുമെന്നും അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചു പള്ളി പണിയുമെന്നു’മെല്ലാം നിരന്തരം പ്രസംഗിച്ചുകൊണ്ടിരുന്ന ഘട്ടമാണ്. അല്‍പ്പമെങ്കിലും ഹിന്ദു ബോധമുള്ളവരുടെ മനസ്സില്‍ മുസ്ലിംവിരോധവും അതിലൂടെ കോണ്‍ഗ്രസ് വിരോധവും അലയടിപ്പിക്കാനുള്ള ശ്രമം നടന്ന ഘട്ടം.
എന്നിട്ടും അതൊന്നും വേണ്ടത്ര വിജയിച്ചില്ല. ബി.ജെ.പിക്ക് കേവലഭൂരിപക്ഷവും എന്‍.ഡി.എയ്ക്ക് 400 ലേറെ സീറ്റും നേടാനാകുമെന്നു സ്വപ്നം കണ്ട മോദിക്ക് 2024 ലെ തെരഞ്ഞെടുപ്പ് സത്യത്തില്‍ തിരിച്ചടിയായി. ഇപ്പോള്‍ നിതീഷിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും കാരുണ്യത്തിലാണ് മോദി സര്‍ക്കാരിന്റെ ഭരണം. അത്തരമൊരു അവസ്ഥയിലേയ്ക്ക് എത്തിച്ചതിനു പ്രധാന കാരണക്കാരന്‍ ബാലചാപല്യത്തില്‍ നിന്നും പക്വതയിലേയ്ക്കു കുതിച്ചുയര്‍ന്ന രാഹുല്‍ തന്നെയാണ്.
കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്ന ബോധ്യം ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ദിവസങ്ങള്‍ക്കു മുമ്പ് ലോക്‌സഭയില്‍ അദ്ദേഹം രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗവും. അതിന് പ്രതിപക്ഷനിരയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കിട്ടിയ പ്രോത്സാഹനവും. പണ്ടത്തെപ്പോലെ കണ്ണിറുക്കിയും കെട്ടിപ്പിടിച്ചുമൊന്നുമായിരുന്നില്ല രാഹുലിന്റെ പ്രസംഗം. വളരെ കൃത്യമായ ഹോംവര്‍ക്കിലൂടെ തയ്യാറാക്കിയ ആറ്റിക്കുറുക്കിയ പ്രസംഗമായിരുന്നു.
ആരാണ് യഥാര്‍ത്ഥ ഹിന്ദു എന്നും ആരാണ് കപടഹിന്ദുവെന്നും അദ്ദേഹം വ്യക്തമാക്കി. മോദി ഭരണത്തിലെ ഓരോ ജനവിരുദ്ധ നടപടികളെയും തുറന്നുകാട്ടി.
സാധാരണഗതിയില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാതെയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിപോലും രാഹുലിന്റെ പ്രസംഗം തടസ്സപ്പെടാത്താന്‍ ശ്രമിച്ചുവെന്നു കാണുമ്പോള്‍ അദ്ദേഹം എത്രമാത്രം ഭയക്കുന്നുണ്ട് ഈ നേതാവിനെ എന്നു ബോധ്യമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മോദി നടത്തിയ മറുപടി പ്രസംഗം അദ്ദേഹം രാഹുലില്‍ ആരോപിച്ച ബാലചാപല്യം മോദിയിലേയ്ക്കു തിരിഞ്ഞു കൊത്തുന്നതായിരുന്നു എന്നു തോന്നിപ്പോയി. തികച്ചു വ്യക്തിവിദ്വേഷം തീര്‍ക്കുന്ന പ്രസംഗമാണ് മോദി നടത്തിയത്.
പ്രധാനമന്ത്രി ഇപ്പോഴും വിശ്വസിക്കുന്നത് ഇന്നത്തെ രാഹുല്‍ അന്നത്തെ രാഹുല്‍ തന്നെയാണെന്നായിരിക്കുമോ? ആണെങ്കില്‍ മോദീജീ താങ്കള്‍ക്കു തെറ്റി. ഇത് പുതിയ രാഹുലാണ്. താങ്കള്‍ ഭയക്കേണ്ട രാഹുല്‍.
English Summary: Rahul Gandhi vs PM Modi: Who won Round 1 in new Lok Sabha?