യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ മാങ്കൂട്ടത്തലിന്റെ രാജി ‘ ധാര്‍മികത’ യായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ അതിന്റെ പേരില്‍ നടക്കുന്നത് വലിയ ചേരിപ്പോര്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കരുതെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാഹുലിനെതിരേ ഗൂഡാലോചന നടന്നുവെന്ന് കാണിച്ച് പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഷാഫി പരാതി നല്‍കിയിട്ടുണ്ടെന്നും പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നും രാഹുല്‍ വിഷയത്തില്‍ പ്രതികരിക്കാതെ ബിഹാറിലേക്ക് പോയ ഷാഫി ഇന്ന് കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. വടകരയില്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്ഗ്രസുകാര്ക്കിടയില് നടന്ന ആരോപണ പ്രത്യാരോപണങ്ങളുടെ തുടര്‍ച്ചപോലെയാണ് രാഹുലിനെ സംരക്ഷിക്കുന്ന നിലപാടുമായി ഷാഫിയും രംഗത്തു വന്നിരിക്കുന്നത്.
ഒരു വിഭാഗത്തിന് രാഹുല്‍ ഇപ്പോഴും ‘നായകന്’ തന്നെയാണ്. ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തിയതുപോലെയാണ് തങ്ങളുടെ പ്രസിഡന്റിനെ ഒരു വിഭാഗം ദ്രോഹിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസിലെ രാഹുല്‍-ഷാഫി സംഖ്യത്തിലുള്ളവര് ആരോപിക്കുന്നത്. വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ കൈകളിലാണ് അവര്‍ രാഹുലിന്റെ രക്തക്കറ ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന് സിപിഎമ്മിനെ രാഹുലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രതി ചേര്‍ക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ യുവനേതാക്കള്‍ പറയുന്നത് കൂടെയുള്ളവര്‍ തന്നെയാണത് ചെയ്തതെന്നാണ്.
രക്തത്തിന് വേണ്ടി കൊതിച്ച ചെന്നായ്ക്കള്‍, ആട്ടിന്‍ തോലിന് പകരം പച്ച തത്തയുടെ കുപ്പായം അണിഞ്ഞ ചെന്നായ എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ നടന്ന തമ്മില്‍ തല്ലില്‍ യുവനേതാക്കള്‍ ആക്ഷേപിക്കുന്നത്. അതാരെക്കുറിച്ചാണെന്ന കാര്യം എല്ലാവര്ക്കും മനസിലായതുമാണ്. രാഹുല്‍ മാറിയ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്ന പ്രധാന പേരുകളില്‍ ഒന്ന് നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്ക്കിയുടെതാണ്. എന്നാല്‍ അബിന്‍ ആ സ്ഥാനത്തേക്ക് വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് അദ്ദേഹത്തെ കട്ടപ്പയാക്കി ചിത്രീകരിക്കുന്നത്.
രാഹുലിനെ വീഴ്ത്തി പ്രസിഡന്റ് കസേര ലക്ഷ്യമിട്ടവരാണ് ഇപ്പോള്‍ ഉണ്ടായ വെളിപ്പെടുത്തലുകള്‍ക്കെല്ലാം പിന്നിലെന്നാണ് ആക്ഷേപം. അത്തരത്തില്‍ കസേര സ്വന്തമാക്കാന്‍ ആര് ശ്രമിച്ചാലും വെറുതെ വിടില്ലെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. രാഹുലിന്റെ ചോരയില്‍ ചവിട്ടി നില്ക്കുന്ന ഒറ്റുകാരെ കാലം തുറന്നു കാണിക്കുമെന്ന വെല്ലുവിളിയും ഉണ്ട്. ‘ഗ്രൂപ്പില്‍ പോര് മുറുകിയതോടെ അഡ്മിന് ഒണ്‍ലിയാക്കി. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോഴും കത്തി നില്‍ക്കുകയാണ്.
അതേസമയം, വൈസ് പ്രസിഡന്റായ അബിന്‍ വര്‍ക്കിയെ തന്നെ പ്രസിഡന്റ് ആക്കുന്നതാണ് ഉചിതമെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും അബിനായി രംഗത്തുണ്ട്. പക്ഷേ, കെപിസിസി പ്രസിഡന്റും മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും അതേ വിഭാഗത്തില്‍ നിന്നുവരുന്നത് സാമുദായിക സന്തുലിത തകര്‍ക്കുമെന്ന വാദം ഉയര്‍ത്തി അബിനെ തടയാനും ശ്രമിക്കുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ മാത്രം കാര്യമല്ല. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ കിട്ടിയ അവസരമായും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം കാണുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവജന സംഘടന തങ്ങളുടെ കൈയില്‍ വരണമെന്നാണവര് ആഗ്രഹിക്കുന്നത്. മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. നിലവില്‍ പ്രബലനായി നില്ക്കുന്ന വിഡി സതീശനെ പ്രതിരോധിക്കാന്‍ കൂടി അതിലൂടെ സാധിക്കും. സതീശനാണ് പാര്‍ട്ടിയില്‍ രാഹുലിന്റെ മെന്റര്‍ എന്നാണ് പറയുന്നത്. സതീശന്-ഷാഫി പറമ്പില്‍-രാഹുല്‍ കൂട്ടുകെട്ടില്‍ അസംതൃപ്തരായ പല വിഭാഗങ്ങള്‍ കോണ്‍ഗ്രസിലുണ്ട്. അതില്‍ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ രണ്ടാം നിര യുവനേതാക്കള്‍ വരെയുണ്ട്. സതീശന് ഗ്രൂപ്പിനെ ഏതെങ്കിലും രീതിയില്‍ മറികടക്കാന്‍ പറ്റുന്നത് യൂത്ത് കോണ്‍ഗ്രസിനെ പിടിച്ചെടുത്തുകൊണ്ടാണെന്ന് അവര്‍ക്കറിയാം.
ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യത്തോടെ നിശബ്ദമായി പോയ എ ഗ്രൂപ്പിനെ പുനര്‍നിര്‍മിക്കാനുള്ള ശ്രമം അടുത്തിടെ തുടങ്ങിയിരുന്നു. പാര്‍ട്ടിക്കു വേണ്ടി പണിയെടുത്തിട്ടും, അതൊന്നും ചെയ്യാതെ റീല്‍സും വീഡിയോയും ഇട്ട് മറ്റു ചിലര്‍ എല്ലാ ക്രെഡിറ്റും കൊണ്ടു പോകുന്നുവെന്ന പരാതി നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പിന് പിന്നാലെ ശക്തമായിരുന്നു. ഇതേ പോക്ക് പോവുകയാണെങ്കില്‍ അടുത്ത തവണ ഭരണം കിട്ടിയാലും തങ്ങള്‍ക്ക് പ്രത്യേക ഗുണമൊന്നും ഉണ്ടാകാന്‍ പോകുന്നിലെന്ന് രണ്ടാം നിരയിലെ പല യുവനേതാക്കള്‍ക്കും മനസിലായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്കും ഇതേ ആവലാതി ഉണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കാര്യമായ സ്വാധീനം അവര്‍ക്ക് ഇപ്പോള്‍ ഇല്ല. കേന്ദ്രസ്ഥാനങ്ങളിലൊക്കെയും സതീശനും സംഘവും തന്നെയാണെന്ന തിരിച്ചറിവ് അവരെ അസ്വസ്ഥരാക്കിയിരുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് വീണുകിട്ടിയതുപോലത്തെ അവസരമാണ്. അത് മുതലെടുക്കുകയെന്നതാണ് എല്ലാവരും ചിന്തിക്കുന്നത്. അതുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി പുറത്തു മാത്രമല്ല, പാര്‍ട്ടിക്ക് അകത്തും സാരമായി ബാധിക്കുന്നതാണ്. അതിന്റെ പേരില്‍ തലതൊട്ടപ്പന്മാരും സംരക്ഷകരുമായവരും വരെ രാഹുലിനോട് നീരസത്തിലുമാണ്. Rahul Mamkootathil allegations and resignation, Internal conflict in Youth Congress
Content Summary; Rahul Mamkootathil allegations and resignation, Internal conflict in Youth Congress
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.