പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എ ഗ്രൂപ്പില്‍ രൂക്ഷമായ ഭിന്നത. പി. സരിന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിടത്താണ് രാഹുലിന്റെ കടന്നു വരവ്. പാര്‍ട്ടിയുടെ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പ് സരിന്‍ പ്രകടിപ്പിച്ചിരുന്നു. കേവലം ഒരാള്‍ക്ക് മാത്രമല്ല, രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടിക്കുള്ളിലും ശക്തമായ അതൃപ്തി ഉണ്ടെന്നു തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സരിനും മാങ്കൂട്ടത്തിലും ഒരേ ഗ്രൂപ്പുകാരായിരിക്കെ തന്നെ, ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിത്വം എ ഗ്രൂപ്പില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്.
ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ, ബുധനാഴ്ച്ച ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ രാഹുലിനോടുള്ള അനിഷ്ടം വ്യക്തമാക്കുന്ന തരത്തില്‍ ചാണ്ടി ഉമ്മന്‍ ഈ പരിപാടി തടയുകയാണുണ്ടായത്. തന്റെ അതൃപ്തി അറിയിക്കേണ്ടവരെ അറിയിക്കുക എന്ന ലക്ഷ്യത്തില്‍ തന്നെ ചാണ്ടി ഉമ്മന്‍ സ്ഥലത്ത് നിന്നും മാറി നില്‍ക്കുകയാണ് ചെയ്ത്. അദ്ദേഹം ഡല്‍ഹിയിലേക്ക് പോയി. മുതിര്‍ന്ന നേതാക്കള്‍ പലരും ശ്രമിച്ചിട്ടും ഫോണില്‍ പോലും ഉമ്മന്‍ ചാണ്ടിയുടെ മകനെ കിട്ടാന്‍ സാധിച്ചില്ല എന്നത്, ഭിന്നതയുടെ രൂക്ഷത വ്യക്തമാക്കുന്നുണ്ട്.
തനിക്ക് അനുകൂലമായി കാര്യങ്ങള്‍ വരുന്നുവെന്ന് അറിഞ്ഞ് മുതല്‍ രാഹുല്‍, അടൂരിലെ സ്വന്തം വീട്ടില്‍ വച്ചും, പിന്നീട് സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതിനു ശേഷവും നടത്തിയ പ്രതികരണങ്ങളില്‍, ബുധനാഴ്ച്ച പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തുമെന്ന് വ്യക്തമാക്കിയിരുന്നു. കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി, അവിടെ നിന്ന് സ്ഥാനാര്‍ത്ഥിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയെന്നതായിരുന്നു ലക്ഷ്യം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ ചെയ്തതിന്റെ അനുകരണം. എന്നാല്‍, ഈ ലക്ഷ്യം ഫലം കണ്ടില്ല. തിരുവനന്തപുരത്ത് വച്ച് ചാണ്ടി ഉമ്മനെ കണ്ട് രാഹുല്‍ തന്റെ ആവശ്യം അറിയിച്ചിരുന്നു. കല്ലറ സന്ദര്‍ശിക്കുമ്പോള്‍ ചാണ്ടി ഉമ്മനും കൂടെ വേണമെന്നത് രാഹുലിന് നിര്‍ബന്ധമുണ്ടായിരുന്നു. അല്ലാത്തപക്ഷം അത് സംശയങ്ങള്‍ക്ക് ഇടനല്‍കുമായിരുന്നു. അങ്ങനെയുണ്ടാകാതിരിക്കാനാണ് ചാണ്ടി ഉമ്മനെ കൂടെക്കൂട്ടാന്‍ നിര്‍ബന്ധം പിടിച്ചത്. പക്ഷേ, രാഹുലിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞു നിന്ന ചാണ്ടി ഉമ്മന്‍, ഇപ്പോള്‍ അത്തരമൊരു കാര്യത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കല്ലറ സന്ദര്‍ശനത്തിന് നല്‍കിയ മറുപടി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഏകപക്ഷീയമായി എടുത്ത തീരുമാനം ആണെന്നു പുറത്തു പറയുമ്പോഴും ഉള്ളില്‍ എത്രത്തോളം ഭിന്നത നില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് ചാണ്ടി ഉമ്മന്റെ ഒഴിഞ്ഞു മാറല്‍. സരിന്‍ നടത്തിയ പ്രതിഷേധം ഒരു വലിയ വിഭാഗം പാര്‍ട്ടി നേതാക്കളുടെ കൂടി നിലപാടാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഷാഫി പറമ്പില്‍ എംപിയും രാഹുലിനെ പിന്തുണയ്ക്കുമ്പോള്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അത്ര സന്തുഷ്ടനല്ല. പാലക്കാട്ടുകാരന്‍ തന്നെയായ സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലായിരുന്നു സുധാകന് താത്പര്യം. പുറത്തു നിന്നു വരുന്ന രാഹുലിനെ വേണ്ടെന്ന നിലപാടായിരുന്നു പ്രസിഡന്റിന്. പുറത്ത് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്ന നേതാക്കളില്‍ പലരും പാര്‍ട്ടിക്കുള്ളില്‍ സുധാകരന്റെതിനു യോജിച്ച നിലപാട് എടുത്തവരാണ്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ഏറ്റവും ആവേശത്തോടെ വീക്ഷിച്ച മത്സരമായിരുന്നു പാലക്കാട് നടന്നത്. ബിജെപിയുടെ ഇ. ശ്രീധരനും ഷാഫിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ഒരുഘട്ടത്തില്‍ ബിജെപി പാലക്കാട് പിടിച്ചു എന്നു തോന്നിച്ചിടത്ത് നിന്ന് 3858 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു. ബിജെപി ഇത്തവണയും പാലക്കാടിനു മേല്‍ വലിയ പ്രതീക്ഷ വച്ചിട്ടുണ്ട്. പ്രത്യേകിച്ച് തൃശൂര്‍ ലോക്‌സഭ സീറ്റില്‍ സുരേഷ് ഗോപി വിജയിച്ചതിന്റെ പശ്ചാത്തലത്തില്‍. ഈയൊരു സാഹചര്യത്തില്‍ ഇടത്-വലത് മുന്നണികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്. ബിജെപി അവിടെ വിജയിച്ചാല്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസും മറുപടി പറയേണ്ടി വരും. rahul mamkootathil candidature internal rift in congress party palakkad by-election
Content Summary; Rahul Mamkootathil candidature internal rift in congress party palakkad by-election