June 03, 2026 |

ഓണം വെള്ളത്തിലാകുമോ? ന്യൂനമർദത്തിന് സാധ്യത; നിലവിൽ കേരളത്തിൽ ശക്തികുറഞ്ഞ മഴ

ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുന്നതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

മഴ തുടരുകയാണെങ്കിൽ തിരുവോണം മഴയിലാകുമോയെന്ന സംശയമാണ് നിലവിൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക. അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണല്ലോ പഴമൊഴി. ഇത്തവണ അത്തത്തിന് മഴ ലഭിക്കാതിരുന്നതിനാൽ തന്നെ തിരുവോണത്തിന് കേരളത്തിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ ന്യൂനമർദത്തിനുള്ള സാധ്യതയുണ്ടെന്നും അതിനാൽ തിരുവോണത്തിന് മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ വിദ​ഗ്ധൻ അഴിമുഖത്തോട് പറഞ്ഞു.

‘തിരുവോണത്തിന് മഴ പെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. സെപ്റ്റംബർ രണ്ട് വരെയാണ് നിലവിൽ മഴയെക്കുറിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ വന്നിട്ടുള്ളത്. അന്ന് വരെ സാധാരണയായ മഴയാണ് ലഭിക്കുക. അതേസമയം, ഇനിയുമൊരു ന്യൂനമർദത്തിൻ്റെ സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാൽ അതിന്റെ തീവ്രതയെക്കുറിച്ച് വരും ദിവസങ്ങളിൽ മാത്രമേ പറയാൻ കഴിയുകയുള്ളൂ. ഓണസമയത്ത് മഴയുണ്ടാകുമെങ്കിൽ വടക്കൻ കേരളത്തിലാകും കൂടുതലും മഴ ലഭിക്കുക. പിന്നീടുള്ള ദിവസങ്ങളിലായിരിക്കും തെക്കൻ കേരളത്തിലേക്ക് മഴ എത്തുന്നതെന്നാണ് വിലയിരുത്തുന്നത്.

ഇപ്പോൾ ന്യൂനമർദ്ദം ദുർബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തിയും കുറഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ, അതായത് സെപ്റ്റംബർ രണ്ട് വരെ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമാകും ലഭിക്കുക. വരും ദിവസങ്ങളിൽ ന്യൂനമർദമുണ്ടാവുകയാണെങ്കിൽ വീണ്ടും മഴ ശക്തി പ്രാപിക്കും. സെപ്റ്റംബർ അവസാനം വരെയാണ് കേരളത്തിൽ മൺസൂൺ ഉള്ളത്. ചിലപ്പോൾ ഒക്ടോബർ പകുതി വരെ മൺസൂൺ നീണ്ടുനിൽക്കാറുമുണ്ട്. സാധാരണയായി മൺസൂൺ കാലത്ത് ലഭിക്കുന്ന മഴ തന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നത്.

അതിശക്തമായ മഴയുണ്ടെങ്കിൽ മാത്രമാണ് മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ച് പറയാൻ സാധിക്കുക. നിലവിൽ സാധാരണരീതിയിലുള്ള മഴയാണ് കേരളത്തിൽ ലഭിക്കുന്നത്. സംസ്ഥാനതലത്തിൽ നോക്കുകയാണെങ്കിൽ 12 ശതമാനം കുറവാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. ഇതുവരെ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചിട്ടുള്ളത് വടക്കൻ ജില്ലകളിലാണ്. തുലാവർഷം വരുമ്പോഴാണ് തെക്കൻ ജില്ലകളിൽ കൂടുതലായും മഴ ലഭിക്കുക.

കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം ഒഡിഷ തീരത്തേക്ക് നീങ്ങിയതിനെ തുടർന്നാണ് കേരളത്തിൽ രണ്ട് ദിവസം ശക്തമായ മഴ ലഭിച്ചത്. പിന്നീട് കുറയുകയായിരുന്നു’, കാലാവസ്ഥാ വിദ​ഗ്ധൻ അഴിമുഖത്തോട് പറഞ്ഞു.

മഴ മുന്നറിയിപ്പുകളുടെ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ വിഭാഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Content Summary: Rain continues in Kerala; will rain affect Onam?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×