UPDATES

കറിപ്പൊടികളിൽ കണ്ടെത്തിയത് കീടനാശിനി

മായം വീട്ടിൽ തന്നെ തിരിച്ചറിയാം

                       

ജനപ്രിയ സുഗന്ധവ്യഞ്ജന ബ്രാൻഡുകൾക്കെതിരെ നടപടിയെടുത്ത് രാജസ്ഥാൻ സർക്കാർ. മസാലപ്പൊടികളിൽ ഉയർന്ന അളവിൽ കീടനാശിനികളുടെ സാനിധ്യം കണ്ടെത്തിയതിനാലാണ് നടപടി. എംഡിഎച്ച്, എവറസ്റ്റ് മസാല എന്നിവയിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഉദ്യോഗസ്ഥർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഫ്എസ്എസ്എഐ) കത്തയക്കുകയും ബ്രാൻഡുകളുടെ നിർമ്മാണ യൂണിറ്റുകൾ സ്ഥിതി ചെയ്യുന്ന ഗുജറാത്ത്, ഹരിയാന സർക്കാരുകളോട് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. Everest masala

രാജസ്ഥാനിലെ എല്ലാ ജില്ലകളിൽ നിന്നും കറി പൗഡർ സാമ്പിളുകൾ ശേഖരിക്കുന്നതിനായി സംസ്ഥാനത്തെ മെഡിക്കൽ, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മെയ് 8 -ന് ആരംഭിച്ച പ്രത്യേക ക്യാമ്പെയ്‌നിലാണ് കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. പ്രമുഖ ബ്രാൻഡുകളുടേത് ഉൾപ്പെടെ 93 സാമ്പിളുകളാണ് ക്യാമ്പെയ്‌നിൽ ശേഖരിച്ചത്. സംസ്ഥാന സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി  പരിശോധിച്ച ചില സാമ്പിളുകളിൽ വളരെ ഉയർന്ന തോതിലുള്ള കീടനാശിനികളുടെയും കൃമിനാശിനികളുടെയും സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.

ഹാനികരമായ വസ്തുക്കളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെയും, പരിശോധനകളുടെയും പ്രധാന്യം എടുത്തു കാണിക്കുന്ന സാഹചര്യമാണിത്. മായം ചേർന്ന ഭക്ഷ്യപദാർത്ഥങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനുളള വഴികൾ പങ്കുവയ്ക്കുകയാണ് ബെംഗളൂരുവിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് അഭിലാഷ വി.

പാലിൽ വെള്ളവും സോപ്പും കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എളുപ്പ വഴി, മിനുക്കമുള്ള പ്രതലത്തിൽ ഒരു തുള്ളി പാൽ ഇടുക പാൽ താഴേക്ക് വേഗത്തിൽ ഒഴുകിയാൽ പാലിൽ വെള്ളം കലർന്നിട്ടുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. പാൽ വൃത്തിയുള്ള ഒരു കുപ്പിയിലേക്ക് ഒഴിച്ച ശേഷം ശക്തയായി കുലുക്കുമ്പോൾ, പ്രതലത്തിൽ വലിയ തോതിൽ കുമിളകൾ രൂപപ്പെടുകയാണെങ്കിൽ സോപ്പ് കലർന്നിട്ടുണ്ട് എന്നാണ് അർത്ഥം.

ഏറ്റവും കൂടുതൽ മായം കലർത്തി ജനങ്ങളിലേക്ക് എത്തുന്ന ഒന്നാണ് തേൻ. ശുദ്ധമായ തേൻ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് താനും. പലപ്പോഴും വൻതുക ചിലവഴിച്ച് നമ്മൾ വാങ്ങിക്കൂട്ടുന്നത് മായം ചേർത്ത തേനാവാം. ഗ്ലൂക്കോസ് , കോൺ സിറപ്പ് തുടങ്ങിയ കെമിക്കലുകൾ തേനിൽ മായമായി ഉപയോഗിക്കാറുണ്ട്. തേനിൽ പഞ്ചസാര സിറപ്പ് കണ്ടെത്തണമെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് തേൻ ഒഴിച്ച ശേഷം തേൻ ഗ്ലാസിന്റെ താഴ്ഭാഗത്ത് അടിഞ്ഞ് വെള്ളത്തിൽ കലരാതിരുന്നാൽ തേൻ ശുദ്ധമാണ്, മായം കലർന്ന തേൻ എളുപ്പത്തിൽ വെള്ളത്തിൽ അലിഞ്ഞു ചേരും.

മഞ്ഞൾപ്പൊടി, മുളകുപൊടി തുടങ്ങിയ മസാലകളിലും വലിയ തോതിൽ മായം ചേർക്കാറുണ്ട്. മഞ്ഞൾപ്പൊടിയിൽ ചോക്ക് പൊടി, യെല്ലോ സോപ്പ് സ്റ്റോൺ പൗഡർ, മെറ്റാനിൽ യെല്ലോ എന്നിവയാണ് കലർത്തുക. ഇതു തിരിച്ചറിയാൻ കാൽ ടീസ്പൂൺ മഞ്ഞളിൽ മൂന്ന് മില്ലി ആൽക്കഹോൾ ചേർത്തു നല്ലപോലെ കുലുക്കുക, പിന്നീട് ഇതിലേയ്ക്ക് 10 തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കണം പിങ്ക് നിറമാകുമെങ്കിൽ മായം കലർന്ന മഞ്ഞളാണ്. മറ്റൊരു മാർഗം കുറച്ച് വെള്ളത്തിൽ മഞ്ഞൾ പൊടി കലക്കുക മുഴുവനായും കലങ്ങാതെ ഗ്ലാസിന്റെ താഴ്ഭാഗത്ത് അടിയുകയാണെങ്കിൽ ശുദ്ധമായ മഞ്ഞൾ ആയിരിക്കും. മുഴുവൻ മഞ്ഞളിൽ ലെഡ് ക്രോമേറ്റാണ് ചേർക്കുന്നത്. ഇത് നല്ല തിളക്കമുള്ള ഒരു പ്രത്യേക നിറം നൽകും. ഈ മഞ്ഞൾ വെള്ളത്തിലിട്ടാൽ വെള്ളം മഞ്ഞനിറമാകും.

മുളകുപൊടിയിൽ ഇഷ്ടികപ്പൊടി, ഉപ്പ്, ടാൽകം പൗഡർ എന്നിവ കലർത്താറുണ്ട്. ഒരു ടീസ്പൂൺ മുളകുപൊടി വെള്ളത്തിലിട്ടാൽ നിറം മാറും. ഇത് കയ്യിലെടുത്തോ പാത്രത്തിലിട്ടോ പതുക്കെ ഉരച്ചാൽ തരിയായി അനുഭവപ്പെടും. ഇത് ഇഷ്ടികപ്പൊടി, മണൽ എന്നിവയുടെ ചേർന്നിട്ടുണ്ട് എന്നതിന്റെ സൂചനയാണ് നൽകുന്നത്.

തേയിലയിലും കാപ്പിപൊടിയിലും ചേർക്കുന്ന മായം, ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് നൽകുന്നതാണ്. കൂടാതെ കാന്തപൊടിയും ചേർക്കുന്നു. തേയിലയിലെ മായം കണ്ടെത്താൻ നനഞ്ഞ ബ്ലോട്ടിംഗ് പേപ്പറിൽ ( മഷിയോ എണ്ണയോ ആഗിരണം ചെയ്യാൻ ഉപയോഗിക്കുന്ന പേപ്പർ ) ചെറിയ അളവിൽ തേയില വിതറുക. പേപ്പറിൽ മഞ്ഞയോ ഓറഞ്ചോ നിറമുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഇത് കൃത്രിമ നിറത്തിൻ്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. പച്ചക്കറികളിൽ ഭംഗിക്ക് വേണ്ടി കൃത്രിമ നിറങ്ങൾ ചേർത്താണ് എത്താറുള്ളത്. വെള്ളത്തിലോ എണ്ണയോ നനച്ച ഒരു പഞ്ഞി കഷ്ണം ഉപയോഗിച്ച് പച്ചക്കറികളുടെ ഉപരിതലത്തിൽ ഉരച്ച് നോക്കുമ്പോൾ നിറം പിടിക്കുന്നുണ്ടെങ്കിൽ ചായങ്ങൾ ചേർത്തതായി കണ്ടെത്താം.

മലയാളികളുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂട്ടാൻ സാധിക്കാത്ത ഒന്നാണ് അരി. അരിയിലെ മായം എളുപ്പത്തിൽ തിരിച്ചറിയാൻ ഈർപ്പമുള്ള കൈയിലേക്ക് അൽപം അരിയെടുത്ത് നന്നായി തിരുമ്മിയാൽ നിറം നഷ്ടപ്പെടുന്നതുകണ്ടാൽ അതിൽ നിറം ചേർത്തതാണെന്നു മനസ്സിലാക്കാം. അൽപം അരിയെടുത്ത് നാരങ്ങാനീര് ഒഴിച്ചാൽ ചുവപ്പു നിറം കാണുന്നുവെങ്കിലും അതു നിറം ചേർത്ത അരിയ‍ാണെന്ന് കണ്ടെത്താൻ സാധിക്കും.

content summary :  Rajasthan finds pesticides in MDH, Everest masala: Ways to identify food adulteration at home

Share on

മറ്റുവാര്‍ത്തകള്‍