കാണാതായ ഹരിയാന മോഡൽ ശീതളിന്റെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. 23കാരിയായ ശീതളിനെ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കാണാതായത്. ഹരിയാൻവിയെന്ന മോഡലിംഗ് കമ്പനിയിലെ മോഡലായിരുന്നു ശീതൾ. പെൺകുട്ടി സഹോദരിയ്ക്കൊപ്പം പാനിപത്തിലാണ് താമസിച്ചിരുന്നത്. ജൂൺ 14ന് അഹാർ ജില്ലയിൽ ഒരു ഷൂട്ടിംഗിനായി പോയതായിരുന്നു പെൺകുട്ടി. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരിയാണ് പാനിപത്ത് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയത്.
ഹരിയാനയിലെ സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡലാണ് ശീതൾ. സിമ്മി ചൗധരി എന്നാണ് ശീതൾ അറിയപ്പെടുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സോനിപത്തിലെ ഖണ്ഡ ഗ്രാമത്തിനടുത്തുള്ള ഒരു കനാലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കനാലിൽ നിന്ന് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ശീതൾ കഴിഞ്ഞ ദിവസം സുനിലെന്ന ഒരു സുഹൃത്തിനൊപ്പം കാറിൽ പോകുന്നത് കണ്ടതായി റിപ്പോർട്ടുകളുണ്ട്. വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ കനാലിലേക്ക് വീണതായും സംശയങ്ങളുണ്ട്. സുനിൽ ഇപ്പോൾ പാനിപത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കനാലിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾക്കിടയിലാണ് പാനിപത്തിൽ ഒരു പെൺകുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടർനടപടികൾ ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു. ശീതൾ അബദ്ധത്തിൽ മുങ്ങി മരിച്ചതല്ലെന്നും മരണം കൊലപാതകമാണെന്നും ശീതളിന്റെ കുടുബം ആരോപിച്ചു. കാണാതായ ദിവസം ശീതൾ നേഹയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തന്റെ മുൻ സുഹൃത്തായ സുനിൽ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ശീതളിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി നേഹയുടെ പറഞ്ഞിരുന്നതായി പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ ആഴ്ചയാണ് കമാൽ കൌറെന്ന സാമൂഹ്യ മാധ്യമ ഇൻഫ്ലുവൻസറുടെ മൃതദേഹം ഛത്തീസ്ഗഡിൽ ദേശീയപാതയ്ക്ക് സമീപം അദേഷ് മെഡിക്കൽ സർവകലാശാലയുടെ കാർ പാർക്കിങ്ങിൽ കണ്ടെത്തിയിരുന്നു. ലുധിയാന രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ജൂൺ 9ന് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു കമാൽ.
content summary: The body of Haryana model Sheetal was found in a canal near Sonipat