രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കുട്ടികള്‍ അപകടം വിളിച്ചു പറഞ്ഞിട്ടും അധ്യാപകര്‍ അനങ്ങിയില്ല

രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 25 കുട്ടികള്‍ക്ക് പരിക്കേറ്റു. ഝല്‍വാര്‍ ജില്ലയിലെ മനോഹര്‍താന ബ്ലോക്കില്‍പ്പെട്ട പീപ്‌ലോഡി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കെട്ടിടമാണ് തകര്‍ന്നു വീണത്.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചവരില്‍ അധികവും. അഞ്ച് കുട്ടികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികള്‍ ചികിത്സയ്ക്കിടെയാണ് ജീവന്‍ വെടിഞ്ഞത്. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. മഴ പെയ്യുന്നതിനാല്‍ കുട്ടികള്‍ പുറത്ത് ഇറങ്ങാതിരിക്കാന്‍ അധ്യാപകര്‍ അവരെ ക്ലാസ് മുറിയില്‍ കയറ്റിയിരുത്തിയിരിക്കുകയായിരുന്നു.

മഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊട്ടിയടരുന്നതായി ചില വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. അവര്‍ അക്കാര്യം അധ്യാപകരെ അറിയിച്ചുവെങ്കിലും കുട്ടികളെ അവഗണിക്കുകയാണ് അധ്യാപകര്‍ ചെയ്തതെന്ന് പരാതിയുണ്ട്.

മുന്നറിയിപ്പ് അവഗണിച്ച് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് വലിയൊരു സ്‌ഫോടനം കണക്കെ ശബ്ദമാണ് ഗ്രാമവാസികള്‍ കേള്‍ക്കുന്നത്. നാട്ടുകാരും സ്‌കൂള്‍ അധികൃതരുമെല്ലാം ശബ്ദം കേട്ട് ഓടിയെത്തുമ്പോഴേക്കും കെട്ടിടം തകര്‍ന്നു വീണിരുന്നു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കുട്ടികളെ പുറത്തെത്തിക്കുന്നത് അതീവശ്രമകരമായിരുന്നു. സ്വന്തം കുട്ടികള്‍ അടക്കം കുടുങ്ങിക്കിടമ്പോഴായിരുന്നു നാട്ടുകാരില്‍ പലരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. കുട്ടികളുടെ പുസ്തകങ്ങളും ബാഗുകളുമെല്ലാം ചിതറിക്കിടക്കുന്നതും സങ്കടക്കാഴ്ച്ചയായി.

തിടക്കപ്പെട്ട് തന്നെ കുട്ടികളെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് പുറത്തെടുത്തു. പരിക്കേറ്റ പല കുട്ടികളെയും അവരുടെ മാതാപിതാക്കള്‍ തന്നെയാണ് കൈകളിലെടുത്ത് ആശുപത്രിയിലേക്ക് ഓടിയത്.

മനോഹര്‍താന ആശുപത്രിയിലേക്കാണ് പരിക്കേറ്റ കുട്ടികളെ കൊണ്ടു പോയത്. പരിക്കേറ്റ 35 കുട്ടികളെ ഇവിടെ കൊണ്ടുവന്നുവെന്നാണ് മനോഹര്‍താന ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. കൗഷല്‍ ലോധ മാധ്യമങ്ങളോട് പറഞ്ഞത്. ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഏഴ് കുട്ടികളെ ഝല്‍വാറിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോക്ടര്‍ പറഞ്ഞു.

മാസങ്ങളായി അതീവ അപകടാവസ്ഥയിലായിരുന്നു സ്‌കൂള്‍ കെട്ടിടം നിന്നിരുന്നതെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. പുതുക്കി പണിയാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ അവഗണിക്കുകയായിരുന്നു.

സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ 50 ഓളം കുട്ടികള്‍ അവിടെയുണ്ടായിരുന്നു. കെട്ടിടം അപകടത്തിലാണ് അധ്യാപകരോട് ഞാന്‍ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അവരത് നന്നാക്കാന്‍ തയ്യാറായില്ല, അപകടത്തില്‍പ്പെട്ട കുട്ടികളില്‍ ഒരാളുടെ പിതാവായ ബദ്രിലാലിന്റെ വാക്കുകളായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ പട്ടികയില്‍ ഈ സ്‌കൂള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് കളക്ടര്‍ അജയ് സിംഗ് റാത്തോഡ് പറയുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഝാല്‍വാര്‍ കളക്ടര്‍, എസ് പി, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആയിരത്തിലധികം സ്‌കൂള്‍ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലുണ്ടെന്നാണ് ഈ അപകടവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ധില്‍വാര്‍ വ്യക്തമാക്കിയത്. അവയെല്ലാം ശരിയാക്കുന്നതിനായി 200 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു. ഇപ്പോഴുള്ള പ്രഥമ പരിഗണന പരിക്കേറ്റ കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാണെന്നും ധല്‍വാര്‍ പറഞ്ഞു.

രാജസ്ഥാനിലെ സ്‌കൂള്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അനുശോചിച്ചു. Rajasthan’s Jhalawar school building collapses,seven students dead, over 25 injured

Content Summary; Rajasthan’s Jhalawar school building collapses,seven students dead, over 25 injured  

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment