സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഡ്വക്കേറ്റ് രാകേഷ് കിഷോറിൻ്റെ താൽക്കാലിക അംഗത്വം റദ്ദാക്കി സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്.സി.ബി.എ). ബാർ അസോസിയേഷൻ നേരത്തെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ബാർ കൗൺസിൽ ഭാരവാഹി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർ അനർഹരായ ആളുകൾക്ക് അംഗത്വം കൊടുക്കുന്നു എന്ന പരാതി നിലനിൽക്കെയാണ് താത്കാലിക അംഗത്വം മാത്രമുണ്ടായിരുന്ന രാകേഷ് കിഷോറിനെ പുറത്താക്കിയത്.
2009 മുതൽ പല ആവശ്യങ്ങൾക്കായി രാകേഷ് കിഷോർ കോടതിയിൽ എത്തുന്നുണ്ടെങ്കിലും ഏതെങ്കിലും പ്രധാന കേസുകളിൽ വാദിക്കുകയോ ഹാജരാവുകയോ ചെയ്തിട്ടില്ല. തുടർന്ന് ചീഫ് ജസ്റ്റിസിന് നേരെ അതിക്രമം ഉണ്ടായതിന് പിന്നാലെ താത്കാലിക അംഗത്വമാണ് ഇയാൾക്കുള്ളതെന്ന് കണ്ടെത്തുകയും ആദ്യം സസ്പെൻഡ് ചെയ്യുകയും ഇപ്പോൾ പുറത്താക്കുകയുമാണ് ചെയ്തത്.
തന്റെ പ്രവൃത്തിയിൽ ഖേദമില്ലെന്ന് പറഞ്ഞ രാകേഷ് കിഷോറിനെ, ഇന്ത്യയിലെ കോടതിയിലും ട്രൈബ്യൂണലിലും മറ്റ് അധികാരികളുടെ മുന്നിലും ഹാജരാകുന്നതിൽ നിന്നും വാദിക്കുന്നതിൽ നിന്നും പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) വിലക്കിയിരുന്നു. കൂടാതെ, ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടികൾ ആരംഭിക്കുമെന്ന് ബിസിഐ അറിയിക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള അച്ചടക്കമില്ലാത്ത പെരുമാറ്റം ഒരു കോടതി ഉദ്യോഗസ്ഥന് ഒട്ടും ചേർന്നതല്ല. ഇത് ധാർമികതയുടെയും സുപ്രീം കോടതിയുടെ അന്തസ്സിന്റെയും ഗുരുതരമായ ലംഘനമാണെന്ന് ഈ സംഭവത്തെക്കുറിച്ച് ബാർ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു. അഡ്വക്കേറ്റിന്റെ ഈ നടപടി, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് നേരെയും കോടതി നടപടികളുടെ പവിത്രതയ്ക്ക് നേരെയുമുള്ള ആക്രമണമാണ് എന്ന് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
രാകേഷ് കിഷോറിനെ എസ്.സി.ബി.എ.യുടെ താൽക്കാലിക അംഗമായി തുടരാൻ അനുവദിക്കുന്നത് ഈ അസോസിയേഷൻ അന്തസ്സിനും അച്ചടക്കത്തിനും ഒട്ടും ചേർന്നതല്ല എന്ന ഉറച്ച നിഗമനത്തിലെത്തി ഈ നടപടി സ്വീകരിക്കുന്നതെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു.
ഒക്ടോബർ ആറിന് രാവിലെ ജഡ്ജിമാരുടെ ഡയസിനടുത്തെത്തിയാണ് അഭിഭാഷകനായ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ചത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ‘സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല’ എന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര്‍ ബിആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. ആക്രമണ ശ്രമത്തില്‍ പതറാതിരുന്ന ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അഭിഭാഷകരോട് വാദങ്ങള്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനെതിരെ കേസെടുക്കേണ്ട എന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് രാകേഷ് കിഷോറിനെ ദില്ലി പൊലീസ് സംഭവ ദിനം തന്നെ വിട്ടയച്ചിരുന്നു.
തനിക്ക് പിന്നില്‍ ദിവ്യശക്തിയുടെ പ്രേരണയുണ്ടെന്നും അഭിഭാഷകന്‍ കൂടിയായ പ്രതി പറഞ്ഞിരുന്നു. ഖജുരാഹോ ജവാരി ക്ഷേത്രം സംബന്ധിച്ച ചീഫ് ജസ്റ്റിസിന്റെ വിധിക്ക് ശേഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത്തരമൊരു വിധി കേട്ടിട്ട് എങ്ങനെ വെറുതെയിരിക്കാന്‍ കഴിയുന്നുവെന്ന് എല്ലാ രാത്രിയും ദൈവം തന്നോട് ചോദിച്ചെന്നുമായിരുന്നു പ്രതിയുടെ വിചിത്ര വാദം.
ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഗവായ് നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യം വിഷ്ണു ഭഗവാനോട് തന്നെ പറയൂവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശി രാകേഷ് ദലാല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചായിരുന്നു അന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വിഗ്രഹം പുനപ്രതിഷ്ഠിക്കാത്തത് വിശ്വാസിയുടെ മൗലികാവകാശ ലംഘനമാണ് എന്ന വാദം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.
content summary: Bar Association revokes Rakesh Kishore’s membership after attempted shoe attack on Chief Justice B.R. Gavai
This post was last modified on October 9, 2025 1:15 pm
Leave a Comment