മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് ആരോപിച്ച ശങ്കരനാരായണൻ അന്തരിച്ചു. 2001 ഫെബ്രുവരി ഒൻപതിനാണ് സ്‌കൂൾ വിട്ട് വരുന്ന വഴി കൃഷ്ണപ്രിയ എന്ന 13 വയസുകാരിയെ അയൽക്കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
മലപ്പുറം മഞ്ചേരിയിലെ ചാരങ്കാവ് എന്ന ഗ്രാമത്തിലാണ് ശങ്കരനാരായണനും മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കർഷക കുടുംബം ജീവിച്ചിരുന്നത്. രണ്ട് ഏട്ടന്മാർക്ക് ആകെയുണ്ടായിരുന്ന അനിയത്തിയായിരുന്നു കൃഷ്ണപ്രിയ. ഏറ്റവും ഇളയ കുട്ടിയായതുകൊണ്ടും, ആകെയുള്ള പെൺകുട്ടിയായതുകൊണ്ടും ഏട്ടന്മാർക്കും അച്ഛനും അമ്മയ്ക്കുമൊക്കെ ഏറെ പ്രിയമായിരുന്നു അവളോട്. കാലി വളർത്തലായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു സാധാരണ കുടുംബം.
എന്നാൽ എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. 13-ാം വയസ് വരെ മാത്രമാണ് അച്ഛനമ്മമാരുടെയും ഏട്ടന്റെയും സ്‌നേഹമനുഭവിക്കാൻ കൃഷ്ണപ്രിയയ്ക്ക് കഴിഞ്ഞുള്ളു. സ്‌കൂൾ വിട്ട് വരികയായിരുന്ന കൃഷ്ണപ്രിയയെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ(24) പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് പിടിയിലായ പ്രതിയെ പതിവ് പോലെ കോടതി ശിക്ഷിച്ചു. അന്നുവരെ കേട്ടുപരിചയിച്ച കേസുകളിൽ ഒന്ന് പോലെ കൃഷണപ്രിയയുടെ മരണവും എല്ലാവരും മറന്നു. എന്നാൽ മകളുടെ മരണം ഒരിക്കലും ഉണങ്ങാത്ത മുറിവ് സമ്മാനിച്ച ഒരാളുണ്ടായിരുന്നു, കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ.
2002 ജൂലൈ 27ന് കൃഷ്ണപ്രിയയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ടതോടെ നിസ്സഹായനായ ആ അച്ഛന്റെ മുഖവും നിഷ്‌കളങ്കയായ പെൺകുട്ടിയുടെ മുഖവും മലയാളി മറക്കാതെയായി. മുഹമ്മദ് കോയയുടെ മരണവും അതേതുടർന്നുണ്ടായ ശങ്കരനാരായണന്റെ അറസ്റ്റും ഞെട്ടലോടെയാണ് വാർത്തയെ ആളുകൾ വരവേറ്റത്. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ട് പേരെയും ജീവപര്യന്തം കഠിനതടവിന് ശിക്ഷ വിധിച്ചു. എങ്കിലും മലയാളിയുടെ മനസാക്ഷി കോടതികൾ ആ അച്ഛന് മാപ്പ് നൽകി.
2006 മെയ് മാസത്തിൽ തെളിവുകളുടെ അഭാവത്തിൽ ശങ്കരമനാരായണനെ ഹൈക്കോടതി വെറുതെ വിട്ടു. കോടതിക്കും മനസാക്ഷിയുടെ മുഖമുണ്ടെന്ന് വ്യക്തമായ ദിവസമായിരുന്നു അന്ന്. മൃതശരീരം വീണ്ടെടുക്കുന്നതിൽ പോലിസിന് വീഴ്ച്ച പറ്റി, ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റു ശത്രുക്കളുണ്ടാകാം, അവരായിരിക്കാം കുറ്റം ചെയ്തത് തുടങ്ങിയ അപൂർവ്വ മാനദണ്ഡങ്ങളായിരുന്നു കോടതിയുടേത്.
കൃഷ്ണപ്രിയ മരിച്ചതിന് ശേഷം മകളോടൊത്ത് കിടന്നുറങ്ങിയ കിടക്കയിൽ പിന്നീടൊരിക്കലും ആ അച്ഛൻ ഉറങ്ങിയിരുന്നില്ല, മകൾ മരിച്ച വിഷമത്തിൽ താടിയും മുടിയും വളർത്തി മറ്റൊരാളെപ്പോലെ അയാൾ ജീവിച്ചു. മകളുടെ മരണശേഷം ശങ്കരനാരായണൻ ചിരിക്കുന്നത് പ്രതിയെ കൊന്ന കേസിൽ കോടതി ജീവപര്യന്തം ശിക്ഷ കോടതി വിധിക്കുമ്പോഴാണ്.
ഇന്ന് ജീവിച്ചിരുന്നെങ്കിൽ കൃഷ്ണപ്രിയയ്ക്ക് 27 വയസുണ്ടാവുമായിരുന്നു. മഞ്ചേരിയിൽ മകളുറങ്ങുന്ന മണ്ണിലായിരുന്നു ശങ്കരനാരായണന്റെ പിന്നീടുള്ള ജീവിതം. കാലികൾ മേയുന്ന പറമ്പിന്റെ കോണിൽ ഉറങ്ങുന്ന മകളോടൊപ്പം ഇനി ശങ്കരനാരായണനും വിശ്രമിക്കും.
Content summary; Krishnapriya’s father Sankara narayanan died
Leave a Comment