June 18, 2025 |
Share on

‘ഫ്‌ളവര്‍ അല്ല, ഫയര്‍’ പുഷ്പ സ്‌റ്റൈല്‍ വെല്ലുവിളിയുമായി ബൈജു രവീന്ദ്രന്‍

ഗൂഢാലോചനക്കാരെ തകര്‍ക്കുമെന്ന് എക്‌സ് പോസ്റ്റ്

തന്റെ എഡ്-ടെക് സ്റ്റാര്‍ട്ടപ്പിനെതിരെ ‘ക്രിമിനല്‍ ഗൂഢാലോചന’ നടത്തിയെന്നാരോപിച്ച് മുന്‍ റെസല്യൂഷന്‍ പ്രൊഫഷണലും കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘ഇ വൈ’ യിലെ ജീവനക്കാരും ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമപോരാട്ടത്തിലാണെന്നു ബൈജു രവീന്ദ്രന്‍. എക്‌സ് അകൗണ്ടിലെ കുറിപ്പ് വഴിയാണ് ഇക്കാര്യം ബൈജു അറിയിച്ചത്. തന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ കോപ്പിയും ബൈജു എക്‌സ് പോസ്റ്റില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. തെലുങ്ക്‌ ചിത്രം പുഷ്പയില്‍ നായകനായ അല്ലു അര്‍ജുന്‍ പറയുന്ന വൈറല്‍ ഡയലോഗ് കൂടി ചേര്‍ത്തുള്ള വെല്ലുവിളിയും എക്‌സ് പോസ്റ്റിലൂടെ ബൈജു നടത്തിയിട്ടുണ്ട്.

ഇ വൈ, ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായി നിലപാട് എടുക്കുകയും ബൈജുവിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും അവകാശപ്പെട്ടുകൊണ്ട് ഒരു ഇ വൈ വിസില്‍ ബ്ലോവറുടെ ലിങ്ക്ഡ് ഇന്‍ പോസ്റ്റ് പുറത്തു വന്നതിനു പിന്നാലെയാണ് ബൈജുവിന്റെ നീക്കങ്ങള്‍ ആരംഭിച്ചത്. തിങ്ക് ആന്‍ഡ് ലേണിലെ മുന്‍ റെസല്യൂഷന്‍ പ്രൊഫഷണല്‍ പങ്കജ് ശ്രീവാസ്തവ, പാപ്പരത്ത പ്രക്രിയയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഗ്ലാസ് ട്രസ്റ്റുമായും, ഇ വൈയിലെ ചില ജീവനക്കാരുമായി ഒത്തു കളിച്ചുവെന്നാണ് ബൈജുവിന്റെ ആരോപണം. പങ്കജിനു പുറമെ ദിന്‍കര്‍ വെങ്കടസുബ്രഹ്‌മണ്യന്‍, ഇ വൈ പ്രതിനിധികളായ രാഹുല്‍ അഗര്‍വാള്‍, ലോകേഷ് ഗുപ്ത എന്നിവര്‍ക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ബൈജൂവിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നത്.

‘ബൈജൂസിനെതിരേ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തു: പാപ്പരത്ത പ്രക്രിയ നിയമവിരുദ്ധമായി ഇ വൈയിലെ ദിന്‍കര്‍, രാഹുല്‍, ലോകേഷ് എന്നിവര്‍ക്ക് കൈമാറിയ ആര്‍ പി(റെസല്യൂഷണല്‍ പ്രൊഫഷണല്‍) പങ്കജ്, അവര്‍ ഗ്ലാസിന്റെ(ഗ്ലാസ് ട്രസ്റ്റ്) ന്റെ ഏജന്റുമാരായ വഞ്ചകരുടെ കൂട്ടായ്മയാണ്. ഞാന്‍ ഫ്‌ളവറല്ല, ഫയര്‍ ആണ്, അത് ഗ്ലാസ് ട്രസ്റ്റിനെ തകര്‍ക്കും’; ഇതാണ് ബൈജുവിന്റെ പോസ്റ്റ്.

കുറ്റക്കാരായവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇ വൈ ചെയര്‍മാന്‍ രാജീവ് മേമാനിയോട് ആവശ്യപ്പെടുന്ന മറ്റൊരു പോസ്റ്റും ബൈജുവിന്റെ വകയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

‘ ഇത് വ്യക്തിപരമായതോ, സ്ഥാപനപരമായ തട്ടിപ്പോ? എന്നാണ് രാജീവ് മേമാനിയെ ടാഗ് ചെയ്തുകൊണ്ട് ബൈജു ചോദിക്കുന്നത്. ‘ ആദ്യത്തേതാണെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ കുറ്റവാളികളെ സസ്‌പെന്‍ഡ് ചെയ്യണം. ഞാന്‍ പങ്കുവെക്കുന്ന നിരവധി തെളിവുകള്‍ ഉണ്ട്. നിങ്ങള്‍ ഉത്തരം നല്‍കേണ്ട കത്തുന്ന ചോദ്യങ്ങളുണ്ട്. 2018 & 2020 വര്‍ഷങ്ങളിലെ EY സംരംഭകനെ സഹായിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിത’്- പോസ്റ്റിലെ ബാക്കി വാചകങ്ങളാണിത്.

തന്റെ സ്ഥാപനത്തിനെതിരേ ഗ്ലാസ് ട്രസ്റ്റിലെയും ഇ വൈയിലെ ഉന്നതന്മാര്‍ നടത്തിയ ഗൂഢാലോചനയ്ക്ക് തന്റെ കൈവശം ധാരാളം തെളിവുകള്‍ ഉണ്ടെന്ന വെല്ലുവിളിയും ബൈജു നടത്തിയിട്ടുണ്ട്. ബൈജൂസിന്റെ ആല്‍ഫ ഇന്‍കോര്‍പ്പറേറ്റഡ് വഴി ബൈജൂസിന് 1.2 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയ യുഎസ് വായ്പാദാതാക്കളുടെ ട്രസ്റ്റിയാണ് ഗ്ലാസ് ട്രസ്റ്റ്. തനിക്കെതിരെ വ്യാജമായ തട്ടിപ്പ് ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയ ഒരു സംഘം ക്യാമറയില്‍ കുടുങ്ങിയതായി ആരോപിച്ച് ബൈജു രവീന്ദ്രന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. 2025 ഫെബ്രുവരി 27-നാണ് ഇ വൈ വിസില്‍ബ്ലോവര്‍ ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റ് വഴി, ഇ വൈ, ഗ്ലാസ് ട്രസ്റ്റിനൊപ്പം നിന്നുകൊണ്ട് ബൈജൂസിനെതിരായി പ്രവര്‍ത്തിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിത്. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പോസ്റ്റ് ആയിരുന്നു അത്. തന്റെ കമ്പനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ബൈജു രവീന്ദ്രന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതായിരുന്നു ഇ വൈ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.

ബൈജു രവീന്ദ്രന്‍ പുറത്തുവിട്ടിരിക്കുന്ന എഫ് ഐ ആര്‍ ഫെബ്രുവരിയില്‍ ഫയല്‍ ചെയ്തതാണെന്നാണ് ഇ വൈ-യിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സ്രോതസ്സ് ഡെക്കാന്‍ ഹെറാള്‍ഡിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ എഫ് ഐ ആറിനെതിരേ കോടതിയില്‍ നിന്നും താത്കാലികമായ സ്‌റ്റേ വാങ്ങിയതായും പ്രസ്തുത വാര്‍ത്ത സ്രോതസ്സ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ പറ്റുന്ന കോടതി രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡെക്കാണ്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു പോസ്റ്റ് ദിവസങ്ങള്‍ക്ക് മുമ്പ് എക്‌സില്‍ പങ്കുവച്ചിരുന്നു, ബ്രോക്ക് ബട്ട് ബ്രോക്കണ്‍, വീ വില്‍ റൈസ് എഗെയ്ന്‍ എന്നായിരുന്നു പോസ്റ്റിലെ വാചകം. തന്റെ പഴയകാല ചിത്രമായിരുന്നു ഈ പോസ്റ്റിനൊപ്പം കൊടുത്തിരുന്നു. എങ്ങനെയായിരുന്നു തന്റെ തുടക്കമെന്നു കാണിക്കാനായിരുന്നു ആ ചിത്രത്തിലൂടെ ബൈജുവിന്റെ ലക്ഷ്യം.

byju raveendran

22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ബൈജൂസ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ സാമ്പത്തിക തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. കമ്പനി ഇപ്പോള്‍ നീണ്ട നിയമയുദ്ധം നേരിട്ടുകൊണ്ടിരിക്കുകയാണ്. 1.2 ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടയ്ക്കാന്‍ പരാജയപ്പെട്ടതോടെയാണ് ബൈജൂസിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ബൈജൂസിനെതിരേ വായ്പാദാതാക്കള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണല്‍ ഗ്ലാസ് ട്രസ്റ്റ് പ്രതിനിധീകരിക്കുന്ന ഗ്രൂപ്പിന് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്. ബൈജൂസിന്റെ സാമ്പത്തിക തീരുമാനങ്ങളുടെ നിയന്ത്രണം എതിര്‍ഭാഗത്തിന് കൈമാറി.  Byju Raveendran Files FIR Against Individuals for Alleged Criminal Conspiracy

Content Summary; Byju Raveendran Files FIR Against Individuals for Alleged Criminal Conspiracy

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×