രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-3
മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് പ്രശസ്തനായ ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു പി.കെ. മന്ത്രികുമാരന്‍ എന്ന മന്ത്രി. മേല്‍ജാതിയിലുള്ളവര്‍ കീഴ്ജാതിയിലെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പേരിടാന്‍ സമ്മതിക്കാത്ത കാലമുണ്ടായിരുന്നു. ചാത്തന്‍, തേവന്‍ തുടങ്ങിയ പേരുകള്‍ മാത്രമേ കീഴ്ജാതിക്കാര്‍ക്ക് സവര്‍ണ വിഭാഗം അനുവദിച്ചിരുന്നുള്ളൂ. ഈ അനീതിക്കെതിരെയാണ് കേശവന്‍ മാസ്റ്റര്‍ തന്റെ മകന് മന്ത്രികുമാരന്‍ എന്ന് പേരിടാന്‍ കാരണം. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നു തന്നെയാകണം വിമര്‍ശന രംഗത്ത് ശക്തമായ നിലപാടുകളുമായി മന്ത്രി തിളങ്ങാന്‍ കാരണം.
അച്ച്യുതമേനോന്‍ മന്ത്രിസഭയുടെ കാലം. സി.എച്ച്. മുഹമ്മദ് കോയയാണ് വിദ്യാഭ്യാസമന്ത്രി. സി.എച്ച് തന്റെ വിദ്യാഭ്യാസ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. അദ്ധ്യാപകന്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെ നേരിട്ട് ബാധിക്കുന്ന വിഷയം കൂടി ആയതിനാല്‍ തുടര്‍ച്ചയായി മന്ത്രി സി.എച്ചിനെ അതി ശക്തമായി വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ വരച്ചു. 1970 ജൂണില്‍ വിദ്യാഭ്യാസ മന്ത്രി സി.എച്ചിന്റെ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി അദ്ധ്യാപകര്‍ സമരത്തിനിറങ്ങി. ഒരു കാരണവശാലും പിന്തിരിയില്ലെന്ന് സര്‍ക്കാരും നിലപാടെടുത്തു.
അവകാശങ്ങള്‍ നേടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് അദ്ധ്യാപകര്‍ കടുത്ത നിലപാടെടുത്തു. സര്‍ക്കാരും, ജീവനക്കാരും തമ്മിലുള്ള വടംവലിയായി അത് മാറി. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പോലീസിനെ നിയോഗിച്ചു. ജീവനക്കാരനെന്ന വര്‍ഗ്ഗബോധവും, കാര്‍ട്ടൂണിസ്റ്റ് എന്ന സാമൂഹ്യ ബോധവും ശക്തമായ കാര്‍ട്ടൂണുകള്‍ രചിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞു. മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ കേരളത്തിലെ സ്‌ക്കൂള്‍ ചുമരില്‍ നിറഞ്ഞു.
അദ്ധ്യാപകര്‍ക്ക് പകരം പോലീസുകാര്‍ യൂണിഫോമില്‍ പോലീസ് ഭാഷയില്‍ കുട്ടികളെ പഠിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രി തന്നെ പോലീസായാലോ…? രാജ്യത്തെ കുട നന്നാക്കുന്നവരെയെല്ലാം വിദ്യാഭ്യാസമന്ത്രി അറബി മുന്‍ഷികളാക്കി മാറ്റി എന്നതായിരുന്നു മറ്റൊരു കാര്‍ട്ടൂണ്‍. ഈ കാര്‍ട്ടൂണുകള്‍ നിയമസഭയില്‍ ഉയര്‍ത്തി പിടിച്ച് പ്രതിപക്ഷം വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയയെ പത്മവ്യൂഹത്തില്‍ കിടത്തി.
കാര്‍ട്ടൂണിലെ ലീഡറും, ലോട്ടറി വില്‍പ്പനയും; രാഷ്ട്രീയ ഇടവഴി: പരമ്പര, ഭാഗം-1
സര്‍ക്കാര്‍ വേതനം പറ്റുന്ന വ്യക്തിയാണ് ഈ കാര്‍ട്ടൂണുകള്‍ വരച്ചതെന്ന തിരിച്ചറിവ് അധികാര രാഷ്ട്രീയത്തിന്റെ വറളി പിടിപ്പിച്ചു. സര്‍ക്കാര്‍ വാല്യക്കാരന്‍ പുറത്ത് പണിയെടുത്ത് പണമുണ്ടാക്കുന്നു. ഇത് ശിക്ഷാര്‍ഹമാണ്. കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെ അദ്ധ്യാപക തസ്തികയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന അന്വേഷണം. കേസ് വിജിലന്‍സിന് ക്കൈമാറി. അന്ന് വിജിലന്‍സ് സെക്രട്ടറിയായിരുന്നത് കാര്‍ട്ടൂണിസ്റ്റും, സാഹിത്യകാരനുമായ മലയാറ്റൂരായിരുന്നു. അദ്ദേഹം മന്ത്രിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിപ്പിച്ചു.