1956ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടു. 1957ല്‍ ബാലറ്റിലൂടെ ഇ.എം.എസ്. നമ്പൂതിരിപാടിന്റെ നേത്യത്ത്വത്തില്‍ മന്ത്രിസഭ അധികാരത്തിലേറി. 847 ദിവസമാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലുണ്ടായത്. 1957 ഫെബ്രുവരി 25ന് നടന്ന തെരഞ്ഞെടുപ്പില്‍ 126 സീറ്റുകളാണ് ഉണ്ടായിരുന്നത്. അന്ന് തെരഞ്ഞെടുപ്പില്‍ 406 പേരാണ് മത്സരിച്ചത്. 60 സീറ്റുകള്‍ ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അധികാരത്തില്‍ എത്തിയത്. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് മത്സരത്തിനിറങ്ങിയ എം. ഉമേഷ് റാവു എതിരില്ലാതെ സ്വതന്ത്രനായി വിജയിച്ചു. ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 9 വനിതകളില്‍ 6 പേരും വിജയിച്ച് നിയമസഭയിലെത്തി.
കാര്‍ട്ടൂണിലെ ലീഡറും, ലോട്ടറി വില്‍പ്പനയും
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസിനെതിരെ പ്രതിപക്ഷനിരയില്‍ നിന്ന് ശക്തമായ നീക്കമുണ്ടായി. സര്‍ക്കാരിനെ താഴെ ഇറക്കാന്‍ വിമോചന സമരത്തിന് തുടക്കമിട്ടു. ക്രിസ്തീയ വിശ്വാസികളും, നായര്‍ സമുദായവുമായിരുന്നു വിമോചന സമരത്തിന് നേത്യത്വം കൊടുത്തത്. 1959ല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (എന്‍.എസ്.എസ്.) നേതാവായ മന്നത്ത് പത്മനാഭന്‍ ഒരു പ്രഖ്യാപനം നടത്തി. ‘ഈ യാഗാശ്വത്തെ പുത്തന്‍കച്ചേരിയില്‍ കൊണ്ടുകെട്ടുന്നത് വരെ എനിക്ക് വിശ്രമമില്ല’. തന്റെ പടക്കുതിരയെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കസേരയുടെ കാലില്‍ കെട്ടും എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. ഇത് വിഷയമാക്കി മുഖ്യമന്ത്രി ഇ.എം.എസിന്റെ കസേര തന്റെ പടക്കുതിരപ്പുറത്ത് വന്ന് മന്നത്ത് പത്മനാഭന്‍ തെറിപ്പിക്കുന്ന കാര്‍ട്ടൂണ്‍ കെ.എസ്. പിള്ള എന്‍.എസ്.എസ്. അനുകൂലവും, കമ്മ്യൂണിസ്റ്റ് വിരോധവുമുള്ള ദേശബന്ധുവില്‍ വരച്ചു. ഈഴവ സമുദായത്തിന്റെ പത്രമായ കേരള കൗമുദിയുടെ പിന്തുണ സര്‍ക്കാരിനുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സഹായിയായി കൗമുദി പത്രാധിപര്‍ കെ. സുകുമാരനേയും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചു. ഈഴവ സമുദായ നേതാവും കെ.പി.സി.സി. പ്രസിഡന്റായ ആര്‍. ശങ്കര്‍ പക്ഷെ വിമോചന സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
കെ.എസ്. പിള്ള വരച്ച മന്നത്തിന്റെ കുതിര സെക്രട്ടേറിയേറ്റില്‍ എന്ന കാര്‍ട്ടൂണ്‍ പോസ്റ്ററായി നാടുനീളേ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചെറുതൊന്നുമല്ല ചൊടിപ്പിച്ചത്. ആദ്യകാലങ്ങളില്‍ കേരളത്തിലെ മിക്ക മാധ്യമ പ്രവര്‍ത്തകരും കാര്‍ട്ടൂണിസ്റ്റുകളും വലതുപക്ഷ ചിന്തയുള്ളവരായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് എതിരായുള്ള കാര്‍ട്ടൂണുകള്‍ മാത്രമേ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ. മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് അന്ന് വരെ വലതുപക്ഷ അനുഭാവമുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യേശുദാസന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ജനയുഗത്തില്‍ ജോലി തേടി വന്ന സമയമായിരുന്നു അത്. ചെുപ്പക്കാരനായ യേശുദാസിനെ കൊണ്ട് തൊട്ടുപിറ്റേന്ന് കുതിരയെത്തന്നെ വിഷയമാക്കി ജനയുഗത്തില്‍ ‘പടത്തലവന്റെ പടപ്പുറപ്പാട്’ എന്ന തലക്കെട്ടില്‍ ഒരു കാര്‍ട്ടൂണ്‍ വരപ്പിച്ചു. മന്നത്ത് പത്മനാഭന്‍ ഒരു മരക്കുതിരയുടെ പുറത്ത് കയറി നിന്ന് ചാട്ടവാര്‍ വീശുന്നതായിരുന്നു കാര്‍ട്ടൂണ്‍. അത് ജനയുഗത്തിന്റെ ആദ്യ പേജിലും മറ്റു ഭാഷകളിലെ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നു. അത് വളരെയേറെ ചര്‍ച്ചാവിഷയമായി. വിമോചനസമരകാലത്ത് ജാഥകളില്‍ ‘കണ്ടോടാ കണ്ടോടാ മരക്കുതിരയെ കണ്ടോടാ’ എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടു. പക്ഷെ, വിമോചന സമരം വിജയിക്കുകയും, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിടുകയും ഉണ്ടായത് ചരിത്രം. വിമോചന സമരവും, ഈ രണ്ട് കാര്‍ട്ടൂണും അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായി.