റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് തുടങ്ങും. സമരം തുടങ്ങുന്നതോടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭീഷണികള്‍ വകവെക്കാതെയാണ് വ്യാപാരികള്‍ ഇന്ന് സമരത്തിന് ഇറങ്ങുന്നത്.
റേഷന്‍ കടകട വ്യാപാരികളുടെ ഈ പണിമുടക്ക് സാധാരണക്കാരനെ സാരമായി ബാധിക്കും. ശമ്പളപരിഷ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വ്യാപാരികള്‍ പണിമുടക്കുന്നത്. സര്‍ക്കാര്‍ രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയെങ്കിലും ചര്‍ച്ചകള്‍ വിജയമായിരുന്നില്ല. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം, പക്ഷെ ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ശമ്പളപരിഷ്‌കരണമാണ് ഏറ്റവും പ്രാധാന്യമുള്ള ആവശ്യമെന്ന് റേഷന്‍കട ഉടമകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണത്തെ വ്യാപാരികള്‍ തള്ളിക്കളഞ്ഞു. ശമ്പളപരിഷ്‌കരണം നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാരിനെ സമരത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാനാണ് റേഷന്‍ വ്യാപാരികളുടെ നീക്കം.
റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്നാണ് റേഷന്‍ വ്യാപാരി സമരസമിതി കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ ജോണി നെല്ലൂര്‍ വ്യക്തമാക്കിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സമരം ചെയ്യണമെന്ന് വ്യാപാരികള്‍ക്കും ആഗ്രഹമില്ല, നിലവിലെ വേതനം കൊണ്ട് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കട അടച്ച് സമരം ചെയ്യേണ്ടി വന്നതെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
ഇതിനിടെ, സമരം നേരിടാൻ കർശന നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. അടച്ചിടുന്ന കടകൾ ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ചൊവ്വാഴ്ച മുതൽ സഞ്ചരിക്കുന്ന റേഷൻ കടകൾ നിരത്തിലിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സമരം കാരണം ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ടാൽ നിയമനടപടിയെടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ ചുമതലയാണ്.
റേഷന്‍ വ്യാപാരികളുടെ സമരം മൂലം ഈ മാസം റേഷന്‍ വിതരണത്തില്‍ നേരത്തെ തന്നെ തടസം നേരിട്ടിരുന്നു. ജനുവരി മാസത്തില്‍ 62.67% റേഷന്‍ ഉടമകള്‍ തങ്ങളുടെ വിഹിതം കൈപ്പറ്റിയെന്നാണ് കണക്ക്. സമരം സാധാരണക്കാരെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ സമരത്തെ മറികടക്കാനുള്ള വഴികള്‍ ആലോചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
content summary; ration traders indefinite strike in kerala starting from today