മരണാനന്തര ചടങ്ങിനിടെ മാരകായുധങ്ങളുമായെത്തി; കിഴക്കന്‍ കോംഗോയില്‍ 61 പേരെ വധിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് വിമതര്‍

ആക്രമണത്തില്‍ നൂറോളം ക്രിസ്ത്യാനികളെ കൊലപ്പെടുത്തി

കിഴക്കന്‍ കോംഗോയില്‍ നടന്ന ഒരു മരണാനന്തര ചടങ്ങിനിടെ മാരകായുധങ്ങളുമായി അതിക്രമിച്ചെത്തിയ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (ADF) വിമതര്‍, 61 ലധികം സാധാരണക്കാരെ കൊലപ്പെടുത്തി. സമീപകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്-അനുബന്ധ ഗ്രൂപ്പ് നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രവിശ്യ (ISCAP) എന്നും അറിയപ്പെടുന്ന ADF ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ നൂറോളം ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയതായി ഇവര്‍ അവകാശപ്പെട്ടു. തീവ്രവാദി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന അമേരിക്കന്‍ ആസ്ഥാനമായുള്ള സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോംഗോയിലെ വടക്കന്‍ കിവു പ്രവിശ്യയിലെ ലൂബെറോയിലെ എന്‍ടോയോ ഗ്രാമത്തില്‍ നടന്ന മരണാനന്തര ചടങ്ങിനിടെയായിരുന്നു ആക്രമണം. ഈ ആക്രമണത്തില്‍ 30 വീടുകള്‍ക്ക് തീയിട്ടതായും സൈറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

‘രാത്രി 9 മണിയോടെയാണ് ഇരകളെ പതിയിരുന്ന് ആക്രമിച്ചത്. മിക്കവരെയും വെട്ടിയാണ് കൊലപ്പെടുത്തിയത്,’ പ്രാദേശിക ഭരണാധികാരിയായ മാകെയര്‍ സിവിക്കുനുല പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 61 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെ മറ്റൊരു ഗ്രാമത്തില്‍ ADF നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൂടി കൊല്ലപ്പെട്ടതായി അധികൃതര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഉഗാണ്ടയില്‍ ഒരു വിമത ഗ്രൂപ്പായി ആരംഭിച്ച അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (ADF), 1990-കളുടെ അവസാനം മുതല്‍ അയല്‍രാജ്യമായ കോംഗോയിലെ വനങ്ങളില്‍ താവളമുറപ്പിച്ചു. നിലവില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു അനുബന്ധ സംഘടനയായി ഇവര്‍ അറിയപ്പെടുന്നു.

ADF നടത്തിയ നിരവധി ആക്രമണങ്ങള്‍ കിഴക്കന്‍ കോംഗോയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. സമീപകാലത്ത് നടന്ന ആക്രമണങ്ങളില്‍ 50-ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ, കഴിഞ്ഞ ജൂലൈയില്‍ ഒരു പള്ളിയിലുണ്ടായ ആക്രമണത്തില്‍ 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ലൂബെറോയിലെ സൈനിക അഡ്മിനിസ്‌ട്രേറ്ററായ കേണല്‍ അലൈന്‍ കിവേവ അറിയിച്ചതനുസരിച്ച്, തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വെട്ടിക്കൊലപ്പെടുത്തിയതിന് പുറമെ, ചിലരെ വെടിവെച്ച് കൊലപ്പെടുത്തുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതായി പ്രാദേശിക സിവില്‍ സൊസൈറ്റി നേതാവായ സാമുവല്‍ കഘേനി പറഞ്ഞു. കോംഗോ സൈനികര്‍ ചൊവ്വാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും നിരവധി ആളുകള്‍ പ്രദേശം വിട്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രാദേശിക നിവാസിയായ അലൈന്‍ കാഹിന്ദോ കിനാമ പറഞ്ഞു.

സൈന്യം സംഭവസ്ഥലത്തെത്തുമ്പോഴേക്കും ADF തീവ്രവാദികള്‍ കൂട്ടക്കൊല നടത്തിയിരുന്നുവെന്ന് കോംഗോ സൈനിക വക്താവ് ലെഫ്റ്റനന്റ് മാര്‍ക്ക് എലോങ്കോ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ADF നെതിരെയുള്ള സൈനിക നടപടികള്‍ കോംഗോയും ഉഗാണ്ടയും ശക്തമാക്കിയിരുന്നു. Ribels killed 61 at east congo funeral 

Content Summary: Rebels killed 61 at east congo funeral

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment