June 04, 2026 |
Share on

ശരവണ ഭവന്റെ കഥ; ഒരു കൊലപാതകത്തിന്റെയും

ദോശ കിംഗ് എന്നറിയപ്പെടുന്ന പി. രാജഗോപാലിന്റെ ഉയർച്ചയും പതനവും

ശരവണ ഭവനിൽ നിന്ന് ഊണ് കഴിക്കാത്തവരാരെങ്കിലുമുണ്ടോ?

ഇന്ത്യയിൽ 33ഉം പുറത്ത് 47ഉം റസ്റ്റോറൻറുകൾ ഉള്ള ഈ വെജിറ്റേറിയൻ ഹോട്ടൽ ശൃംഖല രുചികരമായ ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് ഏറെ പുകൾപ്പെറ്റതാണ്. ദോശ കിംഗ് എന്നറിയപ്പെടുന്ന പി. രാജഗോപാലിന്റെ അസാധാരണമായ ജീവിതം ഒരു സിനിമാക്കഥ പോലെ സംഭവ ബഹുലമാണ്.

രാജഗോപാലിന്റെ ജീവിത കഥയെ അഭ്രപാളിയിലെത്തിക്കാനൊരുങ്ങുകയാണ് ‘ജയ് ഭീം’ എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകൻ ടി.ജെ. ജ്ഞാനവേൽ. ചിത്രത്തില്‍ നായകനായി പരിഗണിക്കുന്നത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ‘ദോശ കിംഗ്’ എന്ന് പേരിട്ടിട്ടുള്ള ഈ സിനിമ, അധികാരത്തിന്റെയും പ്രതികാരത്തിന്റെയും നീതിയുടെയും പോരാട്ടമാണ് പ്രധാനമായും വിഷയമാക്കുന്നത്.

രാജഗോപാലിന്റെ ഉയർച്ചയും പതനവും,  അതോടൊപ്പം രാജഗോപാൽ കൊലപ്പെടുത്തിയ സന്തകുമാറിന്റെ ഭാര്യ ജീവജ്യോതി നടത്തിയ ധീരമായ നിയമപോരാട്ടവും ചിത്രത്തിന്റെ പ്രധാന കഥാതന്തുക്കളായിരിക്കും. ഒരു പാൻ-ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രമുഖരായ അഭിനേതാക്കൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

1947-ൽ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് പത്ത് ദിവസം മുൻപ്, തമിഴ്‌നാട്ടിലെ പുണ്ണൈയാടി എന്ന കൊച്ചുഗ്രാമത്തിലാണ് പി. രാജഗോപാൽ ജനിച്ചത്. ഒരു ബസ് സ്റ്റോപ്പ് പോലുമില്ലാത്ത ആ ഗ്രാമത്തിലെ ചാണകം മെഴുകിയ ഒരു കുടിലിൽ നിന്നാണ് ആ ജീവിതം ആരംഭിച്ചത്. ദാരിദ്ര്യത്തിന്റെ ആ നാളുകളിൽ, ഏഴാം ക്ലാസ്സിൽ വെച്ച് പഠനം നിർത്തി അയാൾ വീടുവിട്ടിറങ്ങി.

അങ്ങനെ, ദൂരെ ഒരു സ്ഥലത്തെ ചെറിയ റെസ്റ്റോറന്റിൽ മേശ തുടയ്ക്കാൻ രാജഗോപാൽ ജോലിക്ക് ചേർന്നു. അവിടെ, വെള്ളച്ചാട്ടത്തിൽ കുളിച്ചും അടുക്കളയിലെ തറയിൽ കിടന്നുറങ്ങിയും അയാൾ കഷ്ടപ്പാടിന്റെ നാളുകൾ തള്ളിനീക്കി. എങ്കിലും, തന്റെ ജോലിയെ അയാൾ ഹൃദയം കൊണ്ട് സ്നേഹിച്ചു. റെസ്റ്റോറന്റിലെ ചായക്കാരനിൽ നിന്ന് ഒരു മികച്ച ചായ ഉണ്ടാക്കുന്നതിന്റെ രഹസ്യങ്ങൾ പഠിച്ച ആ നിമിഷം, കഷ്ടപ്പാടുകൾക്കിടയിലും രാജഗോപാലിന്റെ ജീവിതത്തിലെ ആദ്യത്തെ അഭിമാന നിമിഷമായി മാറി.

കൗമാരത്തിൽ മദ്രാസ് നഗരത്തിലെത്തിയ രാജഗോപാൽ, 1968-ൽ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ചെറിയ പലചരക്ക് കടകൾ തുടങ്ങി. അപ്പോഴും, ഉള്ളിൽ ഒരു വലിയ സ്വപ്നം സൂക്ഷിച്ചുകൊണ്ടാണ് അയാൾ മുന്നോട്ട് പോയത്.

വർഷം 1979.

കെ.കെ. നഗറിലെ തന്റെ കടയിലിരിക്കുമ്പോൾ രാജഗോപാൽ ഒരു വിൽപ്പനക്കാരൻ പറഞ്ഞ വാക്കുകൾ കേട്ടു: “കെ.കെ. നഗറിൽ നല്ല റെസ്റ്റോറന്റുകൾ ഇല്ലാത്തതുകൊണ്ട് ഉച്ചഭക്ഷണം കഴിക്കാൻ ടി. നഗർ വരെ പോകേണ്ടിവരുന്നു.”

ഈ വാക്കുകളാണ് പിന്നീട് ‘ശരവണ ഭവൻ’ എന്ന ഒരു ദോശ സാമ്രാജ്യത്തിന്റെ പിറവിക്ക് കാരണമായത്. അന്നത്തെ കാലത്ത്, ചെന്നൈയിൽ റെസ്റ്റോറന്റുകൾ വളരെ കുറവായിരുന്നു. വീടിന് പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിൽ ആളുകൾക്ക് വലിയ താൽപ്പര്യമില്ലാത്ത ഒരു കാലഘട്ടത്തിലായിരുന്നു രാജഗോപാൽ തന്റെ സ്വപ്നത്തിന് തുടക്കമിട്ടത്.

രാജഗോപാൽ ജനിച്ച സമയത്ത്, ബ്രാഹ്മണർക്ക് മാത്രമുള്ള ചെറിയ ഹോട്ടലുകളായിരുന്നു കൂടുതലും. സ്വന്തം ജാതിയിലുള്ളവർ പാചകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കൂ എന്നൊരു അലിഖിത നിയമം അന്നുണ്ടായിരുന്നു. നാടാർ സമുദായത്തിൽപ്പെട്ട രാജഗോപാലിന് അത്തരം ഹോട്ടലുകളിൽ കയറാൻ പോലും അനുവാദമുണ്ടായിരുന്നില്ല.

എന്നാൽ, കാലം മാറിയതോടെ മറ്റ് സമുദായങ്ങളിൽ നിന്നുള്ള സംരംഭകരും പുതിയ ഭക്ഷണശാലകൾ തുറന്നുതുടങ്ങി. ഈ മാറ്റങ്ങൾക്കിടയിലേക്കാണ് രാജഗോപാലിന്റെ രംഗപ്രവേശം. 1981-ൽ കെ.കെ. നഗറിൽ ആദ്യത്തെ റെസ്റ്റോറന്റ് തുറക്കുമ്പോൾ, പലചരക്ക് കച്ചവടത്തിലെ നഷ്ടം കാരണം അദ്ദേഹം വലിയ കടത്തിലായിരുന്നു. എന്നിട്ടും, സ്വന്തം സ്വപ്നത്തിൽ വിശ്വസിച്ച് രാജഗോപാൽ മുന്നോട്ട് പോയി.

ഒരു ബിസിനസ്സ് ഉപദേശകൻ കുറഞ്ഞ വിലയുള്ള സാധനങ്ങൾ ഉപയോഗിക്കാനും തൊഴിലാളികൾക്ക് കുറഞ്ഞ ശമ്പളം നൽകാനും രാജഗോപാലിനോട് ആവശ്യപ്പെട്ടു. എന്നാൽ, ആ ഉപദേശം അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. രാജഗോപാൽ ആ ഉപദേശകനെ മടക്കി അയച്ചു. പകരം, അദ്ദേഹം ഏറ്റവും മികച്ച വെളിച്ചെണ്ണയും പച്ചക്കറികളും വാങ്ങി. അതോടൊപ്പം, തൊഴിലാളികൾക്ക് ഉയർന്ന ശമ്പളവും നൽകി.

ഒരു രൂപയ്ക്ക് ഒരു വിഭവം വിറ്റ അദ്ദേഹത്തിന്റെ കടയ്ക്ക് ഓരോ മാസവും 10,000 രൂപ നഷ്ടം വന്നു. എന്നിട്ടും രാജഗോപാൽ തളർന്നില്ല. താൻ കണ്ട സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗുണമേന്മയുള്ള ഭക്ഷണം കുറഞ്ഞ വിലയിൽ ലഭിക്കുമെന്ന് മനസ്സിലാക്കിയപ്പോൾ ആളുകൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ പ്രതിബദ്ധത താമസിയാതെ ഫലം കണ്ടു. ശരവണ ഭവൻ എന്ന പേര് ദക്ഷിണേന്ത്യൻ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ പര്യായമായി മാറി.

തൊണ്ണൂറുകളോടെ ചെന്നൈയിൽ എവിടെയും ശരവണ ഭവൻ സ്ഥാപനങ്ങൾ ഉയർന്നു. ആളുകൾ അതിനെ തങ്ങളുടെ സ്വന്തം ‘മക്ഡൊണാൾഡ്‌സ്’ എന്ന് വിളിച്ചു.

ശരവണ ഭവനെ വ്യത്യസ്തമാക്കിയത് അതിന്റെ ഭക്ഷണം മാത്രമല്ല, ജീവനക്കാരുടെ ക്ഷേമത്തോടുള്ള രാജഗോപാലിന്റെ സമീപനമായിരുന്നു. അദ്ദേഹത്തിന്റെ ജീവനക്കാർക്ക് പെൻഷനുകൾ, സൗജന്യ ആരോഗ്യ സംരക്ഷണം, ഭവന വായ്പകൾ, അവരുടെ പെൺമക്കളുടെ വിവാഹത്തിനുള്ള ഫണ്ടുകൾ എന്നിവയുൾപ്പെടെ റെസ്റ്റോറന്റ് വ്യവസായത്തിൽ കേട്ടുകേൾവിയില്ലാത്ത ആനുകൂല്യങ്ങൾ ലഭിച്ചു. ഇത് അദ്ദേഹത്തിന് ‘അണ്ണാച്ചി’ (മൂത്ത സഹോദരൻ) എന്ന ഓമനപ്പേര് നേടിക്കൊടുത്തു, അദ്ദേഹത്തിന്റെ ജീവനക്കാർക്കിടയിൽ വലിയ കൂറ് വളർത്തി.

രാജഗോപാലിന്റെ കഥയിലെ ഏറ്റവും ഇരുണ്ട അദ്ധ്യായങ്ങളുടെ തുടക്കം അയാളുടെ കരിയറിന്റെ തുടക്കത്തിൽ നിന്ന് തന്നെ ആയിരുന്നു. 1981-ൽ, ജ്യോതിഷിയുടെ ഉപദേശപ്രകാരം ‘അഗ്നിയുമായി ബന്ധപ്പെട്ട ഒരു ബിസിനസ് ആരംഭിക്കുക’ എന്ന നിർദ്ദേശത്തെ തുടർന്ന്, രാജഗോപാൽ ചെന്നൈയിൽ ആദ്യത്തെ ശരവണ ഭവൻ റെസ്റ്റോറന്റ് തുറന്നത് പോലും. ഒരു അസിസ്റ്റന്റ് മാനേജരുടെ മകൾ ജീവജ്യോതിയെ തന്റെ മൂന്നാമത്തെ ഭാര്യയാക്കുകയും രാജ്യത്തിലെ ഏറ്റവും ധനികരിൽ ഒരാളായി മാറുകയും ചെയ്യണമെന്ന ജ്യോതിഷിയുടെ ഉപദേശത്തെ തുടർന്നാണ് തമിഴ്നാടിനെ ഞെട്ടിച്ച കൊലപാതകിയായി രാജഗോപാൽ മാറുന്നതും.

ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന ജ്യോതിഷിയുടെ വാക്കുകള്‍ അന്ധമായി വിശ്വസിച്ചാണ് രാജഗോപാല്‍ ജീവജ്യോതിയുടെ ഭര്‍ത്താവിന്‍റെ ജീവനെടുക്കാന്‍ തീരുമാനിക്കുന്നത്. 1999-ൽ സ്കൂൾ വിദ്യാർഥിനിയായിരിക്കെയാണ് ജീവജ്യോതിയെ രാജഗോപാൽ ഇഷ്‌ടപ്പെട്ടത്. ജീവജ്യോതി സൗഭാഗ്യങ്ങൾ കൊണ്ടുവരുമെന്ന ജ്യോതിഷിയുടെ വാക്കുകൾ, എന്തു വില കൊടുത്തും അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം ജനിപ്പിച്ചു.

ശരവണ ഭവനിൽ അസിസ്‌റ്റൻ്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകളായ ജീവജ്യോതിയും സഹോദരനെ ട്യൂഷൻ പഠിപ്പിച്ചിരുന്ന പ്രിൻസ് ശാന്തകുമാറും തമ്മിൽ പ്രണയത്തിലായിരുന്നു. ശാന്തകുമാറിനെ വിവാഹം ചെയ്യാൻ ജീവജ്യോതിയുടെ വീട്ടുകാർ സമ്മതിച്ചില്ല. 1999ൽ ഇരുവരും രാമസ്വാമിയുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായി.

മറ്റൊരു പുരുഷനെ വിവാഹം കഴിച്ചെങ്കിലും, രാജഗോപാൽ അവളെ അതിയായി പിന്തുടർന്നു. അവളുടെ കുടുംബത്തിനെതിരെ ഭീഷണികൾ, മർദ്ദനങ്ങൾ, കൂടാതെ ഭൂതബാധ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവയ്ക്ക് ശേഷം, 2001-ൽ അദ്ദേഹം ശാന്തകുമാറിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. 2001 ഒക്ടോബറിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോവുകയും സന്തകുമാറിനെ കൊലപ്പെടുത്തുകയും ചെയ്തു. ഒക്ടോബർ 31-ന് കൊടൈക്കനാലിലെ ടൈഗർ ചോല വനങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. താമസിയാതെ, കൊലപാതകത്തിന് ഉപയോഗിച്ച തുണി പൊലീസ് കണ്ടെത്തി. 2004-ൽ, ചെന്നൈയിലെ സെഷൻസ് കോടതി രാജഗോപാലിനെയും മറ്റ് എട്ട് പേരെയും 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. രാജഗോപാൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.

2009-ൽ ഹൈക്കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്ന് രാജഗോപാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി, 2019 മാർച്ചിൽ സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചു. ജീവജ്യോതി നൽകിയ പരാതിയിൽ അന്വേഷണം നടക്കവേ കേസിലെ രണ്ടാംപ്രതികൂടിയായ ഡാനിയൽ ആണ് പോലീസിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

മര്‍ദനവും ഭീഷണിയും ദുര്‍മന്ത്രവാദവും എല്ലാം പരീക്ഷിച്ച് പരാജയപ്പെട്ടതിന് ഒടുവിലായിരുന്നു കൊലപാതകം. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ജീവജ്യോതി നീതിക്കായി നടത്തിയ പോരാട്ടത്തില്‍ നിരവധി വെല്ലുവിളികളാണ് നേരിട്ടത്. ശാന്തകുമാറിന്‍റെ സഹോദരന്‍ പോലും കൂറുമാറി. ജീവജ്യോതി നടത്തിയ പോരാട്ടം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

പക്ഷേ, രാജഗോപാലിന്റെ പണത്തിനും പ്രതാപത്തിനും ആ സ്ത്രീയുടെ പോരാട്ടത്തെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ 2019 ജൂലൈ 19-ന് 72-ാം വയസിൽ ജയിലിൽവെച്ച് ഹൃദയാഘാതമുണ്ടായാണ് രാജ​ഗോപാൽ മരിക്കുന്നത്.

content summary: The Story of Saravana Bhavan: From Dosa King to Murderer

 

(2014 മെയ് 7 ന് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്)

 

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×