രണ്ട് വർഷത്തെ നരകജീവിതം; ഗാസയിലെ തുരങ്കത്തിനുള്ളിലെ അനുഭവങ്ങൾ വെളിപ്പെടുത്തി ബന്ദികൾ

അത്യധികം അപകടകരമായ നിമിഷങ്ങളിലൂടെയാണ് തടന്നുപോയതെന്ന് ബന്ദികൾ

released israeli hostages

ഗാസയിൽ നിന്നും അവസാന ബന്ദികളും തിരികെയെത്തിയപ്പോഴുള്ള ഇസ്രയേലികളുടെ സന്തോഷദൃശ്യങ്ങൾക്കൊപ്പം തടവറയ്ക്കുള്ളിൽ അവർ അനുഭവിച്ച യാതനകളുടെ കഥകൾ കൂടി പുറത്തുവരികയാണ്. ചിലർ തങ്ങളെ പീഡിപ്പിച്ചതിനെക്കുറിച്ചും ഉപദ്രവിച്ചതിനെക്കുറിച്ചും വിവരിച്ചു. അത്യധികം അപകടകരമായ നിമിഷങ്ങളിലൂടെയാണ് തങ്ങൾ തടന്നുപോയതെന്ന് ബന്ദികൾ പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചപ്പോൾ ലോകമെമ്പാടും പ്രചരിച്ച ദൃശ്യമായിരുന്നു അവിനതൻ ഓറിൻ്റേത്. നോവ സംഗീതോത്സവത്തിൽ വെച്ചാണ് 32 കാരനായ അവിനതൻ ഓറിനെ തൻ്റെ പെൺസുഹൃത്തിൻ്റെ മുന്നിലൂടെ ഹമാസ് തോക്ക് ചൂണ്ടി ബന്ദിയാക്കിയത്. ഹമാസിന്റെ തടവിൽ കഴിഞ്ഞ രണ്ടുവർഷക്കാലം ഓർ ഒറ്റയ്ക്കായിരുന്നു. മോചിപ്പിക്കപ്പെട്ടപ്പോഴാണ് മറ്റ് ബന്ദികളെ കാണുന്നത്. താൻ കടുത്ത പട്ടിണിയിലായിരുന്നുവെന്ന് ഓർ പറഞ്ഞതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

പല തടവുകാർക്കും വ്യത്യസ്തമായ രീതിയിലാണ് പീഢനങ്ങൾ അനുഭവിക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓംരി മിറാൻ എന്നയാളെ ഗാസയിൽ തുരങ്കങ്ങളിലും ഭൂമിക്കടിയിലുമായി 23 വ്യത്യസ്ത സ്ഥലങ്ങളിലാണ് തടവിലാക്കിയത്. ചില സമയങ്ങളിൽ തടവിലാക്കിയവർക്കായി താൻ ഭക്ഷണം പാചകം ചെയ്യുമായിരുന്നുവെന്ന് ഓംരി മിറാൻ പറയുന്നു. നോവ സംഗീതോത്സവത്തിന്റെ സംഘാടകരിൽ ഒരാളായിരുന്ന എൽക്കാന ബോഹ്ബോട്ട് ഒരു തുരങ്കത്തിൽ ചങ്ങലക്കിടപ്പെട്ട നിലയിലായിരുന്നു. രാത്രിയോ പകലോ എന്ന് പോലും മനസിലാകാതെയാണ് രണ്ട് വർഷക്കാലം അവിടെ കഴിഞ്ഞതെന്ന് എൽക്കാന ബോഹ്ബോട്ട് ഓർക്കുന്നു.

ജീവനോടിരുന്നവരിൽ ഏറ്റവും ഭീകരമായ അനുഭവങ്ങൾ നേരിട്ടത് സൈനികനായ മാതൻ അംഗ്രസ്റ്റ് ആണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തടവിലാക്കപ്പെട്ട ആദ്യ മാസങ്ങളിൽ മകൻ വളരെ കഠിനമായ പീഡനം അനുഭവിച്ചു എന്ന് മാതൻ്റെ അമ്മ അനറ്റ് അംഗ്രസ്റ്റ് ഇസ്രയേലിലെ പ്രാദേശിക ചാനലിനോട് വെളിപ്പെടുത്തി. മർദനമേറ്റ് ബോധം നഷ്ടമായ മാതൻ അംഗ്രസ്റ്റിനെ കറുത്ത ചാക്കുകൾ കൊണ്ട് മൂടി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ നാല് മാസമായി ഇരുണ്ട തുരങ്കത്തിൽ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞത്. ഇസ്രായേലിൻ്റെ വെടിവെപ്പിൽ പലപ്പോഴും തൻ്റെ പുറത്തേക്ക് ഭിത്തികൾ ഇടിഞ്ഞ് വീഴുമായിരുന്നുവെന്ന് മാതൻ പറഞ്ഞു. ഇസ്രായേലികൾ അവരെ ഉപേക്ഷിച്ചുവെന്നും, ഹമാസ് രാജ്യം കീഴടക്കാൻ പോകുകയാണെന്നും പറഞ്ഞ് കടുത്ത മാനസികാഘാതം സൃഷ്ടിച്ചുവെന്നും മാതൻ പറഞ്ഞു.

രണ്ട് വർഷം നീണ്ട തീവ്രമായ സംഘർഷങ്ങൾക്ക് ശേഷമാണ് ഇസ്രയേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ചത്.

Content Summary: Released Israeli hostages Reveal Their Experiences Inside Gaza Tunnels

This post was last modified on October 15, 2025 7:11 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment