ഈജിപ്തിലെ അലക്സാണ്ട്രിയ തീരത്ത് നിന്ന് ഏകദേശം 2000 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. അബു കിർ ഉൾക്കടലിൽ നിന്നാണ് ഈ പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപ്രത്യക്ഷമായ പുരാതന നഗരങ്ങളായ തപോസിരിസ് മാഗ്നയുടെയും ഹെറാക്ലിയോണിന്റെയും ഭാഗങ്ങളാണിവയെന്ന് കരുതുന്നു. ഈ കണ്ടെത്തലുകൾ ആഗോള തലത്തിൽ വലിയ ശ്രദ്ധ നേടി.
ഈ പുരാതന നഗരം ടോളമിക് രാജവംശത്തിൻ്റെയും റോമൻ സാമ്രാജ്യത്തിൻ്റെയും കാലഘട്ടത്തിലെ പ്രധാന കേന്ദ്രമായിരുന്ന കാനോപ്പസ് എന്ന നഗരത്തിൻ്റെ ഭാഗമായിരിക്കാമെന്ന് ഈജിപ്ഷ്യൻ അധികൃതർ അറിയിച്ചു. കാലക്രമേണ ഉണ്ടായ ഭൂകമ്പങ്ങളും സമുദ്രനിരപ്പ് ഉയർന്നതും കാരണം ഈ നഗരവും അതിനോട് ചേർന്ന ഹെരാക്ലിയോൺ തുറമുഖവും കടലിൽ മുങ്ങിപ്പോയതായി കരുതുന്നു. കടലിനടിയിൽ ഇനിയും ധാരാളം വസ്തുക്കളുണ്ട്. പക്ഷേ, കർശനമായ മാനദണ്ഡങ്ങൾക്കനുസരിച്ച് തിരഞ്ഞെടുത്ത ചില വസ്തുക്കൾ മാത്രമേ നമുക്ക് പുറത്തെടുക്കാൻ കഴിയൂ. ബാക്കിയുള്ളവ മുങ്ങിപ്പോയ പൈതൃകത്തിൻ്റെ ഭാഗമായി കടലിൽ അവിടെത്തന്നെ നിലകൊള്ളുമെന്ന് ഈജിപ്തിൻ്റെ ടൂറിസം, പുരാവസ്തു മന്ത്രി ഷെരീഫ് ഫാതി പറഞ്ഞു.
കടലിനടിയിൽ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ ആരാധനാലയങ്ങൾ, വാണിജ്യ-വ്യാവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നിവയടങ്ങുന്ന ചുണ്ണാമ്പുകല്ല് കൊണ്ടുള്ള നിർമ്മിതികൾ ഉൾപ്പെടുന്നു. കൂടാതെ, ഗാർഹിക ഉപയോഗത്തായി വെള്ളം സംഭരിക്കുന്നതിനുള്ള ജലസംഭരണികളും മത്സ്യകൃഷിക്കായി പാറയിൽ കൊത്തിയെടുത്ത കുളങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ പുരാതന നഗരത്തിലെ ജനങ്ങളുടെ ജീവിതരീതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നു.
റോമാ സാമ്രാജ്യത്തിന് മുൻപുള്ള രാജകീയ വ്യക്തികളുടെയും സ്ഫിങ്സിൻ്റെയും പ്രതിമകൾ ഇവിടെ നിന്ന് കണ്ടെത്തി. ഈജിപ്തിലെ ഏറ്റവും പ്രശസ്തനും കൂടുതൽ കാലം ഭരിച്ചവനുമായ ഫറവോ രാംസെസ് രണ്ടാമൻ്റെ കാർട്ടൂച്ച് (cartouche) പതിപ്പിച്ച ഒരു സ്ഫിങ്സിന്റെ ഭാഗികമായി സംരക്ഷിക്കപ്പെട്ട പ്രതിമയും ഇതിൽ ഉൾപ്പെടുന്നു. കണ്ടെത്തിയ പല പ്രതിമകൾക്കും ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. തലയറ്റ നിലയിലുള്ള ഒരു ഗ്രാനൈറ്റ് പ്രതിമയും, മാർബിളിൽ തീർത്ത അരക്കെട്ടിനു താഴെയുള്ള ഭാഗമാത്രമുള്ള ഒരു റോമൻ പ്രഭുവിന്റെ ഗ്രാനൈറ്റ് പ്രതിമയും ഇതിൽ ഉൾപ്പെടുന്നു. 125 മീറ്റർ നീളമുള്ള ഒരു തുറമുഖത്തിൻ്റെ അവശിഷ്ടങ്ങളും, ഒരു വാണിജ്യ കപ്പലിന്റെ ഭാഗങ്ങളും, കല്ലു കൊണ്ടുള്ള നങ്കൂരങ്ങളും, തുറമുഖം നിയന്ത്രിക്കാനായി ഉപയോഗിച്ചിരുന്ന ക്രെയിനും കണ്ടെത്തി. ടോളമിക്, റോമൻ കാലഘട്ടങ്ങളിൽ നിർമ്മിച്ച ഈ തുറമുഖം ബൈസന്റൈൻ കാലഘട്ടം വരെ ചെറിയ ബോട്ടുകളുടെ യാത്രകൾക്കായി ഉപയോഗിച്ചിരുന്നു. അനേകം പുരാതന അവശിഷ്ടങ്ങളും ചരിത്രപരമായ നിധികളും അലക്സാണ്ട്രിയയിലുണ്ട്. എന്നാൽ, കാനോപ്പസ്, ഹെരാക്ലിയോൺ എന്നീ നഗരങ്ങളെ മുക്കിയ അതേ സമുദ്രം അലക്സാണ്ട്രിയയെയും അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. സമുദ്രനിരപ്പ് ഉയരുന്നത് ഈ നഗരത്തിന് ഒരു ഭീഷണിയാണ്.
പുരാവസ്തു ഗവേഷകർക്ക് ഈ നഗര അവശിഷ്ടങ്ങളിൽ നിന്ന് ടോളമിക്ക് രാജവംശവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ ലഭിച്ചു. അതിൽ ക്ലിയോപാട്ര രാജ്ഞിയുമായി ബന്ധപ്പെട്ട സ്വർണ്ണനാണയങ്ങളും മോതിരങ്ങളും ഉണ്ട്. അലക്സാണ്ട്രിയയുടെ പഴയ തുറമുഖം ഒരു വലിയ ഭൂകമ്പത്തിൽ കടലിൽ മുങ്ങിപ്പോയതാണെന്ന് കരുതപ്പെടുന്നു. മുങ്ങിപ്പോയ നഗരത്തിന്റെ ഭൂരിഭാഗവും അബു കിർ ഉൾക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നടത്തിയ തിരച്ചിലുകളാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
ഈജിപ്തിന്റെ പുരാതന ചരിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഈ പുരാവസ്തുക്കൾ ഗവേഷണത്തിനായി ഈജിപ്തിലെ മ്യൂസിയങ്ങളിലേക്ക് മാറ്റി.
content summary: Remains of a 2,000-year-old sunken city have been recovered from the sea near Alexandria