പാർലമെന്റിലെ സുരക്ഷാ വീഴ്ച ആവർത്തിക്കുകയാണ്. പാർലമെന്റിന്റെ മതിൽ ചാടിക്കടന്ന് വളപ്പിൽ പ്രവേശിച്ച യുവാവിനെ പിടികൂടിയ വാർത്ത ചർച്ചയാവുന്നു. രാജ്യത്തെ ഏറ്റവും സംരക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലൊന്നായ പാർലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഇയാളുടെ ലക്ഷ്യം എന്താണെന്നും, ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്. കഴിഞ്ഞ വർഷം പാർലമെന്റിലുണ്ടായ കടന്നുകയറ്റത്തിന് സമാനമായ സംഭവമാണിത്. അതുകൊണ്ട് തന്നെ സുരക്ഷാ ഏജൻസികൾ ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
മതിൽ ചാടിക്കടന്ന് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇന്നു പുലർച്ചെ 5.50 ഓടെയായിരുന്നു സംഭവം. യുവാവ് മരത്തിൽ കയറിയ ശേഷം മതിൽ ചാടിക്കടന്ന് പാർലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെന്നാണ് വിവരം. റെയിൽ ഭവന്റെ ഭാഗത്തു നിന്നാണ് ഇയാൾ മതിൽ ചാടിക്കടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ ഇന്റലിജൻസ് ബ്യൂറോയും സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
2001ലെ പാർലമെന്റ് ആക്രമണ ദിനത്തിന്റെ ഭീകരതയിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. 2001 ഡിസംബർ 13നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്‍റ് ആക്രമണം ഉണ്ടാകുന്നത്. പാര്‍ലമെന്‍റ് ലേബല്‍ അംബാസഡര്‍ കാറില്‍ പാര്‍ലമെന്‍റ് പടിക്കല്‍ എത്തിയ ഭീകര സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ഡൽഹി പൊലീസ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർമാരായ ജഗദീഷ്, മത്ബാർ, കമലേഷ് കുമാരി, നാനക് ചന്ദ്, രാംപാൽ, ഹെഡ് കോൺസ്റ്റബിൾമാരായ ഓം പ്രകാശ്, ബിജേന്ദർ സിങ്, ഘൻശ്യാം സിപിഡബ്ല്യൂഡിയിലെ തോട്ടക്കാരനായ ദേശ്‌രാജ് എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം നൂറിലധികം പേരാണ് ഈ സമയം പാർലമെന്‍റ് മന്ദിരത്തില്‍ ഉണ്ടായിരുന്നത്. എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും പിസ്റ്റളുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. പാകിസ്ഥാൻ പിന്തുണയുള്ള ലഷ്‌കർ-ഇ-തൊയ്‌ബ (എൽഇടി), ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്നീ ഭീകര സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാനമായ ഒരു സുരക്ഷാ വീഴ്ച നടന്നിരുന്നു. 20 വയസ്സുള്ള ഒരാൾ മതിൽ ചാടി പാർലമെന്റ് അനക്സ് വളപ്പിൽ പ്രവേശിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 2023 ഡിസംബറിലും, പാർലമെന്റിൽ സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു. സന്ദർശക ഗാലറിയിൽ നിന്ന് രണ്ടു പേർ ലോക്‌സഭാ ചേംബറിലേക്ക് ചാടിയിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ശൂന്യ വേളയിലെ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിൽ, ലഖ്‌നൗവിൽ നിന്നുള്ള സാഗർ ശർമ്മ (25), മൈസൂരുവിൽ നിന്നുള്ള മനോരഞ്ജൻ ഡി (35) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.
പാർലമെൻറ് ആക്രമണ വാർഷിക ദിനത്തിൽ നടന്ന സുരക്ഷാ വീഴ്ച ഗൗരവതരമായാണ് അധികൃതർ അന്ന് നോക്കി കണ്ടത്. സിആർപിഎഫ് ഡിജി അനീഷ് സിംഗ് ദയാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സുരക്ഷാ വീഴ്ചയെ കുറിച്ച് അന്ന് അന്വേഷിച്ചത്.
content summary: Repeated Security Breaches in Parliament: Raising Concerns Over National Security