March 17, 2025 |
Share on

മമ്മൂട്ടിയുടെ ചന്തുചേകവര്‍ നിലമ്പൂരിലെ യൂസഫിനോട് പങ്കുവച്ച വക്കീല്‍ കുപ്പായത്തിന്റെ ഓര്‍മകള്‍

നിങ്ങള്‍ ഉള്ള ജോലി കളഞ്ഞ് ഞങ്ങളെ കാണാന്‍ വന്നെങ്കില്‍ മിണ്ടാതെ കണ്ട് സഹകരിക്കണം

ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററില്‍ വരുന്ന വേളയില്‍… സൂപ്പര്‍ ഹിറ്റ് ഗാനമായ ‘ചന്ദനലേപ സുഗന്ധം ചൂടിയതാരോ… കാറ്റോ… കാമിനിയോ…’ ഗാനരംഗങ്ങളുടെ ഷൂട്ടിംഗ് എന്റെ നാടായ നിലമ്പൂരിലെ (ഇന്നത്തെ ടൂറിസ്റ്റ് സ്‌പോട്ടായ) ചാലിയാര്‍മുക്കില്‍ ആയിരുന്നു. മൂന്ന് നദികള്‍ കൂടിച്ചേരുന്ന ‘ത്രിവേണി സംഗമം’ പോലത്തെ മനോഹരമായ സ്ഥലത്ത്, കുതിരപ്പുറത്ത് കുതിച്ച് പായുന്ന മമ്മൂക്ക, ചാലിയാര്‍ തീരത്ത് വാളും പരിചയും പിടിച്ച് പൊരിവെയിലില്‍ രണ്ട് ദിവസങ്ങള്‍ മുഴുവന്‍ ചന്തു ചേകവരായ മമ്മൂട്ടിയും ഉണ്ണിയാര്‍ച്ചയായ മാധവിയും ഉള്ള പ്രണയരംഗങ്ങള്‍ ഹരിഹരന്റെ സംവിധാനത്തില്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ഭംഗിയായി സിനിമയാക്കി.re-releasing of oru vadakkan veeragatha; Mammootty’s Chantuchekavar shares memories of the lawyer’s coat with Nilambur Yusuf 

സിനിമയില്‍ ഈ രംഗങ്ങള്‍ രാത്രി നേരത്തായിട്ടാണ് കാണിക്കുന്നത്. അന്നൊക്കെ ടേപ്പ് റിക്കോര്‍ഡറില്‍ പാട്ടിന്റെ കാസറ്റ് ലൗഡ് സ്പീക്കറിലൂടെ പ്ലേ ചെയ്തായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. മാധവിയുടെ അല്‍പ്പ വസ്ത്രധാരണവും മമ്മൂക്കയുടെ പൗരുഷ ശരീരവും വസ്ത്രധാരണവും ഇരുവരുടെയും പ്രണയരംഗങ്ങളും കാണാന്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. (ഞാനന്ന് പത്തില്‍ പഠിക്കുന്ന പൊടിമീശക്കാരന്‍ മാത്രം ??).

ആള്‍ക്കാരുടെ അതിരുവിട്ട കമന്റടികള്‍ക്ക് മമ്മൂക്കയും മാധവിയും കൈവീശി പുഞ്ചിരിക്കുക മാത്രം ചെയ്തു. വെയിലത്ത് അഭിനയിക്കുന്ന മമ്മൂക്ക സഹികെട്ട് ദേഷ്യം അടക്കിപ്പിടിച്ച് ഇടയ്‌ക്കെപ്പോഴോ അതിരുവിട്ട കമന്റ് വന്നയിടത്ത് നോക്കി പറഞ്ഞു: ‘ഞങ്ങള്‍ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നേ… നിങ്ങള്‍ ഉള്ള ജോലി കളഞ്ഞ് ഞങ്ങളെ കാണാന്‍ വന്നെങ്കില്‍ മിണ്ടാതെ കണ്ട് സഹകരിക്കണം.’ അന്നേരം ജനങ്ങള്‍ ആര്‍ത്ത് ‘മമ്മൂക്കാ…’ വിളിയോടെ അടങ്ങി നിന്നു.

ഷൂട്ടിംഗ് കഴിഞ്ഞ് കോസ്റ്റ്യും പോലും മാറാതെ മമ്മൂക്ക കാറില്‍ നേരെ ഹോട്ടലിലേക്ക് വിശ്രമിക്കാന്‍ പോകും വഴി നിലമ്പൂര്‍ ടൂറിസ്റ്റ് ഹോം കെട്ടിടത്തിന്റെ താഴെയുള്ള ജാവിദ് മെഡിക്കല്‍സ് ഷോപ്പിലിരിക്കുന്ന ഉടമയെ പെട്ടെന്ന് തിരിച്ചറിഞ്ഞ് ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു!

Oru vadakkan veeragadha

കാറില്‍ ചന്തുവിന്റെ കോസ്റ്റ്യുമില്‍ ഇരിക്കുന്ന മമ്മൂക്ക കൈകൊട്ടി അല്‍പ്പം ഉറക്കെ ആ ആളെ വിളിച്ചു. അയാള്‍ സൂക്ഷിച്ചുനോക്കി. കളരിപ്പയറ്റ് വേഷത്തില്‍ പുരാതനവസ്ത്രങ്ങള്‍ അണിഞ്ഞ് കാറിലിരിക്കുന്ന മമ്മൂക്കയെ അയാള്‍ക്ക് മനസ്സിലായില്ല. സൂക്ഷിച്ചുനോക്കി. പിടുത്തം കിട്ടുന്നില്ല. ഒന്നാമത് സിനിമ തീരേ കാണാത്തതിനാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളെ ആരെയും ആ മെഡിക്കല്‍ ഷോപ്പുടമയ്ക്ക് അറിയില്ല. മമ്മൂക്ക ഡ്രൈവറോട് എന്തോ പറഞ്ഞിട്ട് അയാളുടെ അടുത്തേക്ക് വിട്ടു.

ഡ്രൈവര്‍, മെഡിക്കല്‍ ഷോപ്പില്‍ നിന്നുകൊണ്ട് തുറിച്ച് നോക്കുന്ന ഉടമയുടെ അടുത്ത് ചെന്ന് “കാറിലിരിക്കുന്നത് നടന്‍ മമ്മൂട്ടിയാണ്. നിങ്ങളോട് ഒന്ന് അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു”.
അന്നേരം പെട്ടെന്ന് ബോധം കിട്ടിയത് പോലെ അയാള്‍ കാറിനരികില്‍ ചെന്നു. മമ്മൂക്ക പരിചിതഭാവത്തില്‍ ചിരിച്ചു.

“എടാ.., യൂസഫേ സുഖമാണോ? നിനക്കെന്നെ മനസ്സിലായില്ലേ? ഞാനാ മുഹമ്മദ് കുട്ടി, മമ്മൂട്ടി എന്നാണറിയപ്പെടുന്നേ… നമ്മള്‍ ഒരുമിച്ച് മഞ്ചേരി ശ്രീധരന്‍ വക്കീലിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്തവരല്ലേ…”

അയാള്‍ മമ്മൂക്കയെ തിരിച്ചറിഞ്ഞ സന്തോഷത്തില്‍ കടയിലേക്ക് ക്ഷണിച്ചെങ്കിലും ആള്‍ക്കാര്‍ തിരിച്ചറിഞ്ഞ് ചുറ്റും കൂടിയാല്‍ പ്രശ്നാവുംന്നൊക്കെ പറഞ്ഞ് മമ്മൂക്ക കാറില്‍ തന്നെയിരുന്നു.

യൂസഫ്ക്ക പറഞ്ഞു: “അല്ല മുഹമ്മദ് കുട്ടീ.. നമ്മള്‍ വക്കീല്‍ പണി പഠിച്ചെങ്കിലും, ഞാന്‍ മെഡിക്കല്‍ ഷോപ്പിലും നീയ് സിനിമേലും പെട്ടുപോയില്ലേ..? അതുമല്ല, നിന്നെയീ കളരിപ്പയറ്റ് വേഷത്തില്‍ കണ്ടാല്‍ സ്വന്തം ഉമ്മയും ഉപ്പയും വരെ തിരിച്ചറീല!”

mammootty

“ഹേയ്… ഇത് കളരിപ്പയറ്റ് ഒന്നുമല്ല. ഇത് ചന്തുവാ… ചന്തു ചേകവര്‍” – മമ്മൂക്ക പറഞ്ഞു.

മമ്മൂക്ക സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ കാറില്‍ കുലുങ്ങി ഇരുന്നു. അന്നേരം ആളുകള്‍ ആളെ തിരിച്ചറിഞ്ഞ് കൂടാന്‍ തുടങ്ങിയതും മമ്മൂക്ക പഴയ സഹപ്രവര്‍ത്തകനോട് യാത്ര പറഞ്ഞ് ഡ്രൈവറോട് വണ്ടി അവിടെ നിന്നും എടുക്കാനാവശ്യപ്പെട്ടു.
കാര്‍ പോയപ്പോള്‍, ഓടിക്കൂടിയ ചിലര്‍ വിശ്വസിക്കാനാവാതെ യൂസഫ്ക്കയോട് “ആ പോയത് മമ്മൂട്ടിയല്ലേ?!” എന്ന് ചോദിച്ചപ്പോള്‍,
“ഹേയ്… അത് ഏതോ ചന്തു ചേകവരാണ്. തലവേദനയ്ക്കുള്ള ഗുളിക ചോദിച്ച് വന്നതാ…”
യൂസഫ്ക്ക സീരിയസ്സായി അറിയിച്ചു.
സത്യം അറിയുന്ന യൂസഫ്ക്ക വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയി.

(സാലിഹ് ഹംസയുടെ ഫേസ്ബുക് പോസ്റ്റ്)

Content Summary: re-releasing of oru vadakkan veeragatha

×