December 11, 2024 |

കണ്ണീര്‍ മഴയിലും പ്രതീക്ഷ വറ്റാതെ ചൂരല്‍മല; ‘ജീവനോടെ തന്നെ ആളുകളെ കിട്ടാം’

30ലധികം പേരുടെ മൃതദേഹങ്ങളാണ് പുഴയില്‍ നിന്ന് കണ്ടെത്തിയത്

മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മലയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ശക്തം. മേല്‍ക്കുരകളുടെ മുകളിലേക്ക് മണ്ണ് വീണ് അടിയില്‍ പെട്ട് കിടക്കുന്നവരുണ്ട്. ഇതിലുള്ള ചിലര്‍ക്കെങ്കിലും ജീവനുണ്ടാവാമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുള്ളത്. അവരെ കാത്താണ് മേപ്പാടിയിലെ ക്യാംപുകളില്‍ രക്ഷപ്പെട്ടവര്‍ ഇരിക്കുന്നത്. വീടിനകത്ത് മണ്ണ് വീണിട്ടുണ്ടെങ്കിലും വലിയ അപകടം സംഭവിക്കില്ലെന്നാണ് കരുതുന്നത്. ബാക്കി ഒന്നും പറയാനാവില്ല. എന്തായാലും ഇന്നലത്തേത് പോലെയല്ല. ഇത് കാര്യങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. നിരവധി പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും ചൂരല്‍ മല പഞ്ചായത്ത് അംഗമായ രാഘവന്‍ പറയുന്നു.
ആളുകള്‍ താമസിച്ചിരുന്നതിന്റെ ഒരു വശത്ത് കൂടി ഒഴുകിയിരുന്ന പുഴയിപ്പോള്‍ ഗ്രാമത്തിന്റെ നടുവിലൂടെയാണ് ഒഴുകുന്നത്. ഗതി മാറിയുള്ള ഒഴുക്കാണ് വലിയ അപകടമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. Wayanad’s Chooralmala landslide

അരുണ്‍മല നിവാസിയാണ് രാഘവന്‍. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരില്‍ ഒരാളാണ്. ബാക്കിയായി ഒന്നും തന്നെ ഇവിടെയാര്‍ക്കും ശേഷിക്കുന്നില്ല. ഇപ്പോഴതൊന്നും ആലോചിക്കാന്‍ സമയമില്ല. സാധിക്കുന്ന അത്രയും പേരെ ജീവനോടെ കിട്ടുമോയെന്ന് നോക്കണം. പ്രിയപ്പെട്ടവരെ കാത്ത്, മൃതദേഹമെങ്കിലും കിട്ടുമോയെന്ന് നോക്കി ഇരിക്കുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. ചിലരെല്ലാം തിരച്ചിലിന് ഒപ്പം കൂടിയിട്ടുണ്ട്.

ചൂരല്‍ മല പാലം ഒലിച്ച് പോയതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്. ഇപ്പോള്‍ കോപ്റ്ററുകള്‍ എത്തി, താല്‍ക്കാലികമായി നിര്‍മിച്ച പാലവും ഉണ്ട്. ഹെലികോപ്റ്റര്‍ രാവിലെ തന്നെ എത്തിയിരുന്നു. ഇതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത രണ്ടര മണിക്കൂറിനകം ഇവിടുത്തെ മൊത്തം സ്ഥിതിഗതികളെ കുറിച്ച് കൃത്യമായ ധാരണ കിട്ടും. അത്രയും വേഗത്തിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഇതിനൊപ്പം തന്നെ ചാലിയാര്‍ പുഴയില്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചിലും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. രാവിലെ 7 മണിയ്ക്ക് തന്നെ തിരിച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ 30ലധികം പേരുടെ മൃതദേഹങ്ങളാണ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. ചൂരല്‍മലയില്‍ നിന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കൂടിയാണ് ചാലിയാറിലേക്ക് മൃതദേഹങ്ങള്‍ ഒഴുകി എത്തിയതെന്നും അദ്ദേഹം പറഞ്ഞു

 

English Summary: Rescue and search operation underway in Wayanad’s Chooralmala

Wayanad’s Chooralmala landslide

×