കാലാവസ്ഥാ പ്രതിസന്ധി മനുഷ്യരുടെ ആരോഗ്യത്തെയും ജീവിതത്തെയും എത്രമാത്രം ദോഷകരമായി ബാധിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന ഒരു സുപ്രധാന പഠനത്തെ കുറിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിന്റെ നേതൃത്വത്തില്‍, ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച്, 70-ല്‍ അധികം അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നും യുഎന്‍ ഏജന്‍സികളില്‍ നിന്നുമുള്ള 128 വിദഗ്ദ്ധര്‍ തയ്യാറാക്കിയ ലോഞ്ചെറ്റ് കൗണ്ട്ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് 2025 എഡിഷനിലാണ് സുപ്രധാനമായ വിവരങ്ങള്‍ ഉള്ളത്.
ഈ റിപ്പോര്‍ട്ടിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം;
വര്‍ദ്ധിച്ചു വരുന്ന ചൂട് കാരണം ഓരോ മിനിറ്റിലും ഒരാള്‍ വീതം ലോകത്ത് മരിക്കുന്നു എന്നതാണ്.
1990-കള്‍ക്ക് ശേഷം, ചൂടുകൊണ്ടുള്ള മരണനിരക്ക് 23% വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2012 നും 2021 നും ഇടയില്‍, പ്രതിവര്‍ഷം ശരാശരി 5,46,000 മരണങ്ങള്‍ ചൂടേറ്റ് സംഭവിച്ചു. അതായത്, ഒരു വര്‍ഷം മുഴുവനും ഏകദേശം ഓരോ മിനിറ്റിലും ഒരു മരണം!
ലോകം ഫോസില്‍ ഇന്ധനങ്ങളോടുള്ള (കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം) ആസക്തി തുടരുന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം.
ഫോസില്‍ ഇന്ധനങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിനും കാട്ടുതീയ്ക്കും പുറമെ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പടരുന്നത് ഉള്‍പ്പെടെയുള്ള ദോഷങ്ങള്‍ക്ക് കാരണമാകുന്നു.
എന്നാല്‍ ചൂടേറ്റുള്ള മരണം ഒഴിവാക്കാന്‍ കഴിയുന്ന ദുരന്തമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വര്‍ഷം തോറും ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം, ആഗോള താപനം തടയാന്‍ നടപടി എടുക്കാത്തതിനാലാണ്.
അന്തരീക്ഷ മലിനീകരണം കാരണം മാത്രം വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമ്പോഴും ഭരണകൂടങ്ങള്‍ ചെയ്യുന്നത് ഫോസില്‍ കമ്പനികളെ സഹായിക്കലാണ്.
2023-ല്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പ്രതിദിനം 2.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 20,800 കോടി രൂപ) ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കുന്നുണ്ട്.
അതേസമയം, കഠിനമായ ചൂട് കാരണം കൃഷിയിടങ്ങളിലും നിര്‍മ്മാണ സ്ഥലങ്ങളിലും ആളുകള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ വരുന്നതുകൊണ്ട്, ഏകദേശം അതേ തുകയുടെ നഷ്ടമാണ് ജനങ്ങള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
2023-ല്‍ സര്‍ക്കാരുകള്‍ ആകെ 956 ബില്യണ്‍ ഡോളര്‍ ഫോസില്‍ ഇന്ധന സബ്സിഡിക്കായി നല്‍കി. ഇത് കാലാവസ്ഥാ ദുര്‍ബല രാജ്യങ്ങളെ സഹായിക്കാന്‍ യുഎന്‍ വാഗ്ദാനം ചെയ്ത 300 ബില്യണ്‍ ഡോളര്‍ എന്ന തുകയേക്കാള്‍ വളരെ വലുതാണ്.
ചൂട് മനുഷ്യ ജീവനെടുക്കുന്നതിനൊപ്പം ലോകത്തുണ്ടാക്കുന്ന മറ്റ് ദോഷങ്ങളാണ് തൊഴില്‍ സമയത്തിലുണ്ടാകുന്ന നഷ്ടവും അതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും. ഉയര്‍ന്ന താപനില കാരണം 2024-ല്‍ ലോകമെമ്പാടും 639 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍ സമയം നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.
ഏറ്റവും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളുടെ ദേശീയ ജിഡിപിയുടെ 6% വരെ നഷ്ടത്തിന് ഇത് കാരണമായിട്ടുണ്ട്.
ചൂടും വരള്‍ച്ചയും വിളകളെയും കന്നുകാലികളെയും നശിപ്പിക്കുകയാണ്. 2023-ല്‍, 1981-നും 2010-നും ഇടയിലെ ശരാശരിയെ അപേക്ഷിച്ച് 123 ദശലക്ഷം ആളുകള്‍ക്ക് (12.3 കോടി) കൂടുതല്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടി വന്നു.
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കാരണം കാട്ടു തീ വര്‍ദ്ധിക്കുകയും പുക കാരണം 2024-ല്‍ 1,54,000-ല്‍ അധികം പേര്‍ മരണപ്പെട്ടുവെന്നാണ് മറ്റൊരു ഭയപ്പെടുത്തുന്ന കണക്ക്.
അതേസമയം പ്രതീക്ഷ നല്‍കുന്ന ചില കാര്യങ്ങളും ലോകത്ത് നടക്കുന്നുണ്ട്.
അതില്‍ പ്രധാനം കല്‍ക്കരി ഉപയോഗത്തിലുണ്ടായി കുറവാണ്. 0കഴിഞ്ഞ ദശകത്തില്‍ കല്‍ക്കരി ഉപയോഗം കുറച്ചതിലൂടെ പ്രതിദിനം ഏകദേശം 400 ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുതിയ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ (Renewable Energy) ഉത്പാദനം വേഗത്തില്‍ കൂടുന്നതും ലോകത്തിന്റെ ഭാവിയ്ക്ക് സഹായകരമാണ്.
ക്ലീന്‍ എനര്‍ജി, നഗരങ്ങളെ കാലാവസ്ഥയ്ക്കനുസരിച്ച് മാറ്റിയെടുക്കല്‍, ആരോഗ്യകരമായ ഭക്ഷണരീതികള്‍ തുടങ്ങിയ പരിഹാരങ്ങളും പ്രതീക്ഷ നല്‍കി കൊണ്ട് ലോകത്ത് നടക്കുന്നുണ്ട്.
സാധാരണ ജനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ആരോഗ്യമേഖലയും നടത്തുന്ന ശ്രമങ്ങളും ലോകത്തെ രക്ഷിക്കുമെന്ന് കരുതാം.
ഡൊണാള്‍ഡ് ട്രംപിനെ പോലുള്ള നേതാക്കള്‍ കാലാവസ്ഥാ നയങ്ങള്‍ അട്ടിമറിക്കുന്നതും എണ്ണക്കമ്പനികള്‍ പുതിയ കരുതല്‍ ശേഖരങ്ങള്‍ ചൂഷണം ചെയ്യുന്നത് തുടരുന്നതും ലോകത്തിന്റെ ആരോഗ്യത്തിന് വരുത്തുന്ന ദോഷങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ്, ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും സമഗ്രമെന്ന്ു പറയാവുന്ന ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
അതുകൊണ്ട് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതുപോലെ, ഫോസില്‍ ഇന്ധനങ്ങളുടെ ധനസഹായം നിലവിലെ നിരക്കില്‍ തുടരുകയാണെങ്കില്‍, ആരോഗ്യമുള്ള ഒരു ഭാവി ലോകത്തിന് അസാധ്യമാണ്.
Content Summary; Rising global heat killing one person a minute around the world, study say
This post was last modified on October 29, 2025 6:15 pm
Leave a Comment