ലോകകാര്യങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ഒരു ആഗോള സൂപ്പര്‍ പവറില്‍ നിന്ന് ഒരു മാര്‍പാപ്പയെ സഭ ഒരിക്കലും തിരഞ്ഞെടുക്കില്ലെന്നത് ദീര്‍ഘകാല വിശ്വാസമായിരുന്നു. റോമന്‍ കത്തോലിക്കാ സഭയുടെ 267-ാമത് പോപ്പായി റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടതോടെ ആ വിശ്വാസം ഇല്ലാതായി. അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പാണ് ലിയോ പതിനാലാമന്‍ എന്ന മാര്‍പാപ്പ നാമം സ്വീകരിച്ച പ്രവോസ്റ്റ്. വത്തിക്കാന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട പുതിയ മാര്‍പാപ്പയുടെ ആദ്യ വാക്കുകള്‍ ലോക സമാധാനത്തെയും കത്തോലിക്ക സഭയുടെ ഐക്യത്തെയും പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. അഗസ്റ്റീനിയന്‍ ക്രമം(കത്തോലിക്ക സഭയ്ക്കുള്ളില്‍ വിശുദ്ധ അഗസ്റ്റിന്റെ ഭരണം പിന്തുരുന്ന മത ക്രമം) പിന്തുടരുന്ന 69 കാരനാണ് പുതിയ മാര്‍പാപ്പ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, വ്യാഴാഴ്ച്ച വൈകുന്നേരം വരെ വടക്കേ അമേരിക്കയില്‍ നിന്നൊരു മാര്‍പാപ്പ കത്തോലിക്ക സഭയ്ക്ക് ഉണ്ടാകുമെന്നത് തീര്‍ത്തും അസംഭവ്യമെന്ന് കരുതിയതാണ്. ഒരു രാഷ്ട്രീയ സൂപ്പര്‍ പവറായ, ആഗോളതലത്തില്‍ ആധിപത്യം പുലര്‍ത്തുന്ന, സാംസ്‌കാരിക, മതേതര സ്വാധീനമുള്ള ഒരു രാജ്യത്ത് നിന്നും ഒരു മാര്‍പാപ്പ ഉണ്ടാകേണ്ടതില്ലെന്ന കാഴ്ചപ്പാട് വത്തിക്കാനുണ്ടായിരുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ തന്നെയായിരുന്നു ഒരു യു എസ് പോപ്പിനെതിരായ വത്തിക്കാന്റെ ദീര്‍ഘകാല എതിര്‍പ്പിന് പിന്നിലും. എന്നാല്‍ ആ എതിര്‍പ്പും നിലപാടുമാണ്, വളരെ ചെറിയ സമയം കൊണ്ട് പൂര്‍ത്തിയാക്കപ്പെട്ട ഒരു കോണ്‍ക്ലേവ്, രണ്ടു വര്‍ഷത്തെ കര്‍ദിനാള്‍ സ്ഥാനപരിചയം മാത്രമുള്ള പ്രവോസ്റ്റിനെ തിരഞ്ഞെടുത്തുകൊണ്ട് തിരുത്തിയിരിക്കുന്നത്.
സഭയ്ക്കുള്ളിലെ പുരോഗമന വിഭാഗങ്ങള്‍ പ്രവോസ്റ്റിന്റെ സ്ഥാനാരോഹണത്തെ സ്വാഗതം ചെയ്യുമെങ്കിലും, യാഥാസ്ഥിതികരും ട്രംപ് അനുഭാവികളുമായ അമേരിക്കന്‍ കര്‍ദ്ദിനാള്‍മാരില്‍ ചിലര്‍ പ്രതീക്ഷിച്ചിരുന്നത് ഇങ്ങനെയൊരു വാര്‍ത്തയായിരുന്നില്ല. 1955 സെപ്റ്റംബര്‍ 14 ന് ചിക്കാഗോയില്‍ ജനിച്ചുവെങ്കിലും, പ്രെവോസ്റ്റ് ഒരിക്കലും ഒരു സാധാരണ യുഎസ് കത്തോലിക്കാ പുരോഹിതനായിരുന്നില്ല. അദ്ദേഹം പെറുവിയന്‍ പൗരത്വം ഉള്ളൊരാള്‍ കൂടിയാണ്. 1981ല്‍ തന്റെ വിശുദ്ധ വ്രതം അനുഷ്ഠിച്ച് റോമില്‍ പഠിച്ച ശേഷം, അദ്ദേഹത്തെ പെറുവിലെ ഒരു മിഷനിലേക്ക് അയക്കുകയായിരുന്നു. പെറുവിലെ മൂന്നാമത്തെ നഗരമായ ട്രൂജില്ലോയിലെ ഒരു സെമിനാരിയില്‍ ജുഡീഷ്യല്‍ വികാരിയായും കാനോന്‍, പാട്രിസ്റ്റിക്, സദാചാര നിയമങ്ങളുടെ പ്രൊഫസറായും അദ്ദേഹം വര്‍ഷങ്ങളോളം അവിടെ ചെലവഴിച്ചു, 2014 നവംബറില്‍ മറ്റൊരു വടക്കന്‍ നഗരമായ ചിക്ലായോയുടെ ബിഷപ്പായി നിയമിതനായി. ഇടതുപക്ഷ വിമോചന ദൈവശാസ്ത്ര വക്താക്കളും പരമ്പരാഗത കത്തോലിക്കരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വലയം ചെയ്തു നില്‍ക്കുന്നതാണ് പെറുവിലെ കത്തോലിക്ക സഭ. അവിടെയാണ് പ്രവോസ്റ്റ് തന്റെ പൗരോഹിത്. ജീവിതം നയിച്ചത്. അക്കാലം മുതല്‍ പ്രവോസ്റ്റിനെ അറിയുന്നവരുടെ മനസില്‍, പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സഹ പുരോഹിതന്മാരോടൊപ്പം പ്രഭാതഭക്ഷണത്തിന് ഇരിക്കുമായിരുന്ന ശാന്തനും ഉറച്ച നിലപാടുള്ളവനുമായ ഒരു നേതാവിനെയാണ് ഓര്‍മ വരുന്നത്.
‘എത്ര പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും, അദ്ദേഹം എപ്പോഴും നല്ല നര്‍മ്മബോധവും സന്തോഷവും നിലനിര്‍ത്തുന്നു,’ എന്നാണ് ചിക്ലായോയിലെ പ്രെവോസ്റ്റിന്റെ പഴയ രൂപതയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ റവ. ഫിഡല്‍ പുരിസാക്ക വിജില്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറയുന്നത്.
2023 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രവോസ്റ്റിന്റെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. അര്‍ജന്റീനീയന്‍ ജെസ്യൂട്ട് ആയിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട വെല്ലുവിളികള്‍ തന്നെയായിരുന്നു പ്രിവോസ്റ്റും നേരിട്ടിരുന്നത്. അക്രമം, അടിച്ചമര്‍ത്തലുകളും നിറഞ്ഞ പ്രക്ഷുബ്ദമായ 1970 കളില്‍ അര്‍ജന്റീനയില്‍ ജെസ്യൂട്ടുകളുടെ നേതാവായിരുന്ന കാലത്ത്, വ്യത്യസ്ത ദൈവശാസ്ത്ര വീക്ഷണങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്നതിന്റെ അനുഭവ പരിചയം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഉണ്ടായിരുന്നതുപോലെ തന്നെ പ്രവോസ്റ്റിനും ഉണ്ടായിട്ടുണ്ട്.
ലാറ്റിന്‍ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ്, ലോകമെമ്പാടുമുള്ള പുതിയ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് എന്നീ ചുമതലകളായിരുന്നു വത്തിക്കാനില്‍ ഇതുവരെ പ്രവോസ്റ്റിന് കിട്ടിയിരുന്ന ഉയര്‍ന്ന ചുമതലകള്‍. അവിടെ നിന്നാണ് വ്യാഴാഴ്ച്ചത്തെ വൈകുന്നേരം അദ്ദേഹത്തെ ആഗോള കത്തോലിക്ക സഭയുടെ തലവനായി ഉയര്‍ത്തിയത്. ലാറ്റിന്‍ അമേരിക്കയുമായുള്ള അദ്ദേഹത്തിന്റെ ശക്തമായ ബന്ധവും, സഭയില്‍ അദ്ദേഹം അടുത്തിടെ വഹിച്ച സ്ഥാനങ്ങളുമായിരിക്കാം, ഒരു യുഎസ് പോപ്പ് എന്ന ആശയം അംഗീകരിക്കാത്തവര്‍ക്കുപോലും അദ്ദേഹത്തെ പ്രിയങ്കരനാക്കിയതെന്നാണ് അനുമാനിക്കപ്പെടുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു പ്രിവോസ്റ്റ് എന്നാണ് അറിയാന്‍ കഴിയുന്നത്. പ്രവോസ്റ്റിന്റെ തിരഞ്ഞെടുപ്പ് പലര്‍ക്കും അത്ഭുതമാകുമ്പോള്‍ തന്നെ, ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ മുന്‍ഗാമിയുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാകുമെന്നു വിശ്വസിക്കുന്നവരുമുണ്ട്.
പ്രവോസ്റ്റിന്റെ തിരഞ്ഞെടുപ്പിനെ പ്രശംസിച്ചുകൊണ്ട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നിട്ടുണ്ട്. അമേരിക്കയ്ക്ക് കിട്ടിയ ബഹുമതി എന്നാണ് ട്രംപിന്റെ വിശേഷണം. ഫ്രാന്‍സിസ് മാര്‍പാപ്പയോട് അത്ര രസത്തിലായിരുന്നില്ല ട്രംപ്. കുടിയേറ്റകാര്യത്തില്‍ ഉള്‍പ്പെടെ ട്രംപിന്റെ വിമര്‍ശകനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അപൂര്‍വമായി മാത്രമായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിട്ടുള്ളതും. പുതിയ ബിഷപ്പ് സ്വന്തം രാജ്യക്കാരനായതുകൊണ്ട് ട്രംപ് എങ്ങനെയായിരിക്കും അദ്ദേഹത്തെ സമീപിക്കുകയെന്നത് കാത്തിരുന്ന് അറിയേണ്ടതാണ്. Robert Francis Prevost who has chosen the papal name leo xiv make history as the first american pope
Content Summary; Robert Francis Prevost who has chosen the papal name leo xiv make history as the first american pope
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.