February 14, 2025 |

ഹര്‍ദിക്, ഈ മുത്തം ഞങ്ങളെല്ലാവരും ചേര്‍ന്ന് തരുന്നതാണ്

ഒരുപക്ഷേ പാണ്ഡ്യയോളം സമ്മര്‍ദ്ദം നേരിട്ടിരുന്ന മറ്റൊരു കളിക്കാരനും ഈ ലോകകപ്പില്‍ കളിച്ചു കാണില്ല

ഏറ്റവും മനോഹരമായ കാഴ്ച്ചയായിരുന്നു അത്. ഓരോ ഇന്ത്യക്കാരനെയും വികാരാധീതനാക്കിയ കാഴ്ച്ച. മത്സരശേഷം നാസര്‍ ഹുസൈനുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. ലോകത്തിലേക്ക് തുറന്നു വച്ചിരിക്കുന്ന കാമറയ്ക്ക് മുന്നിലേക്ക് ആ സമയം സ്വപ്‌നം വിജയിച്ചവന്റെ ഭാവത്തോടെ കടന്നു വന്ന രോഹിത് ശര്‍മ ഹര്‍ദിക്കിനെ തന്നോട് ചേര്‍ത്ത് പിടിച്ച് കവിളില്‍ ഹൃദയം തൊട്ട് ഒരു ചുംബനം നല്‍കുന്നു. രോഹിത്തിനെ ചേര്‍ത്ത് പിടിച്ചിരുന്ന ഹര്‍ദിക്കിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു കാലത്തും ഒരിന്ത്യന്‍ ക്രിക്കറ്റ് ആരാധകനും മറിക്കില്ലാത്ത മുഹൂര്‍ത്തം.

ഐപിഎല്ലിന്റെ കയ്‌പ്പേറിയ അനുഭവം ഹര്‍ദിക്കിനെ പാടെ തകര്‍ത്തിരുന്നുവെന്നു വ്യക്തം. ലോകകപ്പ് ടീമില്‍ അയാള്‍ വേണോ എന്ന് ആരാധകര്‍ ആക്രോശിച്ചിരുന്നു. സ്വന്തം ടീമില്‍ നിന്നു പോലും അയാള്‍ക്ക് പൂര്‍ണ പിന്തുണ കിട്ടിയിരുന്നില്ല. ഈ ലോകപ്പ് ഹര്‍ദിക്കിന് നിര്‍ണായകമായിരുന്നു. അയാള്‍ക്കിതൊരു വലിയ പരീക്ഷണമായിരുന്നു. അതിലയാള്‍ വിജയിച്ചിരിക്കുന്നു. വിജയശേഷം ഓരോ തവണയും ഹര്‍ദിക്കിനെ കാമറയില്‍ കാണുമ്പോഴെല്ലാം ക്രിക്കറ്റ് ആരാധകര്‍ക്ക് നെഞ്ചിലൊരു വിങ്ങല്‍ വന്നിട്ടുണ്ടാകും. നിന്നെ ഞങ്ങള്‍ വെറുക്കുന്നില്ല, നീ ഞങ്ങള്‍ക്കെല്ലാമാണ് എന്ന് പറയാന്‍ തോന്നിയിട്ടുണ്ടാകും. കോടിക്കണക്കിന് മനുഷ്യരുടെ മനോവിചാരം നേരിട്ട് പ്രകടിപ്പിച്ചെന്നപോലെയായിരുന്നു രോഹിതിന്റെ ആ മുത്തം. ആ സ്‌നേഹ സമ്മാനം സ്വീകരിക്കവെ വിങ്ങിപ്പൊട്ടിയിരുന്നൊരു മനസിന്റെ പ്രതിഫലനാമാകം ഹര്‍ദിക്കിന്റെ മുഖത്തും കണ്ണുകളിലും നമ്മള്‍ കണ്ടത്.

‘ ഇത് വളരെ വൈകാരികമാണ്. ചിലതൊന്നും ശരിയായിരുന്നില്ല, പക്ഷേ, ഇത് രാജ്യം മുഴുവന്‍ ആഗ്രഹിച്ച ഒന്നായിരുന്നു. പ്രത്യേകിച്ച് എനിക്ക്. കഴിഞ്ഞ ആറു മാസമായി ഒരു വാക്ക് പോലും ഞാന്‍ മിണ്ടിയിരുന്നില്ല. കാര്യങ്ങള്‍ ശരിയായ വഴിയ്ക്കായിരുന്നില്ല, പക്ഷേ അപ്പോഴും എനിക്കറിയാമായിരുന്നു എനിക്ക് തിളങ്ങാനുള്ള സമയവും വരുമെന്ന്’ താന്‍ അനുഭവിച്ചു കഴിഞ്ഞതും ഇനി അനുഭവിക്കാന്‍ പോകുന്നതുമായി കാര്യങ്ങളുടെ സംക്ഷിപ്ത വിവരണമായിരുന്നു പാണ്ഡ്യ നടത്തിയത്.

രോഹിത്തിനെ മാറ്റി മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഓരോ മത്സരങ്ങള്‍ക്കിടയിലും പാണ്ഡ്യയ്ക്ക് കേള്‍ക്കേണ്ടി വന്നത് ഗാലറിയില്‍ നിന്നുയര്‍ന്ന കൂവലുകളായിരുന്നു. ബാറ്ററും ബൗളറും ആയ പാണ്ഡ്യ, തന്റെ കഴിവിനൊത്ത പ്രകടനങ്ങള്‍ക്ക് പരാജയപ്പെടുകയും, താന്‍ നയിക്കുന്ന ടീം തുടര്‍ച്ചയായി തോല്‍ക്കുകയും ചെയ്തതോടെ എല്ലാവര്‍ക്കും മുന്നില്‍ പരിഹാസ്യനും വില്ലനുമായി. ഒരുപക്ഷേ, ഈ ലോകകപ്പിനായി വന്ന കളിക്കാരില്‍ പാണ്ഡ്യയോളം സമ്മര്‍ദ്ദം അനുഭവിച്ചിരുന്ന വേറൊരു കളിക്കാനും ഇന്ത്യ ടീമിലോ മറ്റേതെങ്കിലും ടീമിലോ ഉണ്ടായിരിക്കില്ല.

ബൗളിംഗ് പോരായ്മ പരിഹരിക്കാതെ പാണ്ഡ്യയെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണോ എന്ന ചര്‍ച്ചകള്‍ പോലും നടന്നിരുന്നു. തന്റെ ബൗളിംഗിനെ വിമര്‍ശിച്ചവരുടെ മുന്നിലാണ്, അവസാന ഓവറില്‍ 16 റണ്‍സ് എന്ന- ട്വന്റി-20യില്‍ നിസ്സാരമായൊരു വിജയലക്ഷ്യത്തെ-അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ എന്ന മീഡിയം പേസര്‍ തടഞ്ഞിട്ടതും ഏഴ് റണ്‍സിന്റെ വിജയത്തിലൂടെ ഇന്ത്യക്ക് ലോക കിരീടം ഉറപ്പിച്ചതും. മുംബൈ ഇന്ത്യന്‍സില്‍ താന്‍ മൂലം നായക കിരീടം നഷ്ടപ്പെട്ട രോഹിത്തിന്, ഇന്ത്യന്‍ നായകനായി ഒരു ലോകകിരീടം നേടിക്കൊടുക്കാന്‍ കൂടി പാണ്ഡ്യക്ക് കഴിഞ്ഞെന്നു വിശ്വസിക്കാം. അതും രോഹിതിന്റെ കീഴില്‍ ഉപനായകനായി നിന്നുകൊണ്ട്. അതുമാത്രമല്ല, ലോക ക്രിക്കറ്റില്‍ ഇന്ന് അത്രയധികമൊന്നും ഇല്ലാത്ത ഫാസ്റ്റ് ബൗളര്‍ ഓള്‍ റൗണ്ടര്‍മാരില്‍ മുന്നില്‍ തന്നെയാണ് താന്‍ നില്‍ക്കുന്നതെന്നു കൂടി അയാള്‍ തെളിയിച്ചിരിക്കുകയാണ്. ഇനിയും സംശയമൊന്നും വേണ്ട, രോഹിത് ഒഴിഞ്ഞ ട്വന്റി-20 യില്‍ മാത്രമല്ല, മൂന്നു ഫോര്‍മാറ്റിലും ഹര്‍ദിക് തന്നെയാകും ഇനി ടീം ഇന്ത്യയെ നയിക്കാന്‍ പോകുന്നത്. അതിനുള്ള യോഗ്യത പാണ്ഡ്യ നേടിക്കഴിഞ്ഞു. rohit sharma kisses hardik pandya after india win t20 world cup final

Content Summary; rohit sharma kisses hardik pandya after india win t20 world cup

×